ADVERTISEMENT

ബെംഗളൂരു∙ ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ ക്രെഡിറ്റ്, ആ ടീമിലെ അംഗങ്ങളായ കുട്ടികൾക്ക് തന്നെ അവകാശപ്പെട്ടതാണെന്ന് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുൽ ദ്രാവിഡ്. ഗാബയിലെ കടുത്ത വെല്ലുവിളി നിറഞ്ഞ വേദിയിൽ ഉൾപ്പെടെ യുവതാരങ്ങളുടെ കരുത്തിൽ ഇന്ത്യ നേടിയ വിജയത്തിൽ അവരെ പരിശീലിപ്പിച്ച രാഹുൽ ദ്രാവിഡിനും വലിയ പങ്കുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാണ്. ഈ സാഹചര്യത്തിലാണ് വിജയത്തിന്റെ ക്രെഡിറ്റ് ആ കുട്ടികൾക്കു തന്നെയാണെന്ന ദ്രാവിഡിന്റെ പ്രതികരണം.

‘ഹ ഹ ഹ. എനിക്കിതിൽ ഒരു റോളുമില്ല. ആ കുട്ടികൾ തന്നെയാണ് എല്ലാ അഭിനന്ദനങ്ങളും അർഹിക്കുന്നത്’ – ‘ദ സൺഡേ എക്സ്പ്രസി’നോട് ദ്രാവിഡിന്റെ പ്രതികരണം ഇങ്ങനെ. ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പരുക്കുകൾ ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിൽ തോറ്റിട്ടും, രണ്ടും നാലും ടെസ്റ്റുകളിൽ നേടിയ തകർപ്പൻ വിജയങ്ങളിലൂടെയാണ് ഇന്ത്യ പരമ്പര നേടിയത്.

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ക്യാപ്റ്റൻ വിരാട് കോലി നാട്ടിലേക്ക് മടങ്ങുകയും ഉമേഷ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഹനുമ വിഹാരി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര തുടങ്ങിയ പ്രമുഖ താരങ്ങൾ പരമ്പരയുടെ വിവിധ ഘട്ടങ്ങളിലായി പരുക്കേറ്റ് പിൻമാറുകയും ചെയ്തിട്ടും, പകരമെത്തിയ യുവതാരങ്ങളുടെ മികവിലാണ് ഇന്ത്യ വിജയം നേടിയത്.

മുഹമ്മദ് സിറാജ്, ശാർദൂൽ താക്കൂർ, വാഷിങ്ടൻ സുന്ദർ, ഋഷഭ് പന്ത്, നവ്ദീപ് സെയ്നി, ടി.നടരാജൻ തുടങ്ങിയ മത്സരപരിചയം ഒട്ടുമില്ലാത്ത താരങ്ങളാണ് ഗാബയിൽ ഉൾപ്പെടെ ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ഇതോടെയാണ്, ഈ താരങ്ങളെ ഇന്ത്യ അണ്ടർ 19, ഇന്ത്യ എ ടീമുകളിലായി രൂപപ്പെടുത്തിയെടുത്ത ദ്രാവിഡിനെ അഭിനന്ദിച്ചും അദ്ദേഹത്തിനാണ് വിജയത്തിന്റെ യഥാർഥ ക്രെഡിറ്റെന്ന് ചൂണ്ടിക്കാട്ടിയും ആരാധകർ രംഗത്തെത്തിയത്. ഈ താരങ്ങൾ ദേശീയ തലത്തിലേക്ക് പിച്ചവച്ച 2015–2019 കാലഘട്ടത്തിൽ ദ്രാവിഡായിരുന്നു ഇന്ത്യ അണടർ 19, ഇന്ത്യ എ ടീമുകളുടെ പരിശീലകൻ. ഇപ്പോൾ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്.

English Summary: Unnecessary credit, boys deserve all praise: Rahul Dravid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com