ADVERTISEMENT

കറാച്ചി∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനായി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്പിന്നിനെ അതിരറ്റ് തുണച്ച പിച്ചിൽ അതൃപ്തി രേഖപ്പെടുത്തി പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖും. സ്പിന്നർമാർ തകർത്തെറിഞ്ഞതോടെ ഇന്ത്യ 10 വിക്കറ്റിനു ജയിച്ച മത്സരം, കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ഏറ്റവും വേഗത്തിൽ അവസാനിച്ച ടെസ്റ്റ് കൂടിയാണ്. ഇത്തരം പിച്ചുകൾ ടെസ്റ്റ് ക്രിക്കറ്റിന് നല്ലതല്ലെന്ന് ഇൻസമാം അഭിപ്രായപ്പെട്ടു. ഇത്തരം പിച്ചുകൾക്കെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി സ്വീകരിക്കണമെന്നും ഇൻസമാം ആവശ്യപ്പെട്ടു.

‘രണ്ട് ദിവസം കൊണ്ട് ഒരു ടെസ്റ്റ് മത്സരം അവസാനിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? ഇതിനു മുൻപ് രണ്ട് ദിവസംകൊണ്ട് ഒരു ടെസ്റ്റ് അവസാനിച്ചത് എന്റെ ഓർമയിൽ പോലുമില്ല. ഇന്ത്യ നന്നായി കളിച്ചതുകൊണ്ടാണോ അതോ പിച്ച് മോശമായതുകൊണ്ടാണോ അങ്ങനെ സംഭവിച്ചത്? ഇത്തരം പിച്ചുകളിൽ ടെസ്റ്റ് മത്സരങ്ങൾ നടത്താൻ പാടുണ്ടോ?’ – ഇൻസമാം ചോദിച്ചു.

ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ വീഴ്ത്തിയ ഇന്ത്യ, ഇംഗ്ലണ്ടിനെതിരെയും മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നാണ് താൻ പ്രതീക്ഷിച്ചതെന്ന് ഇൻസമാം പറഞ്ഞു. ‘ഇന്ത്യ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ. ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ തോൽപ്പിച്ച ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിൽ തോറ്റശേഷം ശക്തമായി തിരിച്ചുവന്നിരുന്നു. പക്ഷേ, ഇത്തരത്തിലൊരു പിച്ച് തയാറാക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിന് നല്ലതാണെന്ന് ഞാൻ കരുതുന്നില്ല’ – ഇൻസമാം പറഞ്ഞു.

‘അഹമ്മദാബാദ് ടെസ്റ്റിന്റെ സ്കോർ ബോർഡിനേക്കാൾ ഭേദം ട്വന്റി20 മത്സരത്തിന്റെ സ്കോർ ബോർഡാണ്. ഇത്തരം പിച്ചുകൾക്കെതിരെ ഐസിസി നടപടി കൈക്കൊള്ളണം. രണ്ട് ദിവസം പോലും നീണ്ടു നിൽക്കാത്ത ടെസ്റ്റിന് തയാറാക്കിയ പിച്ച് എന്തൊരു പിച്ചാണ്? ഒരു ദിവസത്തിനുള്ളിൽ 17 വിക്കറ്റുകളാണ് നിലംപൊത്തിയത്. എന്തൊരു അവസ്ഥയാണിത്? നാട്ടിൽ കളിക്കുമ്പോൾ അതിന്റേതായ ആനുകൂല്യങ്ങൾ അനുഭവിക്കാം. അതിനായി സ്പിൻ വിക്കറ്റ് തയാറാക്കുന്നതിലും തെറ്റില്ല. പക്ഷേ, ഇത്തരം പിച്ചുകളൊരുക്കുന്നത് ശരിയല്ല’ – ഇൻസമാം പറഞ്ഞു.

‘വെറും ആറ് ഓവറിൽ ജോ റൂട്ട് അഞ്ച് വിക്കറ്റെടുത്തെന്ന് പറയുമ്പോൾ അറിയാം പിച്ചിന്റെ നിലവാരം. റൂട്ട് എട്ട് റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തുമ്പോൾ അക്ഷർ പട്ടേലിന്റെയും അശ്വിന്റെയും ബോളിങ്ങിനെ ഞാൻ എന്തിന് പുകഴ്ത്തണം? ഒരു ടെസ്റ്റ് മത്സരത്തിൽ നിർണായകമായി മാറുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. വേദി, ഗ്രൗണ്ട്, അംപയർ, റഫറി... ഇതിൽ പിച്ചും പ്രധാനപ്പെട്ടതുതന്നെ. ടെസ്റ്റ് മത്സരം എപ്പോഴും ടെസ്റ്റ് മത്സരം പോലെ തന്നെ നടത്തണം. ഓസ്ട്രേലിയയെ തോൽപ്പിച്ചപ്പോൾ ലഭിച്ച അതേ സന്തോഷം ഈ ടെസ്റ്റ് ജയിച്ചപ്പോൾ ഇന്ത്യയ്ക്ക് കിട്ടിയെന്ന് ഞാൻ കരുതുന്നില്ല’ – ഇൻസമാം പറഞ്ഞു.

English Summary: Why should I praise Ashwin and Axar if Root is taking 5/8: Inzamam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com