ADVERTISEMENT

മുംബൈ∙ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ടീമിനു പുറത്തായെങ്കിലും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണിന് ഉപദേശവുമായി മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ശ്രീലങ്കൻ പര്യടനത്തിൽ കളത്തിലിറങ്ങാൻ അവസരം ലഭിച്ചാൽ സഞ്ജു സാഹചര്യത്തിന് അനുസരിച്ച് കളിക്കണമെന്ന് ചോപ്ര ആവശ്യപ്പെട്ടു. യുട്യൂബ് വിഡിയോയിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് സഞ്ജുവിനോടായി ചില നിർദ്ദേശങ്ങൾ ചോപ്ര മുന്നോട്ടു വച്ചത്.

ശ്രീലങ്കൻ പര്യടനത്തിൽ സഞ്ജു തന്റെ ബാറ്റിങ് ശൈലി മാറ്റാനുള്ള സാധ്യത കാണുന്നുണ്ടോ എന്നതായിരുന്നു ചോദ്യം. കളത്തിൽ അലക്ഷ്യമായി കളിക്കുന്നതും സമ്മർദ്ദമില്ലാതെ കളിക്കുന്നതും രണ്ടാണെന്ന് ചോപ്ര സഞ്ജുവിനെ ഓർമിപ്പിച്ചു. ഇക്കാര്യത്തിൽ മഹേന്ദ്രസിങ് ധോണിയെ മാതൃകയാക്കാമെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

‘ഏകദിനത്തിലോ ട്വന്റി20യിലോ സഞ്ജുവിന് അവസരം ലഭിക്കുമോയെന്ന് എനിക്ക് ഉറപ്പി‌ല്ല. ഇപ്പോഴത്തെ ശൈലിയിൽ മാറ്റം വരുത്തില്ലെന്ന് അദ്ദേഹം പലകുറി ആവർത്തിച്ചിട്ടുണ്ട്. സമ്മർദ്ദമില്ലാതെ കളിക്കുന്നതും അലക്ഷ്യമായി കളിക്കുന്നതും രണ്ടാണ്. ഇതിനിടയിൽ കൃത്യമായ അതിരുണ്ട്. സമ്മർദ്ദമില്ലാതെ കളിക്കുന്നതിൽ ധോണിയെ മാതൃകയാക്കാം. മറ്റുള്ളവരിൽ ഏറിയ പങ്കും അലക്ഷ്യമായി കളിക്കുന്നതും നാം കണ്ടിട്ടുണ്ട്’ – ചോപ്ര ചൂണ്ടിക്കാട്ടി.

‘ഏകദിന പരമ്പരയിൽ സഞ്ജുവിന് അവസരം ലഭിച്ചാൽ, സാഹചര്യത്തിനൊത്ത് കളിക്കാൻ അദ്ദേഹം തയാറാകുമെന്നാണ് പ്രതീക്ഷ. ബാക്കിയെല്ലാം മാറ്റിവയ്ക്കണം. പിച്ചിന്റെ പ്രത്യേകതയെന്താണെന്നും ടീമിന്റെ ആവശ്യമെന്താണെന്നും ആദ്യമേ നോക്കണം. അതു മാത്രമേയുള്ളൂ. ഒരു മികച്ച ബാറ്റ്സ്മാനായി വളരാനും ടീമിലെ സ്ഥാനം ഉറപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കുകയാണ് പ്രധാനം’ – ചോപ്ര പറഞ്ഞു.

ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസിനെ നയിക്കാൻ ലഭിച്ച അവസരം ശ്രീലങ്കൻ പര്യടനത്തിൽ സഞ്ജുവിന് ഗുണം ചെയ്യുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

‘രണ്ടാമത് ബാറ്റു ചെയ്യുമ്പോൾ ഓവറിൽ ശരാശരി 8–10 റൺസ് വേണമെന്ന് കരുതുക. ആ സമയത്ത് റൺസ് കണ്ടെത്താൻ യഥേഷ്ടം ഷോട്ടുകൾ കളിക്കാം. എന്നാൽ മൂന്നോ നാലോ വിക്കറ്റ് നഷ്ടമായിരിക്കുന്ന ഘട്ടമാണെങ്കിൽ ശ്രദ്ധയോടെ കളിക്കണം. ഇപ്പോൾ സഞ്ജു ഐപിഎലിൽ രാജസ്ഥാന്റെ ക്യാപ്റ്റനാണ്. സ്വാഭാവികമായും ഇത്തവണ കുറച്ചുകൂടി പക്വതയുള്ള പ്രകടനം പ്രതീക്ഷിക്കാം’ – ചോപ്ര പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കായി 20 അംഗ ടീമിനെയാണ് സിലക്ടർമാർ പ്രഖ്യാപിച്ചത്. ജൂലൈ 13ന് ആരംഭിക്കുന്ന പര്യടനത്തിൽ മൂന്നു വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ശിഖർ ധവാൻ നയിക്കുന്ന ടീമിൽ സഞ്ജുവിനു പുറമെ വിക്കറ്റ് കീപ്പറായി മുംബൈ ഇന്ത്യൻസിന്റെ ജാർഖണ്ഡ് താരം ഇഷാൻ കിഷനുമുണ്ട്.

English Summary: He’s an IPL captain, his maturity will be seen’: Chopra advises Sanju Samson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com