ADVERTISEMENT

‘ആ ഷോട്ട് വേണ്ടിയിരുന്നില്ല’– ഓസ്ട്രേലിയയ്ക്കെതിരെ 4–ാം ടെസ്റ്റിലെ ഐതിഹാസിക ജയത്തിനു പിന്നാലെ ചെന്നൈയിലെ വീട്ടിലേക്കു വിഡിയോ കോൾ ചെയ്ത ഇന്ത്യൻ താരം വാഷിങ്ടൻ സുന്ദറിനു കിട്ടിയ ഉപദേശം. വാഷിങ്ടനെ ഉപദേശിക്കാൻ മാത്രം വീട്ടിലാര് എന്നാണോ? മൂത്ത സഹോദരി ഷൈലജ സുന്ദർ തന്നെ. വെറുതെ ഒരു അഭിപ്രായം പറഞ്ഞതല്ല ഷൈലജ. ഇരുപത്തൊന്നുകാരൻ താരത്തിന്റെ ഏറ്റവും വലിയ വിമർശക തമിഴ്നാട് വനിതാ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുന്ന ഇരുപത്തൊൻപതുകാരി ചേച്ചിയാണ്. 

ബ്രിസ്ബെയ്നിൽ ഇന്ത്യയെ വിജയത്തിന് അരികിലെത്തിച്ച ശേഷം റിവേഴ്സ് സ്വീപ്പിനു ശ്രമിച്ച് വാഷിങ്ടൻ പുറത്തായതാണു ഷൈലജ സൂചിപ്പിച്ചത്. വാഷിങ്ടനും ഷൈലജയ്ക്കും ക്രിക്കറ്റ് പ്രേമം കിട്ടിയത് അച്ഛൻ സുന്ദറിൽനിന്നാണ്. സുന്ദർ തമിഴ്നാടിന്റെ രഞ്ജി ടീം സാധ്യതാ പട്ടിക വരെ എത്തിയിട്ടുണ്ട്. ബ്രിസ്ബെയ്നിലെ ഒന്നാം ഇന്നിങ്സിൽ വാഷിങ്ടൻ വീരോചിത അർധസെഞ്ചുറി നേടിയതിനു ശേഷം സുന്ദറിന്റെ പരാമർശം രസകരമായിരുന്നു– ‘ഞാൻ നിരാശനാണ്. അവനു സെഞ്ചുറിയടിക്കാമായിരുന്നു’. മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് ആ വാർത്ത പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചതിങ്ങനെ. ‘ഇന്ത്യയിലെ മാതാപിതാക്കൾ അന്നും ഇന്നും ഒരുപോലെതന്നെ..’

ഗില്ലിന് സ്റ്റംപാണ് ബാറ്റ്!

ഓസ്ട്രേലിയൻ പേസ് ബോളർമാരുടെ അപ്രതീക്ഷിത പേസും ബൗൺസുമുള്ള പന്തുകൾ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിൽ അതിമനോഹരമായി ബൗണ്ടറി കടത്തുന്നത് കാണുമ്പോൾ അതിശയിക്കാത്തവരുണ്ടോ? ഗില്ലിന്റെ ആ ടെക്നിക്കിനു പിന്നിലെ ട്രിക്ക് വെളിപ്പെടുത്തിയിരിക്കുകയാണ് അച്ഛൻ ലഖ്‌വീന്ദർ സിങ്. ‘9–ാം വയസ്സു മുതൽ 1500 ഷോർട്ട് ബോളുകളെങ്കിലും ഗിൽ ദിവസേന കളിക്കാറുണ്ട്. പലപ്പോഴും പന്തിന്റെ ഗതി കൃത്യമായി നിർണയിക്കാൻ പഠിക്കുന്നതിനായി ഒരു സ്റ്റംപെടുത്ത്, ബാറ്റിനു പകരം ഉപയോഗിച്ചാണ് അവൻ കളിക്കാറുള്ളത്. മികച്ച ബൗൺസുള്ള ഷോർട്ട് പിച്ച് പന്തുകൾ ഗിൽ ബാക്ക്ഫൂട്ടിൽ അനായാസം നേരിടുന്നതിനെക്കുറിച്ച് അച്ഛന്റെ വാക്കുകളിങ്ങനെ. ‘ചാർപോയ് (കയറു കൊണ്ട് മെടഞ്ഞുണ്ടാക്കുന്ന കട്ടിൽ) മധ്യത്തിൽ വച്ച പിച്ചിലാണ് അവൻ കളിക്കാറുള്ളത്. അതിൽ കുത്തി അതിവേഗത്തിൽ അപ്രതീക്ഷിതമായി വരുന്ന പന്തുകൾ നേരിട്ടാണു ടെക്നിക്ക് മെച്ചപ്പെടുത്തിയത്.’ പഞ്ചാബിലെ ഫസിൽക്കയിലാണ് ഗിൽ ജനിച്ചത്. കുടുംബം പിന്നീടു മൊഹാലിയേക്കു കുടിയേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com