ADVERTISEMENT

ബ്രിസ്ബെയ്ൻ∙ പരുക്കുകൾ വലച്ച ഓസ്ട്രേലിയൻ പര്യടനത്തിലെ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് രക്ഷയില്ല! ബ്രിസ്ബെയ്നിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരുക്കേറ്റ പേസ് ബോളർ നവ്ദീപ് സെയ്നിയെ എങ്ങനെയും മത്സര സജ്ജനാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മെഡിക്കൽ ടീം. ഒന്നാം ഇന്നിങ്സിൽ ബോൾ ചെയ്യുന്നതിനിടെയാണ് സെയ്നിക്ക് പരുക്കേറ്റത്. തുടർന്ന് താരത്തെ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു.

ഒന്നാം ദിനത്തിൽത്തന്നെ പരുക്കേറ്റ് കയറിയ സെയ്നി, പിന്നീട് ഇന്ത്യൻ നിരയിൽ ബോളിങ്ങിന് എത്തിയിരുന്നില്ല. പരുക്കിന്റെ പിടിയിലായ പ്രമുഖ താരങ്ങളുടെ അഭാവത്തിൽ നെറ്റ് ബോളറെ വരെ ടീമിൽ ഉൾപ്പെടുത്തി ബ്രിസ്ബെയ്നിൽ കളിക്കുന്ന ഇന്ത്യയ്ക്ക്, സെയ്നിയുടെ പരുക്കുകൂടി താങ്ങാനാകില്ല. ഈ സാഹചര്യത്തിലാണ് ഓസീസ് രണ്ടാം ഇന്നിങ്സ് ആരംഭിക്കും മുൻപ് താരത്തെ ഏതുവിധേനയും കളത്തിലിറക്കാനുള്ള ശ്രമം.

‘സെയ്നിയുടെ കാര്യത്തിൽ മെഡിക്കൽ ടീം പരിശോധനകൾ തുടരുകയാണ്. അദ്ദേഹത്തിന് പരുക്കുണ്ടെന്ന് വ്യക്തമാണ്. എങ്കിലും ഏതെങ്കിലും വിധത്തിൽ രണ്ടാം ഇന്നിങ്സിനു മുന്നോടിയായി അദ്ദേഹത്തെ ബോളിങ്ങിന് സജ്ജനാക്കാനുള്ള ശ്രമത്തിലാണ് ടീമിന്റെ മെഡിക്കൽ സംഘം’ – ബിസിസിഐ പ്രതിനിധി വാർത്താ ഏ‍ജൻസിയായ എഎൻഐയോടു പറഞ്ഞു.

മൂന്നാം ടെസ്റ്റിനിടെ പരുക്കേറ്റ ജസ്പ്രീത് ബുമ്ര, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഹനുമ വിഹാരി തുടങ്ങിയ താരങ്ങളെ കൂടാതെയാണ് ഇന്ത്യ നാലാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, കെ.എൽ. രാഹുൽ എന്നിവരെ അതിനു മുൻപു തന്നെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഇതിനു പുറമെയാണ് കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റൻ വിരാട് കോലിയുടെ അസാന്നിധ്യം.

പ്രമുഖ താരങ്ങൾ കൂട്ടത്തോടെ പുറത്തായ സാഹചര്യത്തിൽ നാലാം ടെസ്റ്റിൽ പേസ് ബോളർ ടി.നടരാജൻ, വാഷിങ്ടൺ സുന്ദർ എന്നിവർക്ക് ടീം ഇന്ത്യ അരങ്ങേറ്റത്തിന് അവസരമൊരുക്കിയിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ നെറ്റ് ബോളർമാരായി മാത്രം ടീമിൽ ഉൾപ്പെട്ടവരാണ് ഇവർ. പരമ്പരയ്‌ക്കിടെ പ്രധാന താരങ്ങൾക്ക് പരുക്കേറ്റതോടെയാണ് ഇവർക്ക് ടീമിൽ അവസരം ലഭിച്ചത്. ഇവർക്കു പുറമെ നവ്ദീപ് സെയ്നി, മുഹമ്മദ് സിറാജ് എന്നിവരും ഈ പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചവരാണ്.

English Summary: Indian medical team working overtime to ensure injured Navdeep Saini can return in 2nd innings of Gabba Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com