ADVERTISEMENT

മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ചരിത്രവിജയത്തിന്റെ ആരവമടങ്ങും മുൻപേ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് സിലക്ടർമാർ. വിരാട് കോലിയുെട നേതൃത്വത്തിലുള്ള പതിനെട്ടംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇവർക്കു പുറമെ സ്റ്റാന്റ് ബൈകളായും നെറ്റ് ബോളർമാരായും അഞ്ച് പേരെ വീതം ടീമിനൊപ്പം ചേർത്തിട്ടുണ്ട്. ഓസ്ട്രേലിയയിൽ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ടി. നടരാജൻ, നവ്ദീപ് സെയ്നി എന്നിവർ ഇത്തവണ ടീമിലില്ല. ജസ്പ്രീത് ബുമ്ര തിരിച്ചെത്തിയതോടെയാണിത്. അതേസമയം, സ്പിന്നർ അക്സർ പട്ടേലിന് ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളി ലഭിച്ചു.

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ വിരാട് കോലി നായക സ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ, ഓസ്ട്രേലിയയിൽ ഇന്ത്യയെ നയിച്ച അജിൻക്യ രഹാനെ ഉപനായക സ്ഥാനത്തേക്ക് മാറും. നിലവിൽ തമിഴ്നാടിനു കളിക്കുന്ന മലയാളി താരം സന്ദീപ് വാരിയരെ നെറ്റ് ബോളറായി ടീമിനൊപ്പം ചേർത്തിട്ടുണ്ട്. ആന്ധ്രപ്രദേശ് താരം കെ.എസ്. ഭരതിന്റെ സാന്റ് ബൈ കീപ്പറായി തിരഞ്ഞെടുത്തതും ശ്രദ്ധേയം.

ഓസീസ് പര്യടനത്തിനിടെ ടീമിനൊപ്പം ചേർന്ന രോഹിത് ശർമ ടീമിൽ സ്ഥാനം നിലനിർത്തി. ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ എന്നിവരും ഓപ്പണർമാരായി ടീമിൽ ഇടംപിടിച്ചപ്പോൾ, പൃഥ്വി ഷാ പുറത്തായി. മധ്യനിരയിൽ കാര്യമായ അഴിച്ചുപണികളില്ല. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവാണ് ഏറ്റവും ശ്രദ്ധേയം. ഓസീസ് പര്യടനത്തിനിടെ പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ കെ.എൽ. രാഹുലും ടീമിലുണ്ട്. പേസ് ബോളിങ് വിഭാഗത്തിൽ ജസ്പ്രീത് ബുമ്രയാണ് പ്രധാന മുഖം. ഇഷാന്ത് ശർമയുടെ തിരിച്ചുവരവും ശ്രദ്ധേയം. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവർ പരുക്കേറ്റ് പുറത്താണ്. മുഹമ്മദ് സിറാജ്, ശാർദൂൽ താക്കൂർ എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തി. ടി.നടരാജൻ, നവ്ദീപ് സെയ്നി എന്നിവർ പുറത്തായി.

രവിചന്ദ്രൻ അശ്വിൻ നയിക്കുന്ന സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവും വാഷിങ്ടൻ സുന്ദറുമുണ്ട്. അക്സർ പട്ടേലാണ് പുതുമുഖം. അതേസമയം, പരുക്കുള്ള രവീന്ദ്ര ജഡേജയ്ക്ക് ഇടം ലഭിച്ചില്ല.

ഇന്ത്യൻ ടീം:

വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വ‍ർ പൂജാര, അജിൻക്യ രഹാനെ, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർമാർ), ഹാർദിക് പാണ്ഡ്യ, കെ.എൽ. രാഹുൽ (ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന് അനുസരിച്ച്), ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് സിറാജ്, ശാർദൂൽ താക്കൂർ, ആർ.അശ്വിൻ, കുൽദീപ് യാദവ്, വാഷിങ്ടൻ സുന്ദർ, അക്സർ പട്ടേൽ

സ്റ്റാന്റ് ബൈസ്: കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), അഭിമന്യു ഈശ്വരൻ, ഷഹബാസ് നദീം, രാഹുൽ ചാഹർ, പ്രിയങ്ക് പഞ്ചാൽ

നെറ്റ് ബോളർമാർ: അങ്കിത് രാജ്പുത്ത്, ആവേശ് ഖാൻ, സന്ദീപ് വാരിയർ, കൃഷ്ണപ്പ ഗൗതം, സൗരഭ് കുമാർ

ബിസിസിഐ സിലക്ഷൻ കമ്മിറ്റി ഓൺലൈനായി യോഗം ചേർന്നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ തിരഞ്ഞെടുത്തത്. ചീഫ് സിലക്ടർ സുനിൽ ജോഷി, ചേതൻ ശർമ, അബി കുരുവിള, ദേബാശിഷ് മൊഹന്തി, ഹർവീന്ദർ സിങ് തുടങ്ങിയവരും ക്യാപ്റ്റൻ വിരാട് കോലിയും യോഗത്തിൽ സംബന്ധിച്ചു.

English Summary: Kohli, Hardik, Ishant return to India's 18-member squad for first two England Tests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com