ADVERTISEMENT

മുംബൈ∙ ആദ്യമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംലഭിച്ച ഹരിയാന താരം രാഹുൽ തെവാത്തിയ, തമിഴ്നാട് താരം വരുൺ ചക്രവർത്തി എന്നിവർ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) സംഘടിപ്പിച്ച കായികക്ഷമതാ പരിശോധനയിലാണ് ഇരുവരും പരാജയപ്പെട്ടത്. ഇതാദ്യമായാണ് ഇരുവരും ഇന്ത്യൻ സീനിയർ ടീമിൽ കളിക്കാനൊരുങ്ങുന്നത്. വരുൺ ചക്രവർത്തിയെ ഓസ്ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരുക്കുമൂലം പോകാൻ കഴിഞ്ഞിരുന്നില്ല. ഫലത്തിൽ ഇരുവരുടെയും ആദ്യ പരമ്പരയ്ക്കാണ് ഫിറ്റ്നസ് കടമ്പ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ അഞ്ച് ട്വന്റി20 മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയ്ക്കുള്ള ടീമിലാണ് സിലക്ടർമാർ ഇരുവരെയും ഉൾപ്പെടുത്തിയത്. മാർച്ച് 12 മുതൽ അഹമ്മദാബാദിലാണ് പരമ്പരയ്ക്കു തുടക്കമാകുക. പരമ്പരയിൽ കളിക്കുന്ന താരങ്ങളെല്ലാം ഈ ആഴ്ച തന്നെ ടീം ക്യാംപിൽ റിപ്പോർട്ട് ചെയ്യണമെന്നാണ അറിയിച്ചിരിക്കുന്നത്.

ഇന്ത്യൻ താരങ്ങൾക്കായി നടത്തുന്ന കായികക്ഷമതാ പരിശോധനയായ യോ–യോ ടെസ്റ്റിൽ 17:1 ആണ് യോഗ്യതാ മാർക്ക്. അല്ലെങ്കിൽ രണ്ട് കിലോമീറ്റർ ദൂരം 8.3 മിനിറ്റിൽ പിന്നിടണം. ആദ്യ കടമ്പയിൽ പരാജയപ്പെട്ടെങ്കിലും ഇരുവർക്കും ഇനിയും അവസരം ലഭിക്കുമെന്നാണ് റിപ്പോർട്ട്.

കായികക്ഷമതാ പരിശോധനയിൽ താരങ്ങളുടെ പ്രകടനം വിലയിരുത്തി ദേശീയ ക്രിക്കറ്റ് അക്കാദമി ബിസിസിഐയ്ക്കും ടീം മാനേജ്മെന്റിനും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എൻസിഎ ആസ്ഥാനത്ത് നടന്ന കായികക്ഷമതാ ടെസ്റ്റിൽ ശിഖർ ധവാൻ, യുസ്‌വേന്ദ്ര ചെഹൽ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ടി. നടരാജൻ തുടങ്ങിയ താരങ്ങൾ പങ്കെടുത്തു.

English Summary: Rahul Tewatia Fails Fitness Test Ahead Of The England T20Is: Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com