ADVERTISEMENT

നന്നായി കളിക്കുമ്പോൾ റണ്ണൗട്ടാകുന്നത് എന്ത് കഷ്ടമാണ്!, മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ ആന്ധ്രയിൽ നിന്ന് കേരളത്തിനേറ്റത് അപ്രതീക്ഷിത പ്രഹരമായിരുന്നു. ‘ഞാനടിച്ച 10 പേരും ഡോണുകളായിരുന്നു’, കെജിഎഫ് ഫസ്റ്റ് പാർട്ടിലെ യാഷിന്റെ മാസ് ഡയലോഗ് കടമെടുത്തതു പോലെയായിരുന്നു ടൂർണമെന്റിലെ കേരള ടീമിന്റെ തുടക്കം. പുതുച്ചേരിയെ വീഴ്ത്തി തുടങ്ങിയ കേരള ടീമിന്റെ പിന്നത്തെ ഇരകൾ സാക്ഷാൽ ഡൽഹിയും മുംബൈയുമായിരുന്നു. ജയിന്റ് കില്ലേഴ്സായി സഞ്ജു നയിക്കുന്ന കേരളം മാറി!

ടൂർണമെന്റിൽ ഫോംഔട്ടായിരുന്ന ആന്ധ്രയ്ക്കെതിരെ വിജയിച്ച് ഗ്രൂപ്പ് ഇ– ടോപ്പറായി ക്വാർട്ടറിലേക്ക് പ്രവേശിക്കാമെന്ന കേരളത്തിന്റെ മോഹത്തിനാണ് അമ്പാട്ടി റായുഡുവും കൂട്ടരും തടയിട്ടത്. 4 കളികളിൽ നിന്ന് 3 ജയങ്ങളുമായി12 പോയിന്റോടെ ഗ്രൂപ്പിൽ രണ്ടാമതാണ് കേരളം, 4 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ഹരിയാനയാണ് ഒന്നാമത്. ഇന്ന് ഹരിയാനയുമായുള്ള മത്സരം കേരളത്തിന്റെ വിധി എഴുതും...

നോക്കൗട്ടിൽ കയറുമോ? 

38 ടീമുകളാണ് ടൂർണമെന്റിൽ കിരീടത്തിനായി പോരടിക്കുന്നത്. എ മുതൽ ഇ വരെയുള്ള എലീറ്റ് ഗ്രൂപ്പുകളിലും ഒരു പ്ലേറ്റ് ഗ്രൂപ്പിലുമായാണ് ആദ്യഘട്ട മത്സരങ്ങൾ നടക്കുന്നത്. എല്ലാ ഗ്രൂപ്പുകളിലെയും ആദ്യ സ്ഥാനക്കാർ നോക്കൗട്ടിൽ സ്ഥാനം ഉറപ്പിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന മറ്റു 2 ടീമുകൾക്കുകൂടി നോക്കൗട്ടിൽ ഇടംനേടാം.

റൺറേറ്റിലുണ്ടായിരുന്ന മുൻതൂക്കം ആന്ധ്രയോടേറ്റ പരാജയത്തോടെ കേരളത്തിന് നഷ്ടമായി. ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിന്റെ ഇനിയുള്ള എതിരാളി ഹരിയാനയാണ്. ഹരിയാനയെ മികച്ച മാർജിനിൽ തോൽപ്പിക്കാനായാൽ കേരളത്തിന് റൺറേറ്റിലെ മികവിൽ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായി നോക്കൗട്ടിൽ ഇടംപിടിക്കാം. 8 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള മുംബൈ ഇനി വെല്ലുവിളി ഉയർത്തില്ല. ഗ്രൂപ്പിൽ രണ്ടാമതായി ഫിനിഷ് ചെയ്താലും കേരളത്തിന് നോക്കൗട്ട് സാധ്യതയുണ്ട്, അതു പക്ഷേ മറ്റു ടീമുകളുടെ മത്സരഫലങ്ങളെക്കൂടി ആശ്രയിച്ചിരിക്കുമെന്നു മാത്രം. ഹരിയാനയുമായുള്ള മത്സരത്തിൽ മികച്ച റൺറേറ്റ് വ്യത്യാസത്തിൽ കേരളത്തിന് ജയിക്കാനായാൽ മാത്രമേ ഈ സാധ്യതകൾ നിലനിൽക്കൂ.

16 പോയിന്റുമായി എ ഗ്രൂപ്പിൽ നിന്നു പഞ്ചാബ്, ബി ഗ്രൂപ്പിൽ നിന്ന് തമിഴ്നാട്, സി ഗ്രൂപ്പിൽ നിന്ന് ബറോഡ എന്നിവർ ഏറെക്കുറെ നോക്കൗട്ട് ഉറപ്പിച്ചു. 8 ടീമുകളുള്ള പ്ലേറ്റ് ഗ്രൂപ്പിൽ നിന്ന് 16 പോയിന്റുമായി ബിഹാറും സ്ഥാനം ഉറപ്പിച്ച മട്ടാണ്. ഡി ഗ്രൂപ്പിലാണ് ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്നത്. ഗ്രൂപ്പിൽ ആദ്യസ്ഥാനം ലക്ഷ്യമിട്ട് പോരടിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, സൗരാഷ്ട്ര ടീമുകൾക്ക് 12 പോയിന്റുകൾ വീതമുണ്ട്. 

English Summary: Kerala's Knock-out chances in Syed Mushtaq Ali Trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com