ADVERTISEMENT

അഹമ്മദാബാദ്∙ മൊട്ടേര സ്റ്റേഡിയത്തിലെ പിച്ചിനെച്ചൊല്ലി വിവാദം കത്തുകയാണ്. പിച്ചിന്റെ ഗുണനിലവാരത്തെ ചോദ്യം ചെയ്തു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ തന്നെ രംഗത്തെത്തിയതാണ് ഇന്ത്യൻ ടീമിനെയും മാനേജ്മെന്റിനേയും കൂടുതൽ പ്രതിരോധത്തിലാക്കുന്നത്. മൊട്ടേരയിലേത് ടെസ്റ്റിന് പറ്റിയ പിച്ച് അല്ലായിരുന്നെന്ന് വി.വി.എസ്. ലക്ഷ്മണും ഹർഭജൻ സിങ്ങും തുറന്നടിച്ചു. എന്നാൽ ബാറ്റ്സ്മാൻമാരുടെ രീതികളാണു പ്രശ്നമായതെന്നാണു സുനിൽ ഗാവസ്കറിന്റെ നിലപാട്.

പിച്ചിനെ തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും രോഹിത് ശർമയുമെത്തി. മൊട്ടേരയിൽ പത്ത് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. പരമ്പരയിൽ ഇന്ത്യയ്ക്കായി സ്പിന്നർമാർ കൂടുതൽ വിക്കറ്റുകൾ‌ വീഴ്ത്തി. അക്സർ പട്ടേൽ 11 വിക്കറ്റുകളും ആർ. അശ്വിൻ 7 വിക്കറ്റുകളും നേടി. 400 വിക്കറ്റുകളെന്ന നേട്ടവും ചെന്നൈ ബോളർ സ്വന്തമാക്കി. മൊട്ടേരയിലേതു ടെസ്റ്റ് മത്സരങ്ങൾക്കു പറ്റിയ പിച്ചല്ലെന്ന് വി.വി.എസ്. ലക്ഷ്മൺ പറഞ്ഞു.

ഹർഭജൻ സിങ്ങും സമാനമായ അഭിപ്രായമാണു പങ്കുവച്ചത്. ഇതു മികച്ച പിച്ചല്ല. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 200 റൺസ് നേടിയിരുന്നെങ്കിൽ ഇന്ത്യ പ്രശ്നത്തിലായേനെ– ഹർഭജൻ സിങ് പറഞ്ഞു. ഇങ്ങനെയുള്ള പിച്ചിലാണ് കളിക്കേണ്ടതെങ്കിൽ ഇരു ടീമുകൾക്കും മൂന്ന് വീതം ഇന്നിങ്സ് നല്‍കണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കല്‍ വോഗൻ കുറ്റപ്പെടുത്തി. ബോളർമാരെ അഭിനന്ദിക്കുന്നതിനോടൊപ്പം പിച്ചിന്റെ മോശം സ്വഭാവത്തെ യുവരാജ് സിങ്ങും വിമർശിച്ചു. ടെസ്റ്റ് ക്രിക്കറ്റ് രണ്ട് ദിവസം കൊണ്ട് അവസാനിക്കുന്നത് നല്ല കാര്യമാണോയെന്ന് ഉറപ്പില്ല, ഇത്തരം പിച്ചുകളിൽ അനില്‍ കുംബ്ലെയോ ഹർഭജൻ സിങ്ങോ പന്തെിഞ്ഞാൽ അവർക്ക് എണ്ണൂറോ ആയിരമോ വിക്കറ്റുകൾ വരെ നേടാം– യുവരാജ് ട്വിറ്ററിൽ കുറിച്ചു.

മികച്ച പ്രകടനം നടത്തിയ അക്സർ പട്ടേലിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും യുവരാജ് ട്വിറ്ററിൽ വ്യക്തമാക്കി. മൊട്ടേരയിലെ ഇതേ പിച്ചിലാണ് രോഹിത് ശർ‌മയും ഇഗ്ലണ്ട് താരം ക്രൗളിയും അർധസെഞ്ചുറി നേടിയതെന്ന് സുനില്‍ ഗാവസ്കർ വ്യക്തമാക്കി. ഇംഗ്ലണ്ട് എങ്ങനെ പിടിച്ച് നിൽ‌ക്കാമെന്നാണു ചിന്തിച്ചത്? എങ്ങനെ റൺസ് നേടാമെന്ന് ആയിരുന്നില്ല. അശ്വിനും അക്സർ പട്ടേലും മികച്ചു നിന്നതായും ഗാവസ്കർ പ്രതകരിച്ചു.

അതേസമയം തോൽവിക്ക് ഇംഗ്ലണ്ട് തന്നെയാണ് ഉത്തരവാദികളെന്ന് മുൻ‌  ഇംഗ്ലണ്ട് സ്പിന്നർ ഗ്രേയം സ്വാൻ വിമര്‍ശിച്ചു. ഇന്ത്യയ്ക്കെതിരായ ടെസ്റ്റിൽ ഒരു സ്പിന്നറുമായി കളിക്കാൻ ഇംഗ്ലണ്ട് ഇറങ്ങരുതായിരുന്നെന്ന് സ്വാൻ പ്രതികരിച്ചു. ബാറ്റ്സ്മാൻമാരുടെ കഴിവ് പരീക്ഷിക്കാമെന്നതിനാൽ മൊട്ടേരയിലെ പിച്ചിൽ ഒരു മത്സരം നടത്തുകയെന്നതു നല്ല കാര്യമാണെന്ന് കെവിൻ പീറ്റേഴ്സൻ വ്യക്തമാക്കി. എന്നാൽ ഇതേ പിച്ചില്‍ വീണ്ടുമൊരു മത്സരം കാണാൻ  താൽപര്യമില്ലെന്നും പീറ്റേഴ്സൻ തുറന്നടിച്ചു.

English Summary: Yuvraj Singh, Harbhajan Singh feel Motera pitch not ideal for Test match; Sunil Gavaskar thinks otherwise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com