ADVERTISEMENT

‘മുഹമ്മദ് അസ്ഹറുദ്ദീനെന്ന് പേരുള്ള അസാമാന്യ പ്രതിഭയുള്ള ഒരു താരത്തെ ഞാൻ വർഷങ്ങൾക്കു മുൻപ് കണ്ടിട്ടുണ്ട്. ഇപ്പോൾ, അതേ പേരിലുള്ള മറ്റൊരു അസാമാന്യ പ്രതിഭയെ കണ്ടെത്തിയിരിക്കുന്നു. ചില മികച്ച ഷോട്ടുകൾ അദ്ദേഹത്തിന്റെ കൈവശമുണ്ട്’ – ക്രിക്കറ്റ് ലോകത്ത് കമന്റേറ്ററെന്ന നിലയിൽ ചിരപരിചിതനായ ഹർഷ ഭോഗ്‍ലെ ഇന്നലെ ട്വിറ്ററിൽ കുറിച്ച വാക്കുകൾ! സച്ചിൻ തെൻഡുൽക്കറും വിരാട് കോലിയും ഉൾപ്പെടെ ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ പ്രകടനത്തിന് നേരിട്ട് സാക്ഷ്യം വഹിച്ചൊരാൾ, അതിന് വാക്കുകളുടെ അകമ്പടി നൽകിയൊരാൾ, അവരുടെ പ്രകടനങ്ങളെ ഇഴകീറി പരിശോധിക്കുന്ന ഒരാൾ ഇത്തരത്തിൽ എഴുതണമെങ്കിൽ അയാളൊരു അസാമാന്യ പ്രതിഭയായിരിക്കേണ്ടേ?

സംശയിക്കേണ്ട, അയാളൊരു അസാമാന്യ പ്രതിഭ തന്നെയാണ്! സംശയമുള്ളവർക്ക് ബുധനാഴ്ച നടന്ന കേരള – മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിന്റെ ഹൈലൈറ്റ്സ് കാണാം. ഇന്ത്യൻ ക്രിക്കറ്റിലേക്ക്, ഒരുപക്ഷേ ലോക ക്രിക്കറ്റിലേക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഒരു മിന്നുംതാരം കാലെടുത്തുവച്ച കാഴ്ചയ്ക്കാണ് ഈ മത്സരം സാക്ഷ്യം വഹിച്ചത്. മുംബൈയുടെ കരുത്തൻ ബോളിങ്ങിനെതിരെ തകർത്തടിച്ച് വാങ്കഡെയിൽ മുഹമ്മദ് അസ്ഹറുദ്ദീനെന്ന കാസർകോട്ടുകാരൻ നേടിയത് 54 പന്തിൽ 137 റണ്‍സ്. മുംബൈ താരങ്ങൾക്ക് പുറത്താക്കാനാകാതെ പോയ അസ്ഹർ അടിച്ചുകൂട്ടിയത് ഒൻപത് ഫോറും 11 സിക്സും! ബൗണ്ടറികളിലൂടെ മാത്രം താരം സെഞ്ചുറിയിലെത്തി!

മുഹമ്മദ് അസ്ഹറുദ്ദീനെന്ന ഇരുപത്താറുകാരന്റെ മിന്നൽ പ്രകടനം ഉള്ളറിഞ്ഞ് ആസ്വദിച്ചെന്ന് സാക്ഷ്യപ്പെടുത്തി ആ ഇന്നിങ്സിന് തൊട്ടുപിന്നാലെ രംഗത്തെത്തിയ ഒരാളുണ്ട്; സാക്ഷാൽ വീരേന്ദർ സേവാഗ്! ട്വിറ്ററിലൂടെയാണ് അസ്ഹറുദ്ദീനെ പുകഴ്ത്തി സേവാഗിന്റെ രംഗപ്രവേശം. മുഹമ്മദ് അസ്ഹറുദ്ദീന്‍ കൊടുങ്കാറ്റായി വീശിയടിച്ചതോടെ വാങ്കഡെയിൽ ഒരുപിടി റെക്കോർഡുകളും കടപുഴകി. വെറും 37 പന്തിൽനിന്ന് സെഞ്ചുറിയിലെത്തിയ അസ്ഹറുദ്ദീൻ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ മൂന്നാമത്തെ ട്വന്റി20 സെഞ്ചുറി എന്ന നേട്ടത്തിനൊപ്പമെത്തി. 

2018ൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരെ വെറും 32 പന്തിൽനിന്ന് സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെ പേരിലാണ് വേഗമേറിയ സെഞ്ചുറിയുടെ ഇന്ത്യൻ റെക്കോർഡ്. രണ്ടാം സ്ഥാനത്ത് രോഹിത് ശർമയാണ്. 2017ൽ ശ്രീലങ്കയ്‌ക്കെതിരെ 35 പന്തിൽ രോഹിത് സെഞ്ചുറി തികച്ചിരുന്നു. 2010ൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിനുവേണ്ടി 37 പന്തിൽ സെഞ്ചുറിയടിച്ച യൂസഫ് പഠാന്റെ റെക്കോർഡിന് ഒപ്പമെത്തി അസ്ഹർ.

മാത്രമല്ല, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ കൂടിയാണ് അസ്ഹറുദ്ദീന്റെ 137 റൺസ്. ഈ സീസണിൽത്തന്നെ മണിപ്പൂരിനെതിരെ മേഘാലയയ്ക്കുവേണ്ടി പുറത്താകാതെ 149 റൺസടിച്ച പുനീത് ബിഷ്തിന്റെ പേരിലാണ് റെക്കോർഡ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു കേരള താരം സെഞ്ചുറി നേടുന്നതും ഇതാദ്യം. 2012–13ൽ രോഹൻ പ്രേം ഡൽഹിക്കെതിരെ പുറത്താകാതെ നേടിയ 92 റൺസാണ് ഇതിനു മുൻപ് കേരള താരത്തിന്റെ പേരിലുണ്ടായിരുന്ന ഉയർന്ന സ്കോർ.

English Summary: Record breaking batting from Mohammed Azharudheen, Kerala batsman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com