ADVERTISEMENT

അഹമ്മദാബാദ് ∙ ഇനിയൊരിക്കൽ ഇന്ത്യൻ പര്യടനത്തിനു വരുമ്പോൾ ‘ഹോം വർക്ക്’ ചെയ്യാതെ ഇംഗ്ലണ്ട് വരില്ല! സ്പിന്നർമാരെ നേരിടുന്നതിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർക്കുള്ള പോരായ്മകൾ വീണ്ടും തെളിഞ്ഞു കണ്ട അവസാന ടെസ്റ്റിന്റെ ആദ്യദിനം സന്ദർശകർ 205 റൺസിനു പുറത്ത്.

7 വിക്കറ്റുകൾ പങ്കുവച്ച സ്പിന്നർമാരായ അക്ഷർ പട്ടേലും (4–68) രവിചന്ദ്രൻ അശ്വിനുമാണ് (3–47) ഇംഗ്ലണ്ടിനെ തകർത്തത്. 2 വിക്കറ്റ് വീഴ്ത്തി പേസ് ബോളർ മുഹമ്മദ് സിറാജും ഇംഗ്ലണ്ടിനെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. വാഷിങ്ടൻ സുന്ദർ ഒരു വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ശുഭ്മൻ ഗില്ലിന്റെ (0) വിക്കറ്റാണ് നഷ്ടമായത്. ജയിംസ് ആൻഡേഴ്സന്റെ പന്തിൽ എൽബി‍ഡബ്ലിയു. രോഹിത് ശർമയും (8) ചേതേശ്വർ പൂജാരയുമാണ് (15) ക്രീസിൽ.

ആശ്വാസം

രണ്ടും മൂന്നും ടെസ്റ്റുകളിലേതു പോലെ തകർന്നടിഞ്ഞില്ല എന്നതിൽ ഇംഗ്ലണ്ടിന് ആശ്വസിക്കാം. പരമ്പരയിൽ തുടർച്ചയായ 6–ാം തവണ ഇരുനൂറിനു താഴെ വീണു പോകുമെന്നു കരുതിയ അവരെ ബെൻ സ്റ്റോക്സും (55) ഡാൻ ലോറൻസുമാണ് (46) രക്ഷിച്ചെടുത്തത്. കഴിഞ്ഞ മത്സരത്തിലെ ഇന്ത്യൻ ഹീറോ അക്ഷർ പട്ടേൽ തന്നെയാണ് ഓപ്പണർമാരായ സാക് ക്രൗളിയെയും (9) ഡോം സിബ്‌ലിയെയും (2) മടക്കി ഇംഗ്ലിഷ് തകർച്ചയ്ക്കു തുടക്കമിട്ടത്.

siraj-celebration
വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ ആഹ്ലാദം

ക്യാപ്റ്റൻ ജോ റൂട്ട് (5), ജോണി ബെയർസ്റ്റോ (28) എന്നിവരെ സിറാജും പുറത്താക്കിയതോടെ 4ന് 78 എന്ന നിലയിലായി ഇംഗ്ലണ്ട്. 5–ാം വിക്കറ്റിൽ സ്റ്റോക്സും ഒലീ പോപ്പും (29) ചേർന്നു നേടിയ 43 റൺസിൽ ഇംഗ്ലണ്ട് കരകയറി. കരിയറിലെ 24–ാം അർധ സെഞ്ചുറി തികച്ചയുടൻ സ്റ്റോക്സിനെ വാഷിങ്ടൻ സുന്ദർ വിക്കറ്റിനു മുന്നിൽ കുരുക്കിയെങ്കിലും പോപ്പിനു കൂട്ടായെത്തിയ ലോറൻസ് ഇന്നിങ്സ് മുന്നോട്ടു കൊണ്ടു പോയി. 62–ാം ഓവറിൽ പോപ്പിനെ വീഴ്ത്തി അശ്വിൻ കൂട്ടുകെട്ട് പൊളിച്ചു.

ആർച്ചർക്കു പരുക്ക്; സ്റ്റോക്സിന് വയറുവേദന

കൈമുട്ടിന്റെ പരുക്ക് വീണ്ടും അലട്ടിയതിനാൽ പേസ് ബോളർ ജോഫ്ര ആർച്ചർക്ക് അവസാന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം പിടിക്കാനായില്ല. ചെന്നൈയിലെ 2–ാം ടെസ്റ്റും ഇതേ കാരണത്താൽ ആർച്ചർക്കു നഷ്ടമായിരുന്നു. ബെൻ സ്റ്റോക്സ് ഉൾപ്പെടെയുള്ള ചില കളിക്കാർക്ക് വയറിന് അസ്വസ്ഥത പിടിപെട്ടതായും ഇംഗ്ലണ്ട് ടീം മാനേജ്മെന്റ് അറിയിച്ചു.

സിറാജിനെതിരെ സ്റ്റോക്സ്; തീർപ്പാക്കി കോലി

ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് സിറാജിനെ വാക്കുകൾ കൊണ്ടു പ്രകോപിപ്പിക്കാൻ ശ്രമിച്ച ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ബെൻ സ്റ്റോക്സിനെ ഉപദേശിച്ച് വിരാട് കോലി. ഇംഗ്ലണ്ട് 3ന് 32 എന്ന നിലയിൽ പതറുമ്പോഴായിരുന്നു സിറാജിനെതിരെ മാനസിക ആധിപത്യം നേടാൻ സ്റ്റോക്സിന്റെ വാക്പ്രയോഗം. എന്നാൽ പെട്ടെന്നു തന്നെ സ്റ്റോക്സിന് അടുത്തെത്തിയ കോലി ഉപദേശരൂപേണ സംസാരിച്ചു. അംപയർ നിതിൻ മേനോൻ ഇടപെട്ടതോടെയാണ് ഇരുവരും പിരിഞ്ഞത്.

സ്കോർ ബോർഡ് ടോസ്: ഇംഗ്ലണ്ട്

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ്: ക്രൗളി സി സിറാജ് ബി അക്ഷർ–9, സിബ്‌ലി ബി അക്ഷർ–2, ബെയർസ്റ്റോ എൽബി സിറാജ്–28, റൂട്ട് എൽബി സിറാജ്–5, സ്റ്റോക്സ് എൽബി വാഷിങ്ടൻ–55, പോപ്പ് സി ഗിൽ ബി അശ്വിൻ–29, ലോറൻസ് സ്റ്റംപ്ഡ് ബി അക്ഷർ–46, ഫോക്സ് സി രഹാനെ ബി അശ്വിൻ–1, ബെസ് എൽബി അക്ഷർ–3, ലീച്ച് എൽബി അശ്വിൻ–7, ആൻഡേഴ്സൻ നോട്ടൗട്ട്–10, എക്സ്ട്രാസ്–10. ആകെ 75.5 ഓവറിൽ 205നു പുറത്ത്.

വിക്കറ്റ് വീഴ്ച: 1–10,2–15, 3–30, 4–78, 5–121, 6–166, 7–170, 8–188, 9–189, 10–205.

ബോളിങ്: ഇഷാന്ത് 9–2–23–0, സിറാജ് 14–2–45–2, അക്ഷർ 26–7–68–4, അശ്വിൻ 19.5–4–47–3, വാഷിങ്ടൻ 7–1–14–1.

ഇന്ത്യ ഒന്നാം ഇന്നിങ്സ്: ഗിൽ എൽബി ആൻഡേഴ്സൻ–0, രോഹിത് ബാറ്റിങ്–8, പൂജാര ബാറ്റിങ്–15, എക്സ്ട്രാസ്–1. ആകെ 12 ഓവറിൽ ഒന്നിന് 24.

English Summary: India vs England, 4th Test, Day 1 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com