ADVERTISEMENT

പുണെ ∙ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ കൊടുത്തതെല്ലാം ഇന്ത്യയ്ക്ക് തിരിച്ചുകിട്ടി; അതും പലിശസഹിതം! ആരാധകരെ ആവേശത്തിലാഴ്ത്തിയ പ്രകടനത്തോടെ ഇന്ത്യ ഉയർത്തിയ 337 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം അവിശ്വസനീയമാംവിധം അനായാസമായി മറികടന്ന ഇംഗ്ലണ്ടിന്, രണ്ടാം ഏകദിനത്തിൽ തകർപ്പൻ ജയം. ഇന്ത്യൻ മണ്ണിൽ ഇംഗ്ലണ്ട് പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡിന്റെ അകമ്പടിയോടെ, ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം സന്ദർശകർ മറികടന്നത് നാലു വിക്കറ്റ് നഷ്ടത്തിൽ. ബാക്കിയായത് 39 പന്തുകൾ! ആറു വിക്കറ്റ് ജയത്തോടെ ഇംഗ്ലണ്ട് മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 1–1ന് ഇന്ത്യയ്ക്കൊപ്പമെത്തി. പരമ്പര വിജയികളെ നിർണയിക്കുന്ന നിർണായക മത്സരം ഞായറാഴ്ച ഇതേ വേദിയിൽ നടക്കും.

ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്, ഓപ്പണർ ജോണി ബെയർസ്റ്റോയുടെ സെഞ്ചുറിയും ഒറ്റ റണ്ണിന് സെഞ്ചുറി നഷ്ടമായ ബെൻ സ്റ്റോക്സിന്റെ ഇന്നിങ്സുമാണ് കരുത്തായത്. ഏകദിനത്തിലെ 11–ാം സെഞ്ചുറി സ്വന്തമാക്കിയ ബെയർസ്റ്റോ 112 പന്തിൽ 11 ഫോറും ഏഴു സിക്സറുകളും സഹിതം 124 റൺസെടുത്തു. തകർത്തടിച്ച സ്റ്റോക്സ് ആകട്ടെ, 52 പന്തിൽ നാലു ഫോറും 10 പടുകൂറ്റൻ സിക്സറുകളും സഹിതം 99 റൺസെടുത്തു. തുടർച്ചയായ ഓവറുകളിൽ സ്റ്റോക്സ്, ബെയർസ്റ്റോ, ജോസ് ബട്‍ലർ (0) എന്നിവർ പുറത്തായത് ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കിയെങ്കിലും അരങ്ങേറ്റ മത്സരം കളിക്കുന്ന ലിയാം ലിവിങ്സ്റ്റൺ (15 പന്തിൽ പുറത്താകാതെ 26), ഡേവിഡ് മലൻ (ഏഴു പന്തിൽ പുറത്താകാതെ 10) എന്നിവർ ചേർന്ന് അവർക്ക് വിജയവഴി തെളിച്ചു. മത്സരത്തിലാകെ 20 സിക്സറുകൾ പറത്തിയ ഇംഗ്ലിഷ് താരങ്ങൾ, ഒരു ഏകദിന ഇന്നിങ്സിൽ ഇന്ത്യയ്ക്കെതിരെ കൂടുതൽ സിക്സറുകൾ നേടുന്ന ടീമെന്ന റെക്കോർഡിന് ഒപ്പമെത്തി. 2015ൽ മുംബൈയിൽ ഇന്ത്യയ്‌ക്കെതിരെ 20 സിക്സറുകൾ നേടിയ ദക്ഷിണാഫ്രിക്കയുടെ റെക്കോർഡിന് ഒപ്പമാണ് ഇംഗ്ലണ്ട്.

52 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 55 റൺസെടുത്ത ഓപ്പണർ ജേസൺ റോയിയാണ് ഇംഗ്ലണ്ട് നിരയിൽ പുറത്തായ മറ്റൊരാൾ. രോഹിത് ശർമയുടെ മികച്ച ഫീൽഡിങ്ങിൽ റോയി റണ്ണൗട്ടായി. മുന്നിലുണ്ടായിരുന്ന റൺമല കീഴടക്കാനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണിങ് വിക്കറ്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ജേസൺ റോയി – ജോണി ബെയർസ്റ്റോ സഖ്യമാണ് കരുത്തായത്. 99 പന്തുകൾ നീണ്ട കൂട്ടുകെട്ടിൽ ഇവർ പടുത്തുയർത്തിയത് 110 റൺസ്!

റോയി റണ്ണൗട്ടായതിനു പിന്നാലെ ക്രീസിൽ ഒത്തുചേർന്ന ബെയർ‌സ്റ്റോ – സ്റ്റോക്സ് സഖ്യമാണ് മത്സരം പൂർണമായും ഇന്ത്യയിൽനിന്ന് അകറ്റിയത്. വെറും 117 പന്തിൽനിന്ന് 175 റൺസാണ് ഇരുവരും ചേർന്ന് സ്കോർ ബോർഡിലെത്തിച്ചത്. ഭുവനേശ്വർ കുമാറിന്റെ പന്തിൽ പുറത്തായതോടെ വെറും ഒരു റണ്ണിന് സെഞ്ചുറി നഷ്ടമായെങ്കിലും, ഇന്ത്യൻ ബോളിങ്ങിനെ വലിച്ചുകീറിയ ഇന്നിങ്സിനൊടുവിൽ 52 പന്തിൽ നാലു ഫോറും 10 സിക്സറും നേടിയാണ് സ്റ്റോക്സ് മടങ്ങിയത്. തൊട്ടടുത്ത ഓവറിൽ ബെയർസ്റ്റോ (112 പന്തിൽ 124), ക്യാപ്റ്റൻ ജോസ് ബട്‍ലർ (0) എന്നിവരെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കിയെങ്കിലും അപ്പോഴേക്കും ഇംഗ്ലണ്ട് വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു. ലിയാം ലിവിങ്സ്റ്റൺ (21 പന്തിൽ 27), ഡേവിഡ് മലൻ (23 പന്തിൽ 16) എന്നിവർ ചേർന്ന് ‘ചടങ്ങുകൾ’ പൂർത്തിയാക്കി.

ഇന്ത്യൻ ബോളർമാരിൽ കുറച്ചെങ്കിൽ ഭേദപ്പെട്ടുനിന്നത് പേസ് ബോളർമാരായ പ്രസിദ്ധ് കൃഷ്ണയും ഭുവനേശ്വർ കുമാറും മാത്രം. പ്രസിദ്ധ് 10 ഓവറിൽ 58 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ഭുവി 10 ഓവറിൽ 63 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. കുൽദീപ് യാദവ് 10 ഓവറിൽ 84 റൺസ് വഴങ്ങി തീർത്തും നിരാശപ്പെടുത്തി. ആറ് ഓവറിൽ 72 റൺസ് വഴങ്ങി ക്രുണാൾ പാണ്ഡ്യയും മറക്കാനാഗ്രഹിക്കുന്ന മത്സരമായി ഇതു മാറി. ഷാർദുൽ താക്കൂർ 7.3 ഓവറിൽ വഴങ്ങിയത് 54 റൺസും.

∙ ആദ്യം കരുതൽ, പിന്നെ ആക്രമണം

ആക്രമണവും പ്രതിരോധവും സമാസമം ചാലിച്ച തകർപ്പൻ സെഞ്ചുറിയുമായി നങ്കൂരമിട്ട് കെ.എൽ. രാഹുൽ. കരുതലിന്റെ കരങ്ങളുമായി 62–ാം ഏകദിന അർധസെഞ്ചുറി കുറിച്ച് ക്യാപ്റ്റൻ വിരാട് കോലി. 437 ദിവസങ്ങൾക്കുശേഷം ഇന്ത്യൻ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് ആക്രമണം മുഖമുദ്രയാക്കിയൊരു അർധസെഞ്ചുറിയുമായി ആഘോഷിച്ച് ഋഷഭ് പന്ത്. ഏറ്റവുമൊടുവിൽ, തകർത്തടിച്ച് പാണ്ഡ്യ സഹോദരൻമാരും. ആരാധകരെ ആവോളം വിരുന്നൂട്ടിയ ഇന്നിങ്സിനൊടുവിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയത് 337 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 336 റൺസെടുത്തത്.

ഏകദിനത്തിലെ അഞ്ചാമത്തെയും ഇംഗ്ലണ്ടിനെതിരെ ആദ്യത്തെയും സെഞ്ചുറി കുറിച്ച രാഹുൽ 114 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 108 റൺസെടുത്തു. കോലി 79 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം നേടിയത് 66 റൺസ്. ഏകദിനത്തിൽ ഇത് ഏഴാം തവണയാണ് കോലി തുടർച്ചയായി നാലോ അതിലധികമോ ഇന്നിങ്സുകളിൽ 50 കടക്കുന്നത്. അവസാന നാല് ഏകദിനങ്ങളിൽ കോലിയുടെ സ്കോറുകൾ ഇങ്ങനെ: 89, 63, 56, 66. പന്താകട്ടെ, വെറും 40 പന്തിൽനിന്ന് മൂന്നു ഫോറും ഏഴു പടുകൂറ്റൻ സിക്സും സഹിതം നേടിയത് 77 റൺസ്. ഹാർദിക് പാണ്ഡ്യ 16 പന്തിൽ ഒരു ഫോറും നാലു സിക്സും സഹിതം 35 റൺസുമായി അവസാന ഓവറിൽ പുറത്തായി. രോഹിത് ശർമ (25 പന്തിൽ 25), ശിഖർ ധവാൻ (17 പന്തിൽ നാല്), ക്രുണാൾ പാണ്ഡ്യ (ഒൻപത് പന്തിൽ പുറത്താകാതെ 12) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

37 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റിൽ കരുതലോടെ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത വിരാട് കോലി – കെ.എൽ. രാഹുൽ സഖ്യമാണ് മികച്ച സ്കോറിന് അടിത്തറയിട്ടത്. 141 പന്തുകൾ നേരിട്ട ഇവരുടെ സഖ്യം, 121 റൺസാണ് ഇന്ത്യൻ സ്കോർ ബോർഡിലെത്തിച്ചത്. ഇവര്‍ക്കു ശേഷം തകർത്തടിച്ച് മറ്റൊരു സെഞ്ചുറി കൂട്ടുകെട്ടുമായി രാഹുൽ – പന്ത് സഖ്യം ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചു. വെറും 80 പന്തിൽനിന്ന് രാഹുൽ – പന്ത് സഖ്യം കൂട്ടിച്ചേർത്തത് 113 റൺസ്! അഞ്ചാം വിക്കറ്റിൽ പാണ്ഡ്യ – പന്ത് സഖ്യവും (13 പന്തിൽ 37), ആറാം വിക്കറ്റിൽ ഹാർദിക് – ക്രുണാൽ സഖ്യവും (19 പന്തിൽ 26) ഇന്ത്യൻ സ്കോറുയർത്തി.

ഏകദിനത്തിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് ഇന്ത്യ 300 കടക്കുന്നതെന്ന പ്രത്യേകതയുണ്ട്. ഇതിനു മുൻപ് 2017ൽ മാത്രമാണ് ഇന്ത്യ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ 300 കടന്നത്. അന്ന് ആദ്യ മൂന്നു തവണയും ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ 300 പിന്നിട്ടത്. ഇത്തവണ അവസാന രണ്ടു തവണയും. ഇംഗ്ലണ്ടിനായി റീസ് ടോപ്‍ലി എട്ട് ഓവറിൽ 50 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ടോം കറനും രണ്ട് വിക്കറ്റ് ലഭിച്ചെങ്കിലും 10 ഓവറിൽ 83 റൺസ് വഴങ്ങി. സാം കറൻ, ആദിൽ റഷീദ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

English Summary: India vs England, 2nd ODI - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com