ADVERTISEMENT

മുംബൈ∙ ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 14–ാം സീസണിനിടെ പിൻമാറ്റം പ്രഖ്യാപിച്ച ഓസ്ട്രേലിയൻ താരങ്ങളായ സ്പിന്നർ ആദം സാംപയ്ക്കും പേസ് ബോളർ കെയ്ൻ റിച്ചാർഡ്സനും നാട്ടിലേക്ക് മടങ്ങാനായില്ല. ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് ഓസ്ട്രേലിയൻ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തുന്നതിനു മുൻപേ നാട്ടിലെത്താൻ ശ്രമിച്ച ഇരുവരും, മുംബൈയിൽ കുടുങ്ങിയിരിക്കുകയാണെന്ന് ‘ക്രിക്ബസ്’ റിപ്പോർട്ട് ചെയ്തു.

മേയ് 15 വരെ ഇന്ത്യയിൽനിന്നുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് താരങ്ങൾ മുംബൈയിൽ കുടുങ്ങിയത്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരങ്ങളായിരുന്ന ഇരുവരും ഞായറാഴ്ച തന്നെ ടീമിന്റെ ബയോ സെക്യുർ ബബ്ൾ വിട്ടിരുന്നു. തുടർന്ന് നാട്ടിലേക്കു മടങ്ങാനായി മുംബൈ വിമാനത്താവളത്തിന് സമീപം ഹോട്ടലിൽ താമസിക്കുകയായിരുന്നു. ബാംഗ്ലൂർ ടീമാകട്ടെ, മുംബൈയിലെ മത്സരങ്ങൾ പൂർത്തിയാക്കി അഹമ്മദാബാദിലേക്കും പോയി.

യാത്രാ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ താരങ്ങൾ കുറഞ്ഞപക്ഷം മേയ് 15 വരെയെങ്കിലും ഇന്ത്യയിൽ തുടരേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തിൽ മേയ് 15 വരെയാണ് നിരോധനമെങ്കിലും, ഇന്ത്യയിലെ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ നീട്ടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

അതിനിടെ, ഇന്ത്യയിലുള്ള ഓസ്ട്രേലിയൻ താരങ്ങളെ തിരികെയെത്തിക്കാൻ സർക്കാർ തലത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യില്ലെന്നും ഓസീസ് പ്രധാനമന്ത്രി മോറിസൺ വ്യക്തമാക്കി. ഇത് ഓസ്ട്രേലിയൻ ടീമിന്റെ ഔദ്യോഗിക പര്യടനത്തിന്റെ ഭാഗമല്ലെന്ന് മോറിസൺ ചൂണ്ടിക്കാട്ടി. നാട്ടിലേക്കു മടങ്ങാൻ താരങ്ങൾ സ്വന്തം നിലയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഐപിഎൽ കരാർ ഉപേക്ഷിച്ച താരങ്ങളെ തിരികെ നാട്ടിലെത്തിക്കാൻ എന്തെങ്കിലും ചെയ്യാനാകുമോയെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സർക്കാർ തലത്തിൽ ചർച്ചകൾ നടത്തുന്നുണ്ട്. പ്രത്യേക വിമാനം ഏർപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ രാജസ്ഥാൻ റോയൽസ് താരം ആൻഡ്രൂ ടൈ നാട്ടിലേക്കു മടങ്ങിയതുപോലെ, ദോഹ വഴി നാട്ടിലെത്തിക്കാൻ ശ്രമിക്കും. മറ്റു രാജ്യങ്ങൾ ഇന്ത്യയിൽനിന്നുള്ള കൂടുതൽ വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത് ഈ നീക്കത്തിന് തിരിച്ചടിയാണ്.

English Summary: Adam Zampa, Kane Richardson still in Mumbai; awaiting Australia return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com