ADVERTISEMENT

മുംബൈ∙ ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ തുടക്കമായിരിക്കുന്നു. ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലേക്കുള്ള ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന മത്സരമെന്ന നിലയ്ക്ക് ഇരു ടീമുകൾക്കും പരമ്പര ഏറെ നിര്‍ണായകമാണ്. പരമ്പരയിൽ നേട്ടമുണ്ടാക്കുന്നവർക്കു ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനെ നേരിടാം. ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് തുടങ്ങിയ ദിവസം തന്നെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്നെ ട്രോളി മുൻ ക്രിക്കറ്റ് താരം വസീം ജാഫർ രംഗത്തുവന്നു.

ഓസീസ് ക്യാപ്റ്റൻ, ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന് ഉപദേശം നൽകുന്നതുമായി ബന്ധപ്പെട്ടാണ് ജാഫറിന്റെ തമാശ. ഇരു താരങ്ങളും ഉൾപ്പെട്ട ഒരു മീമാണ് ജാഫർ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. ആദ്യത്തെ ചിത്രത്തിൽ ടിം പെയ്നും റൂട്ടും സംസാരിക്കുകയാണ്. പിന്നീട് സ്റ്റീവ് സ്മിത്തിനോട് പെയ്ൻ തമാശ പറഞ്ഞു ചിരിക്കുന്ന ചിത്രവുമുണ്ട്. ഇന്ത്യയിൽ കാര്യങ്ങൾ പ്രശ്നമാകുമ്പോൾ ലോഡ്സിൽ നേരിടാൻ കാത്തിരിക്കുകയാണെന്ന് അവരോട് പറയണമെന്ന് ഉപദേശിച്ചതായി പെയ്ൻ സ്മിത്തിനോടു വെളിപ്പെടുത്തുന്നു.

ഓസീസ് പര്യടനത്തിനിടെ ഗബ്ബയിൽ ഇന്ത്യയെ നേരിടാൻ കാത്തിരിക്കുകയാണെന്ന് ടിം പെയ്ൻ ഇന്ത്യൻ താരങ്ങളെ വെല്ലുവിളിച്ചിരുന്നു. ഓസ്ട്രേലിയയെ ഗബ്ബ ടെസ്റ്റിലും കീഴടക്കിയാണ് ഇന്ത്യ ഇതിനു മറുപടി നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജാഫറിന്റെ ട്രോൾ. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റിൽ ഇന്ത്യ തകർപ്പൻ പ്രകടനമാണു നടത്തിയത്. ആദ്യ ടെസ്റ്റിൽ അഡ്‍ലെയ്ഡിൽ തോറ്റ ഇന്ത്യ മെൽബണിൽ ഗംഭീര തിരിച്ചുവരവ് നടത്തി. സിഡ്നിയില്‍ നടന്ന മൂന്നാം ടെസ്റ്റിൽ ഹനുമാ വിഹാരിയുടെയും അശ്വിന്റെയും പ്രകടനത്തിൽ ഓസ്ട്രേലിയയുടെ വിജയം ഇന്ത്യ തടഞ്ഞു.

തുടർന്നാണു ടിം പെയ്ൻ വെല്ലുവിളിയുമായെത്തിയത്. ഗബ്ബ ടെസ്റ്റിൽ ഇന്ത്യയെ നേരിടാൻ കാത്തിരിക്കുകയാണെന്നായിരുന്നു പെയ്ന്റെ വാക്കുകൾ. നാലാം ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ഭാഗ്യ ഗ്രൗണ്ടായ ബ്രിസ്ബെയ്നില്‍ അവരെ തകർത്ത് ഇന്ത്യ പരമ്പരയും സ്വന്തമാക്കി. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഓസീസ് ക്യാപ്റ്റനെ വസീം ജാഫർ ‘കുത്തിയത്’.

English Summary: Wasim Jaffer brutally trolls Tim Paine ahead of first Test between India and England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com