ADVERTISEMENT

ജൊഹാനാസ്ബർഗ്∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാർത്താ സമ്മേളനങ്ങൾ ഓൺലൈനിൽ നടത്തുന്നത് ഇന്ന് പതിവു കാഴ്ചയാണ്. ഇത്തരമൊരു വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടറും മുൻ ക്യാപ്റ്റനുമായ ഗ്രെയിം സ്മിത്തിന് അരികെ, ഷൂവിന്റെ ലെയ്സ് കെട്ടാൻ സഹായം തേടിയെത്തുന്ന മകന്റെ വിഡിയോ വൈറലാകുന്നു. ദക്ഷിണാഫ്രിക്കയുടെ പുരുഷ, വനിതാ ടീമുകളുടെ പുതിയ പര്യടനങ്ങളുടെ പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ഡയറക്ടർ എന്ന നിലയിൽ ഗ്രെയിം സ്മിത്ത് ഓൺലൈനിൽ വാർത്താ സമ്മേളനം നടത്തിയത്. ഇതിനിടെയായിരുന്നു കയ്യിലൊരു കൊച്ചു ബാറ്റുമായി മകന്റെ രംഗപ്രവേശം.

പതിവുപോലെ ഷൂ ധരിക്കാൻ പിതാവിന്റെ സഹായം തേടിയെത്തിയ മകൻ, അദ്ദേഹം ഓൺലൈനിൽ വാർത്താ സമ്മേളനം നടത്തുന്ന കാര്യമൊന്നും ഗൗനിച്ചില്ല. ഷൂവിന്റെ ലെയ്സ് കെട്ടിത്തരണമെന്നായിരുന്നു ആവശ്യം. ആദ്യം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും മകൻ വീണ്ടും നിർബന്ധിച്ചതോടെ, കാഴ്ചക്കാരോട് ക്ഷമ ചോദിച്ച് സ്മിത്ത് മകനെ ഷൂ ധരിക്കാൻ സഹായിച്ചു. ‘ഇത് എന്നും പിതാവിന്റെ ജോലിയാണ്’ – സ്മിത്ത് പറഞ്ഞു.

എന്തായാലും വാർത്താ സമ്മേളനത്തിനിടെ ഷൂ ധരിക്കാൻ സഹായം തേടിയെത്തിയ മകനെ ‘കൈവിടാതിരുന്ന’ സ്മിത്തിനെ അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് ആരാധകർ. ജോലിത്തിരിക്കിനിടയിലും മകന്റെ ആവശ്യം നിറവേറ്റിക്കൊടുക്കാൻ മനസ്സു കാണിച്ച സ്മിത്തിനെ അഭിനന്ദിച്ച് ഒട്ടേറെപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. ഒട്ടേറെപ്പേരുടെ ഹൃദയം കവർന്ന ആ വിഡിയോ കാണാം:

English Summary: Graeme Smith’s son interrupts virtual press conference, gets shoelaces tied

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com