ADVERTISEMENT

കറാച്ചി∙ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമെതിരായ ടെസ്റ്റ് പരമ്പരകളിലെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിയ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പുകഴ്ത്തി പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് രംഗത്ത്. ഇന്ത്യയുടെ മുൻ ഓപ്പണർ കൂടിയായ വീരേന്ദര്‍ സേവാഗിന്റെ ബാറ്റിങ് ശൈലിയുമായി സാമ്യമുള്ള ശൈലിയാണ് പന്തിന്റേതെന്ന് ഇൻസമാം അഭിപ്രായപ്പെട്ടു. പന്ത് ക്രീസിൽ നിൽക്കുമ്പോൾ സേവാഗ് ഇടംകൈ കൊണ്ട് കളിക്കുകയാണെന്ന് തോന്നുമെന്നും ഇൻസമാം വ്യക്തമാക്കി.

ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ വിജയ സാധ്യതകളെ ഊതിക്കത്തിച്ച താര സാന്നിധ്യമായിരുന്നു പന്ത്. ഒന്നാം ടെസ്റ്റിലെ തോൽവിക്കുശേഷം സിഡ്നിയിലെയും ബ്രിസ്ബേനിലെയും രണ്ടും മൂന്നും ടെസ്റ്റുകൾ ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുമ്പോൾ, നിർണായകമായി മാറിയത് പന്തിന്റെ ഇന്നിങ്സുകളായിരുന്നു. ഇതിനു പിന്നാലെയാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും പന്ത് തകർപ്പൻ പ്രകടനം പുറത്തെടുത്തത്.

‘ഋഷഭ് പന്ത് വളരെ മികച്ചൊരു താരമാണ്. ദീർഘ നാളുകൾക്കു ശേഷമാണ് സമ്മർദ്ദം തൊട്ടുതീണ്ടാത്ത ഒരു താരത്തെ കാണുന്നത്. 146 റൺസിനിടെ ആറു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്ക് നീങ്ങുന്ന ഘട്ടമാണെങ്കിലും, പന്ത് ഇന്നിങ്സ് ആരംഭിക്കുന്നതും കെട്ടിപ്പടുക്കുന്നതും അഴകുള്ളൊരു കാഴ്ചയാണ്. മറ്റാർക്കും അത്ര അനായാസമായി കളിക്കാനാകില്ല. എതിർ ടീമിന്റെ സ്കോറോ പിച്ചിന്റെ പ്രത്യേകതകളോ നോക്കാതെ അദ്ദേഹം തന്റെ സ്വതസിദ്ധമായ ഷോട്ടുകൾ കളിച്ചു. സ്പിന്നർമാരെയും പേസ് ബോളർമാരെയും അനായാസം നേരിട്ടു. അദ്ദേഹത്തിന്റെ പ്രകടനം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. സേവാഗ് ഇടംകൈ കൊണ്ട് ബാറ്റു ചെയ്യുന്നതുപോലെയാണ് തോന്നിയത്’ – ഇൻസമാം പറഞ്ഞു.

‘സേവാഗിനൊപ്പം കളിച്ചിട്ടുള്ളയാളാണ് ഞാൻ. അദ്ദേഹവും ഇതുപോലെയാണ്. മറ്റു ഘടകങ്ങളൊന്നും സേവാഗിന്റെ ബാറ്റിങ്ങിനെ സ്വാധീനിക്കില്ല. അദ്ദേഹം ബാറ്റു ചെയ്യുമ്പോൾ പിച്ചിന്റെ പ്രത്യേകതകളോ എതിർ ടീമിന്റെ ബോളിങ് യൂണിറ്റോ ഒന്നും ഗൗനിക്കാറില്ല. ഫീൽഡർമാരെ എവിടെ നിർത്തിയാലും സേവാഗ് തന്റെ സ്വന്തമായ ഷോട്ടുകളെല്ലാം കളിക്കും. സേവാഗിനുശേഷം അത്തരമൊരു താരത്തെ കണ്ടത് ഇപ്പോഴാണ്’ – ഇൻസമാം പറഞ്ഞു.

‘ആദ്യം മുതലേ ഞാൻ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. പന്തിന്റെ മികച്ച ഇന്നിങ്സുകളെല്ലാം പിറന്നത് ഇന്ത്യയിലല്ല. ഓസ്ട്രേലിയയിലും സമാനമായ പ്രകടനമാണ് പന്തിന്റേത്. സെഞ്ചുറിയടിക്കാനുള്ള കളിയല്ല പന്തിന്റേത്. സ്വന്തമായി രൂപപ്പെടുത്തിയ പക്വതയുള്ള ശൈലിയാണത്. നീണ്ട കാലത്തിനുശേഷമാണ് ഇത്തരമൊരു താരത്തെ ഞാൻ കാണുന്നത്. മുൻപ് ഇന്ത്യയ്ക്ക് സച്ചിനും ദ്രാവിഡുമുണ്ടായിരുന്നു. ഇപ്പോൾ വിരാടും രോഹിത്തുമുണ്ട്. പക്ഷേ, പന്തിന്റെ ബാറ്റിങ് അനുപമമാണ്. അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ശ്രദ്ധേയം. ക്രിക്കറ്റിൽ പന്തിനേപ്പോലൊരു താരത്തെ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂ’ – ഇൻസമാം ചൂണ്ടിക്കാട്ടി.

English Summary: Inzamam-ul-Haq in awe of Rishabh Pant's batting: It's like watching Sehwag bat left-handed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com