ADVERTISEMENT

ദുബായ്∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഏറ്റവും പുതിയ റാങ്കിങ്ങിൽ ബാറ്റിങ്ങിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ രോഹിത് കരിയറിലെ ഏറ്റവും മികച്ച റാങ്കിങ് എന്ന സവിശേഷതയുമായി എട്ടാം സ്ഥാനത്തെത്തി. ഞായറാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങിൽ ആറു സ്ഥാനം കയറിയാണ് രോഹിത് ഇതാദ്യമായി എട്ടാം സ്ഥാനത്തേക്ക് കയറിയത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി അഞ്ചാം സ്ഥാനത്തുണ്ട്.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും രോഹിത്തായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. ബാറ്റിങ് അതീവ ദുഷ്കരമായ പിച്ചിൽ ഒന്നാം ഇന്നിങ്സിൽ 66 റൺസെടുത്ത രോഹിത്, രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 25 റൺസെടുത്ത് ശുഭ്മാൻ ഗില്ലിനൊപ്പം ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം സമ്മാനിച്ചിരുന്നു. ചേതേശ്വർ പൂജാര ഉൾപ്പെടെയുള്ളവരെ രോഹിത് റാങ്കിങ്ങിൽ പിന്തള്ളി. പൂജാര റാങ്കിങ്ങിൽ 10–ാം സ്ഥാനത്താണ്. 

ഇതിനു മു‌ൻപ് 2019 ഒക്ടോബറിൽ 722 പോയിന്റുമായി 10–ാം സ്ഥാനത്തെത്തിയതായിരുന്നു രോഹിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്. ഇതു മറികടന്നാണ് 742 പോയിന്റുമായി ഇക്കുറി എട്ടാം റാങ്കിലെത്തിയത്. ന്യൂസീലൻഡ് താരം കെയ്ൻ വില്യംസൻ 919 പോയിന്റുമായി പട്ടികയിൽ ഒന്നാമതുണ്ട്. സ്റ്റീവ് സ്മിത്ത് (891), മാർനസ് ലബുഷെയ്ൻ (878), ജോ റൂട്ട് (853) എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിൽ.

ബോളർമാരുടെ പട്ടികയിൽ രവിചന്ദ്രൻ അശ്വിൻ നാലു സ്ഥാനം കയറി 823 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി. 908 പോയിന്റുമായി പാറ്റ് കമിൻസ് ഒന്നാമതും നീൽ വാഗ്‌നർ 825 പോയിന്റുമായി രണ്ടാം സ്ഥാനത്തുമുണ്ട്. ഒരു സ്ഥാനം പിന്നിലേക്കിറങ്ങി ജസ്പ്രീത് ബുമ്ര ഒൻപതാം സ്ഥാനത്തുണ്ട്. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിച്ച് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ അക്സർ പട്ടേൽ 30 സ്ഥാനം കയറി 38–ാം സ്ഥാനത്തെത്തി.

English Summary: Rohit Sharma reaches career-best eighth rank; R Ashwin, Axar Patel also move up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com