ADVERTISEMENT

അഹമ്മദാബാദ് ∙ ഇംഗ്ലണ്ടിനെതിരായ 4–ാം ടെസ്റ്റിൽനിന്നു ഫാസ്റ്റ് ബോളർ ജസ്പ്രീത് ബുമ്രയെ ഇന്ത്യ ഒഴിവാക്കി. വ്യക്തിപരമായ കാരണങ്ങളാൽ ഒഴിവാക്കണമെന്ന താരത്തിന്റെ അഭ്യർഥന മാനിച്ചാണിത്. മൂന്നാം ടെസ്റ്റിന് വേദിയായ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ മാർച്ച് നാലു മുതലാണ് നാലാം ടെസ്റ്റ് നടക്കുക. സ്പിന്നർമാരെ അതിരറ്റ് തുണച്ച മൊട്ടേരയിൽ ബുമ്ര ഉൾപ്പെടെയുള്ള പേസ് ബോളർമാർക്ക് കാര്യമായ റോളുണ്ടായിരുന്നില്ല.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ അംഗസംഖ്യ 17 ആയി കുറയുമെങ്കിലും ഒരു ടെസ്റ്റ് മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ ടീമിൽ പകരക്കാരുണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചു.

ട്വന്റി20 പരമ്പരയ്ക്കും 2 ഏകദിനത്തിനുമുള്ള ടീമിലുൾപ്പെടുത്താതെ ബുമ്രയ്ക്കു നേരത്തേതന്നെ സിലക്ടർമാർ വിശ്രമം അനുവദിച്ചിരുന്നു. താരങ്ങളുടെ ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചതെന്നാണ് സൂചന. തിരക്കിട്ട മത്സരക്രമത്തിനൊപ്പം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബയോ സെക്യുർ ബബ്ളിൽ ജീവിക്കേണ്ടി വരുന്നതും താരങ്ങളെ ബാധിക്കുന്നുണ്ട്.

ഈ വർഷം ഇന്ത്യയെ കാത്തിരിക്കുന്നത് തിരക്കേറിയ മത്സര ദിനങ്ങളാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു തൊട്ടുപിന്നാലെ അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമടങ്ങുന്ന പരമ്പരകളുണ്ട്. അതിനുശേഷം ഐപിഎൽ ആരംഭിക്കും. തുടർന്ന് ജൂണിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ. അതിനു പിന്നാലെ ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ അ‍ഞ്ച് ടെസ്റ്റുകൾ ഉള്‍പ്പെടുന്ന പരമ്പര. തുടർന്ന് ഒക്ടോബർ – നവംബർ മാസങ്ങളിലായി ട്വന്റി20 ലോകകപ്പ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചത്.

English Summary: Jasprit Bumrah opts out of final Test against England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com