ADVERTISEMENT

മുംബൈ∙ ശ്രീലങ്കയ്‌ക്കെതിരെ ഏകദിന, ട്വന്റി20 പരമ്പരകൾക്ക് തയാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ, വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണിന് ആദ്യ അവസരം നൽകണമെന്ന് മുൻ താരം മുഹമ്മദ് കൈഫ്. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ആരു വേണമെന്ന സംവാദം മുൻ താരങ്ങൾക്കിടയിൽ സജീവമായ സാഹചര്യത്തിലാണ് കൈഫ് സഞ്ജുവിനെ പിന്തുണച്ചത്. ഇന്ത്യൻ പ്രിമിയർ ലീഗിലും (ഐപിഎൽ) ആഭ്യന്തര ക്രിക്കറ്റിലും മിന്നുന്ന ഫോമിലായിരുന്ന സഞ്ജുവിന് ആദ്യ അവസരം നൽകണമെന്ന് കൈഫ് അഭിപ്രായപ്പെട്ടു.

ശിഖർ ധവാൻ നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സ‍ഞ്ജുവിനൊപ്പം ജാർഖണ്ഡ് താരം ഇഷാൻ കിഷനും പരിഗണനയിലുണ്ട്. മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ, ആകാശ് ചോപ്ര തുടങ്ങിയവർ സ്ഥിരത പുലർത്താത്ത സഞ്ജുവിന് പകരം ഇഷാൻ കിഷന് ആദ്യ അവസരം നൽകണമെന്ന അഭിപ്രായക്കാരാണ്. അതേസമയം, വി.വി.എസ്. ലക്ഷ്മൺ ഉൾപ്പെടെയുള്ളവർ സഞ്ജുവിനായും വാദിക്കുന്നു. ഇതിനിടെയാണ് സഞ്ജുവിന് പിന്തുണ പ്രഖ്യാപിച്ച് കൈഫിന്റെ രംഗപ്രവേശം.

‘പരിശീലകനെന്ന നിലയിൽ രാഹുൽ ദ്രാവിഡിനും ക്യാപ്റ്റനെന്ന നിലയിൽ ശിഖർ ധവാനും മുന്നിലുള്ള ജോലി കഠിനമാണ്. ആകെയുള്ളത് ആറു മത്സരങ്ങൾ. ഒപ്പമുള്ളത് വലിയൊരു ടീമും’ – കൈഫ് ചൂണ്ടിക്കാട്ടി.

‘എങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി ടീമിനൊപ്പമുള്ള താരമെന്ന നിലയിൽ സഞ്ജുവിന് തന്നെ ഇഷാൻ കിഷനു പകരം അവസരം നൽകണമെന്നാണ് എന്റെ അഭിപ്രായം. ഇന്ത്യയ്‌ക്കായി മുൻപു കളിച്ചിട്ടുള്ള താരമാണ് സഞ്ജു. ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും സഞ്ജുവുണ്ടായിരുന്നു. ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ നായകൻ കൂടിയാണ് അദ്ദേഹം’ – കൈഫ് ചൂണ്ടിക്കാട്ടി.

പ്രതിഭയുടെ കാര്യത്തിൽ ആർക്കും തർക്കമില്ലെങ്കിലും, ഇന്ത്യൻ ടീമിൽ ലഭിച്ച അവസരങ്ങളിലൊന്നും തിളങ്ങാനാകാതെ പോയതാണ് സഞ്ജുവിന്റെ സ്ഥാനം ചോദ്യചിഹ്‌നമാക്കുന്നത്. ഇഷാൻ കിഷനാകട്ടെ, ഇന്ത്യൻ ജഴ്സിയിൽ ലഭിച്ച ആദ്യ അവസരത്തിൽത്തന്നെ തകർപ്പൻ അർധസെഞ്ചുറിയുമായി വരവറിയിക്കുകയും ചെയ്തു. എങ്കിലും, ഇഷാൻ കിഷനേക്കാൾ സഞ്ജുവിനെ തന്നെ കളിപ്പിക്കണമെന്ന നിലപാടാണ് കൈഫ് കൈക്കൊണ്ടത്.

‘ഏകദിന പരമ്പരയിൽ ഇതിനകം ഇന്ത്യൻ ടീമിൽ കളിച്ചിട്ടുള്ളവർക്കാകും രാഹുൽ ദ്രാവിഡും ശിഖർ ധവാനും പ്രാമുഖ്യം നൽകുകയെന്നാണ് എന്റെ അഭിപ്രായം. ആദ്യ മത്സരങ്ങളിൽ പരിചയ സമ്പന്നരായ താരങ്ങൾക്ക് അവസരം ലഭിക്കും. സഞ്ജു അതിൽ ഒരാളാണ്’ – കൈഫ് പറഞ്ഞു.

English Summary: Kaif picks between Samson & Kishan as India keeper for Srilanka series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com