ADVERTISEMENT

അഹമ്മദാബാദ്∙ ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുമ്ര വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽനിന്ന് ഉൾപ്പെടെ ബുമ്ര നീണ്ട അവധിയെടുത്തത് വിവാഹത്തിനുള്ള തയാറെടുപ്പിന്റെ ഭാഗമാണെന്ന് വിവിധ ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ട്വന്റി20 മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽനിന്ന് ബുമ്രയ്ക്ക് സിലക്ടർമാർ വിശ്രമം അനുവദിച്ചിരുന്നെങ്കിലും പിന്നീട് നാലാം ക്രിക്കറ്റ് ടെസ്റ്റിൽനിന്ന് അപ്രതീക്ഷിതമായി താരം അവധിയെടുത്തിയിരുന്നു. മാത്രമല്ല, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും കളിച്ചേക്കില്ലെന്ന റിപ്പോർട്ടുകളും പിന്നാലെ വന്നു. ഇതോടെയാണ് താരം വിവാഹിതനാക്കുന്നുവെന്ന അഭ്യൂഹം പ്രചരിച്ചത്.

ബുമ്ര ദേശീയ ടീമിൽനിന്ന് വിട്ടുനിൽക്കുന്നത് വിവാഹത്തിന് തയാറെടുക്കുന്നതിന്റെ ഭാഗമായാണെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയോട് സ്ഥിരീകരിച്ചു. ‘വിവാഹിതനാകാൻ പോകുന്ന വിവരം ജസ്പ്രീത് ബുമ്ര ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) അറിയിച്ചിട്ടുണ്ട്. ജീവിതത്തിലെ ആ സുപ്രധാന ദിനത്തിന് തയാറെടുക്കുന്നതിനാണ് അദ്ദേഹം നീണ്ട അവധി എടുത്തിരിക്കുന്നത്’ – ബിസിസിഐ വൃത്തങ്ങൾ വെളിപ്പെടുത്തി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളിലാണ് ഇരുപത്തേഴുകാരനായ ബുമ്ര കളിച്ചത്. രണ്ട് ടെസ്റ്റുകളിൽനിന്ന് നാലു വിക്കറ്റുകളും സ്വന്തമാക്കി. പൊതുവെ സ്പിന്നിനെ അനുകൂലിച്ച ഇന്ത്യൻ പിച്ചുകളിൽ ബുമ്ര ഉൾപ്പെടുന്ന പേസ് ബോളർമാർക്ക് കാര്യമായ റോളുണ്ടായിരുന്നില്ല. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടീം മാനേജ്മെന്റ് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആദ്യ പകൽ–രാത്രി ടെസ്റ്റിൽ ടീമിൽ തിരിച്ചെത്തിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. ഇവിടെ ആകെ വീണ 30 വിക്കറ്റുകളിൽ 28 വിക്കറ്റുകളും സ്പിന്നർമാരാണ് സ്വന്തമാക്കിയത്.

English Summary: Jasprit Bumrah Has Taken Leave to Prepare for Marriage: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com