ADVERTISEMENT

അഹമ്മദാബാദ്∙ താരതമ്യേന ചെറിയ പ്രായത്തിൽത്തന്നെ ഇതിഹാസ താരം മഹേന്ദ്രസിങ് ധോണിയുടെ പിൻഗാമിയെന്ന പേരുമായി ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്ന ഋഷഭ് പന്തിന്, പിന്നീട് അതേ മികവു തുടരാനാകാതെ പോയതും പതുക്കെ ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ടീമിൽനിന്ന് പുറത്തായതും ചരിത്രം. ടെസ്റ്റിൽ പോലും വെറ്ററൻ താരം വൃദ്ധിമാൻ സാഹയ്ക്കു പിന്നിൽ രണ്ടാമനായി മാറിയ ഋഷഭ് പന്തിനു പകരം മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ള സാധ്യതകളിലേക്ക് സിലക്ടർമാരും ഇടയ്ക്കൊന്നു പാളി നോക്കിയതാണ്. പ്രതിഭയുടെ ധൂർത്തിന്റെ മറ്റൊരു ഉദാഹരണമായി പന്ത് എന്നെന്നേക്കുമായി ടീമിനു പുറത്താകുമെന്ന് ഒരു വിഭാഗം ആരാധകരും ഉറച്ചുവിശ്വസിച്ചു.

പക്ഷേ, സംഭവിച്ചതോ? ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്കുള്ള പന്തിന്റെ വിസ്മയിപ്പിക്കുന്ന തിരിച്ചുവരവിന്റെ രണ്ടാം ഭാഗമാണ് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിൽ കണ്ടത്. ഓസ്ട്രേലിയൻ പര്യടനത്തിൽ തുടങ്ങി ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും തകർപ്പൻ പ്രകടനത്തോടെ പന്ത് വീണ്ടും ടീമിന്റെ അവിഭാജ്യ ഘടകമായി മാറുകയാണ്. വിരാട് കോലി ഉൾപ്പെടെയുള്ള മുൻനിര ബാറ്റ്സ്മാൻ തീർത്തും പരാജയമായി മാറുമ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർക്ക് ഇപ്പോൾ ആധിയില്ല. ഋഷഭ് പന്തും വാഷിങ്ടൻ സുന്ദറും അക്ഷർ പട്ടേലും ഉൾപ്പെടുന്ന പുതിയ താരങ്ങളിൽ അവർക്ക് അത്രമാത്രം വിശ്വാസമുണ്ട്! വിക്കറ്റ് കീപ്പറെന്ന നിലയിലും ഇപ്പോൾ പന്ത് പഴയ പന്തല്ല. മഹേന്ദ്രസിങ് ധോണിയുടെ സുവർണ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന മിന്നലാട്ടങ്ങൾ ഇപ്പോൾ പന്തിലും കാണാം.

സത്യത്തിൽ പന്തിന് എന്താണ് സംഭവിച്ചത്? ടീമിന് പുറത്തായെന്ന് എല്ലാവരും ഉറപ്പിച്ച ഘട്ടത്തിൽ പൂർവാധികം കരുത്തോടെ ടീമിലേക്കു തിരിച്ചെത്താൻ പന്തിന് സാധിച്ചത് എങ്ങനെയാണ്? ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച തകർപ്പൻ സെഞ്ചുറിയോടെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ഋഷഭ് പന്തിന്റെ തിരിച്ചുവരവിന്റെ കഥ മത്സരശേഷം വിവരിച്ചത് പരിശീലകൻ രവി ശാസ്ത്രിയാണ്. എല്ലാ സന്നിഗ്ധ ഘട്ടങ്ങളിലും പന്തിന് ഉറച്ച പിന്തുണയുമായി ഒപ്പം നിന്ന അതേ ശാസ്ത്രി തന്നെ.

‘പന്തിന്റെ പ്രകടനത്തെ ഉജ്വലം എന്നല്ലാതെ എന്ത് വിശേഷിപ്പിക്കാനാണ്! എല്ലാവരും പന്തിനോട് അൽപം പരുക്കൻ നിലപാടാണ് കൈക്കൊണ്ടതെന്ന് നമുക്കറിയാം. ഒന്നും അനായാസം നേടിയെടുക്കാനാകില്ല. ക്രിക്കറ്റിനോട് കുറച്ചുകൂടി ബഹുമാനം കാണിക്കാനും കളിയെ ഗൗരവത്തിലെടുക്കാനും പലതവണ പന്തിനോട് ആവശ്യപ്പെടേണ്ടി വന്നിട്ടുണ്ട്. ക്രമാതീതമായി വർധിച്ച ശരീര ഭാരം കുറയ്ക്കാനും വിക്കറ്റ് കീപ്പറെന്ന നിലയിലുള്ള കഴിവുകൾ തേച്ചുമിനുക്കിയെടുക്കാൻ കഠിനാധ്വാനം ചെയ്യാനും അദ്ദേഹത്തെ നിർബന്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതിഭയിലുള്ള വിശ്വാസം കൊണ്ടായിരുന്നു അത്. അദ്ദേഹം ക്രിയാത്മകമായി പ്രതികരിച്ചതോടെ എല്ലാം ശുഭമായി’ – ശാസ്ത്രി വിശദീകരിച്ചു.

‘കഴിഞ്ഞ ഏതാനും മാസങ്ങളായി കഠിനമായ പരിശീലനത്തിലായിരുന്നു പന്ത്. അതിന്റെ ഗുണമാണ് ഇപ്പോൾ കിട്ടുന്നത്. ഇന്ത്യൻ മണ്ണിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച കൗണ്ടർ–അറ്റാക്കിങ് ഇന്നിങ്സാണ് പന്തിന്റെ സെഞ്ചുറി. രണ്ട് ഘട്ടങ്ങളുള്ള ഇന്നിങ്സായിരുന്നു അത്. തന്റെ സ്വതസിദ്ധമായ ശൈലി വിട്ട് രോഹിത്തിനൊപ്പം പടുത്തുയർത്തിയ കൂട്ടുകെട്ടാണ് ആദ്യത്തേത്. അത് അത്ര എളുപ്പമുള്ള ഒന്നല്ല. അർധസെഞ്ചുറി പിന്നിട്ടപ്പോൾ അദ്ദേഹം ശൈലി മാറ്റി. വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിലും നല്ല പുരോഗതിയുണ്ടായി’ – ശാസ്ത്രി ചൂണ്ടിക്കാട്ടി.

English Summary: How Shastri and team worked on Pant's transformation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com