ADVERTISEMENT

ബ്രിസ്ബെയ്ൻ ∙ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മൂന്നാം സെഷൻ പൂർണമായും മഴ കൊണ്ടുപോയതോടെ, കളി നിർത്തുമ്പോൾ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിൽ. ഓസ്ട്രേലിയയുടെ 369 റൺസ് പിന്തുടരുന്ന ഇന്ത്യ രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുത്തിരുന്നു. മൂന്നാം സെഷൻ പൂർണമായും മഴയിൽ ഒലിച്ചുപോയതോടെയാണ് ഇതേ സ്കോറിൽ ഇന്ത്യയ്ക്ക് രണ്ടാം ദിനം ബാറ്റിങ് അവസാനിപ്പിക്കേണ്ട വന്നത്. ഓപ്പണർമാരായ രോഹിത് ശർമ (74 പന്തിൽ ആറു ഫോറുകൾ സഹിതം 44), ശുഭ്മാൻ ഗിൽ (15 പന്തിൽ ഒരു ഫോർ സഹിതം ഏഴ്) എന്നിവരാണ് പുറത്തായത്. ചേതേശ്വർ പൂജാര (49 പന്തിൽ എട്ട്), അജിൻക്യ രഹാനെ (19 പന്തിൽ രണ്ട്) എന്നിവർ ക്രീസിൽ.

ഓസീസ് ബോളർമാരെ പ്രതിരോധിച്ച് ക്രീസിലുള്ള ഇരുവരും ഇതുവരെ നേരിട്ട 37 പന്തുകളിൽനിന്ന് നേടിയത് രണ്ടു റൺസ് മാത്രം. രോഹിത് പുറത്തായതിനുശേഷം ഒരു റണ്ണുപോലും സ്കോർ ചെയ്യാതെ 30 പന്തുകളാണ് ഇവർ നേരിട്ടത്. ഓസീസിനായി പാറ്റ് കമ്മിൻസ്, നഥാൻ ലയോൺ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 307 റൺസ് പിന്നിലാണ് ഇന്ത്യ.

∙ 94 റൺസ്, അഞ്ച് വിക്കറ്റ്

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 274 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസിന്, ആദ്യ സെഷനിൽത്തന്നെ ശേഷിച്ച വിക്കറ്റുകൾ നഷ്ടമായി. ഇന്ന് 94 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് ഓസീസിന് അവസാന അഞ്ച് വിക്കറ്റുകൾ നഷ്ടമായത്. ഇതോടെ, ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ 369 റൺസിൽ ഒതുങ്ങി. ഓസീസ് നിരയിൽ ക്യാപ്റ്റൻ ടിം പെയ്ൻ ഇന്ന് അർധസെഞ്ചുറി പൂർത്തിയാക്കി. 104 പന്തിൽ ആറു ഫോറുകൾ ഉൾപ്പെടുന്നതാണ് പെയ്നിന്റെ അർധസെഞ്ചുറി. ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന ടി.നടരാജൻ, വാഷിങ്ടൻ സുന്ദർ എന്നിവരും ദീർഘകാലത്തിനുശേഷം ടീമിൽ തിരിച്ചെത്തിയ ഷാൽദുൽ താക്കൂറും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ദിനം കളി നിർത്തുമ്പോൾ 37 റൺസുമായി ക്രീസിലുണ്ടായിരുന്ന ടിം പെയ്ന്റെ വിക്കറ്റാണ് ഓസീസിന് രണ്ടാം ദിനം ആദ്യം നഷ്ടമായത്. ഓസീസ് ഇന്നിങ്സിൽ അർധസെഞ്ചുറിയിലെത്തുന്ന രണ്ടാമത്തെ മാത്രം താരമായതിനു പിന്നാലെ പെയ്നെ താക്കൂർ പുറത്താക്കി. രോഹിത് ശർമ ക്യാച്ചെടുത്തു. കാമറൂൺ ഗ്രീനിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കാൻ രണ്ടു റണ്‍സ് കൂടി വേണ്ടപ്പോഴാണ് പെയ്ൻ പുറത്തായത്. തൊട്ടുപിന്നാലെ പെയ്നും മടങ്ങി. 107 പന്തിൽ ആറു ഫോറുകൾ സഹിതം 47 റൺസെടുത്ത ഗ്രീനിനെ വാങിഷ്ടൺ സുന്ദർ ക്ലീൻ ബൗൾഡാക്കി.

പാറ്റ് കമ്മിൻസ് രണ്ടു റൺസുമായി കാര്യമായ പോരാട്ടം കൂടാതെ മടങ്ങിയെങ്കിലും ഒൻപതാം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്ത മിച്ചൽ സ്റ്റാർക്ക് – നഥാൻ ലയോൺ സഖ്യം സ്കോർ 350 കടത്തി. ലയോൺ 22 പന്തിൽ നാലു ഫോറുകൾ സഹിതം 24 റൺസെടുത്ത് പുറത്തായി. ജോഷ് ഹെയ്‍സൽവുഡ് 11 റൺസുമായി നടരാജന് മൂന്നാം വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെയാണ് ഓസീസ് 369ൽ ഒതുങ്ങിയത്. സ്റ്റ്റാർക്ക് 35 പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്നു.

∙ ആദ്യ ദിനം ലബു‘ഷൈൻ’!

നേരത്തെ, മാർനസ് ലബുഷെയ്ന്റെ (108) സെഞ്ചുറി ശോഭയിലാണ് ഇന്ത്യയ്ക്കെതിരായ അവസാന ടെസ്റ്റിന്റെ ഒന്നാംദിനം ഓസ്ട്രേലിയ ഭേദപ്പെട്ട നിലയിലെത്തിയത്. 3 ക്യാച്ചുകൾ കൈവിട്ട് ഇന്ത്യ എതിരാളികളെ നന്നായി സഹായിച്ചു. ഇന്ത്യൻ പേസർ നവ്‍ദീപ് സെയ്നി ബോളിങ്ങിനിടെ പരുക്കേറ്റു പുറത്തുപോയതും ഓസീസിനു ഗുണമായി.  5ന് 274 എന്ന നിലയിലായിരുന്നു ഓസീസ്.

പരുക്കേറ്റ രവീന്ദ്ര ജഡേജ, ഹനുമ വിഹാരി, ജസ്പ്രീത് ബുമ്ര, ആർ.അശ്വിൻ എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ടി.നടരാജനും വാഷിങ്ടൻ സുന്ദറും ഇന്ത്യയ്ക്കായി ടെസ്റ്റിൽ അരങ്ങേറി. മയാങ്ക് അഗർവാളും ഷാർദൂൽ ഠാക്കൂറും പ്ലേയിങ് ഇലവനിലേക്കു വന്നു. തുടർച്ചയായ 3–ാം തവണയും ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുത്തു. 

പരിചയസമ്പത്തില്ലാത്ത ഇന്ത്യൻ പേസ് നിരയുടെ പോരാട്ടവീര്യം കണ്ട കളിയിൽ, മുഹമ്മദ് സിറാജിന്റെ ആദ്യ ഓവറിലെ അവസാന പന്തിൽ ആതിഥേയർ ഞെട്ടി. ഡേവിഡ് വാർണറെ (1) സ്‍ലിപ്പിൽ രോഹിത് ശർമ മനോഹരമായി കയ്യിലൊതുക്കി. ഷാർദൂലിനെ പന്തേൽപിക്കാനുള്ള ക്യാപ്റ്റന്റെ തീരുമാനം ഫലം കണ്ടു. 9–ാം ഓവറിലെ ആദ്യ പന്തിൽ ഓപ്പണർ മാർക്കസ് ഹാരിസ് പുറത്ത്. ഷാർദൂലിനു ടെസ്റ്റിലെ ആദ്യ വിക്കറ്റ്. സ്റ്റീവ് സ്മിത്തിനെ (36) വീഴ്ത്തി വാഷിങ്ടൻ സുന്ദർ ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയതോടെ 3ന് 87 എന്ന നിലയിൽ ഓസീസ് പതറി. തൊട്ടടുത്ത ഓവറിൽ സെയ്നിയുടെ പന്തിൽ ലബുഷെയ്ന്റെ (37) ക്യാച്ച് സ്‍ലിപ്പിൽ അജിൻക്യ രഹാനെ കൈവിട്ടു.

സ്കോർ 49ലും ലബുഷെയ്നു ‘ജീവൻ’ കിട്ടി. മാത്യു വെയ്ഡിനെ (45) പുറത്താക്കി നടരാജൻ ടെസ്റ്റിലെ ആദ്യ വിക്കറ്റ് നേടി. സെഞ്ചുറി തികച്ച ലബുഷെയ്നെ വീഴ്ത്തി 2–ാം വിക്കറ്റ് സ്വന്തമാക്കിയ നടരാജൻ അരങ്ങേറ്റം ഉജ്വലമാക്കി.

English Summary: Australia vs India, 4th Test - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com