ADVERTISEMENT

സിഡ്നി∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ന്യൂസീലൻഡിനെ ‘ഉപദേശിക്കാൻ’ മുതിർന്ന മുൻ താരം ഷെയ്ൻ വോണിന് സമൂഹമാധ്യമങ്ങളിൽ ട്രോൾമഴ! മത്സരത്തിൽ ഒരു സ്പിന്നറേപ്പോലും കളിപ്പിക്കാൻ ന്യൂസീലൻഡ് തയാറാകാതിരുന്നതാണ് വോണിന്റെ അപ്രീതി പിടിച്ചുപറ്റിയത്. ഇന്ത്യയാകട്ടെ, രണ്ടു സ്പിന്നർമാരെ കളത്തിലിറക്കിയിരുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 275–300 റൺസെടുത്താൽ കാലാവസ്ഥ ചതിച്ചില്ലെങ്കിൽ അനായാസം വിജയം നേടുമെന്നും വോൺ ‘പ്രവചിച്ചിരുന്നു’.

റിസർവ് ദിനത്തിലേക്കു നീണ്ട ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ എട്ടു വിക്കറ്റിനു തോറ്റതിനു പിന്നാലെയാണ് വോണിന്റെ പഴയ ട്വീറ്റ് ചിലർ ‘കുത്തിപ്പൊക്കിയത്’. ഇന്ത്യ–ന്യൂസീലൻഡ് കലാശപ്പോരാട്ടത്തിനു മുന്നോടിയായിട്ടാണ് ട്വിറ്ററിലൂടെ വോൺ ന്യൂസീലൻഡിന്റെ ടീം സിലക്ഷനെ വിമർശിച്ചത്.

‘ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഒരു സ്പിന്നറേപ്പോലും കളിപ്പിക്കാത്ത ന്യൂസീലൻഡിന്റെ തീരുമാനം നിരാശയുളവാക്കുന്നു. ഇപ്പോൾത്തന്നെ പിച്ച് സ്പിന്നിനു അനുകൂലമാകുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. ഓർക്കുക, ലക്ഷണങ്ങളുണ്ടെങ്കിൽ പിച്ച് സ്പിന്നിന് അനുകൂലമാകുമെന്ന് തീർച്ചയാണ്. ഇന്ത്യ 275–300 റൺസ് നേടുന്നുവെന്ന് കരുതുക. കാലാവസ്ഥ ഇടപെട്ടില്ലെങ്കിൽ മത്സരം അപ്പോൾത്തന്നെ തീർന്നുവെന്ന് കരുതേണ്ടി വരും’ – വോൺ ട്വീറ്റ് ചെയ്തു.

എന്നാൽ, വോണിന്റെ വിലയിരുത്തൽ പൂർണമായും തെറ്റിപ്പോകുന്ന കാഴ്ചയാണ് സതാംപ്ടണിൽ കണ്ടത്. രണ്ടു സ്പിന്നർമാരുമായി കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് അതുകൊണ്ട് സംഭവിച്ചത് നഷ്ടം മാത്രം. പ്രധാന സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രണ്ട് ഇന്നിങ്സുകളിൽനിന്ന് വീഴ്ത്തിയത് നാലു വിക്കറ്റ് മാത്രം. ജഡേജയ്ക്ക് ലഭിച്ചത് ഒരേയൊരു വിക്കറ്റും. ഒരു സ്പിന്നറേപ്പോലും ഉൾപ്പെടുത്താതെ ഇറങ്ങിയ ന്യൂസീലൻഡ്, പേസ് ബോളർമാരുടെ മികവിൽ ഇന്ത്യയെ അനായാസം ചുരുട്ടിക്കെട്ടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വോണിന്റെ പഴയ ട്വീറ്റ് തരംഗമായത്.

English Summary: Shane Warne questions New Zealand's strategy in Southampton, gest trolled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com