ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) താരലേലത്തിൽ വർഷങ്ങളായി വൻതുക ലഭിച്ചിട്ടും മോശം പ്രകടനത്തിന്റെ പേരിൽ പഴികേൾക്കുന്ന ഓസീസ് താരം ഗ്ലെൻ മാക്സ്‍വെലിനെ വിമർശിച്ച് മുൻ ന്യൂസീലൻഡ് താരവും കമന്റേറ്ററുമായ സ്കോട്ട് സ്റ്റൈറിസ്. ഇത്തവണ താരലേലത്തിൽ ആരെങ്കിലും മാക്സ്‌വെലിന് 10 കോടി രൂപവരെ മുടക്കാൻ തയാറായാൽ അവരുടെ തലയിൽ കളിമണ്ണാണെന്ന് പറയേണ്ടിവരുമെന്ന് സ്റ്റൈറിസ് അഭിപ്രായപ്പെട്ടു. അടിസ്ഥാന വിലയ്ക്കു മാത്രം വാങ്ങാവുന്നൊരു താരമാണ് മാക്സ്‌‌വെലെന്നും അദ്ദേഹം പറഞ്ഞു.

ഐപിഎൽ 13–ാം സീസണിനു മുന്നോടിയായി കിങ്സ് ഇലവന്‍ പഞ്ചാബ് 11.75 കോടി രൂപയ്ക്ക് സ്വന്തമാക്കിയ മാക്സ്‌വെൽ, സീസണിലുടനീളം തികഞ്ഞ പരാജയമായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും താളം കണ്ടെത്തുന്നതിൽ മാക്സ്‌വെൽ പരാജയപ്പെട്ടത് ടീമിന്റെ തന്നെ മുന്നേറ്റത്തെ ബാധിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഈ വർഷത്തെ താരലേലത്തിനു മുന്നോടിയായി മാക്സ്‍വെലിനെ കിങ്സ് ഇലവൻ പഞ്ചാബ് റിലീസ് ചെയ്തിരുന്നു.

ഇത്തവണ മാക്സ്‌വെലിനെ വൻ വില നൽകി സ്വന്തമാക്കാൻ ആളുണ്ടാകുമോ എന്ന ചോദ്യത്തിന്, ‘സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കി’ൽ സ്റ്റൈറിസിന്റെ മറുപടി ഇങ്ങനെ:

‘അതിന് ഒറ്റ ഉത്തരമേയുള്ളൂ. ആരെങ്കിലും മാക്സ്‌വെലിന് 10 കോടി രൂപയൊക്കെ മുടക്കാൻ തയാറായാൽ, അവരുടെ തലയിൽ കളിമണ്ണാണെന്ന് പറയേണ്ടിവരും. അത്രേയുള്ളൂ. അദ്ദേഹം എത്രത്തോളം മികച്ച താരമാണെന്ന് നമുക്കെല്ലാം അറിയാം. പക്ഷേ, ഇവിടുത്തെ വിഷയം അതല്ല. അദ്ദേഹത്തിന് പ്രതിഭയുണ്ട് എന്നത് സത്യം. പക്ഷേ, ആ പ്രതിഭയെ പോലും കവച്ചുവയ്ക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള മോശം പ്രകടനം’ – സ്റ്റൈറിസ് പറഞ്ഞു.

‘മാക്സ്‌വെലിനെ വാങ്ങാൻ ആളുണ്ടാകുമെന്ന് തീർച്ചയാണ്. പക്ഷേ, ഇത്തവണ അടിസ്ഥാന വിലയ്ക്കോ മറ്റോ അദ്ദേഹത്തെ സ്വന്തമാക്കാനാണ് സാധ്യത. കഴിഞ്ഞ അഞ്ചോ ആറോ ഐപിഎൽ സീസണുകളിലെ മോശം പ്രകടനത്തിന്റെ നിഴലിൽനിന്ന് പുറത്തുകടന്ന് ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കാൻ മാക്സ്‌വെലിന് കഴിഞ്ഞാൽ ഭാഗ്യം’ – സ്റ്റൈറിസ് പറഞ്ഞു.

English Summary: If anybody pays around 10 crore mark to Glenn Maxwell, they have got rocks in their head: Scott Styris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com