ADVERTISEMENT

ഇസ്‍ലാമാബാദ്∙ സുരക്ഷാ പ്രശ്നങ്ങളുടെ പേരിൽ പാക്കിസ്ഥാൻ പര്യടനം ഉപേക്ഷിച്ച് ന്യൂസീലൻഡ് ടീം മടങ്ങിയതിന്റെ വാശി ലോകകപ്പിൽ കളിച്ച് തീർക്കാൻ പാക്ക് ടീമിനെ ഉപദേശിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ‍ിന്റെ (പിസിബി) നിയുക്ത പ്രസിഡന്റ് റമീസ് രാജ. ന്യൂസീലൻഡ് ടീമിന്റെ പിൻമാറ്റ വിഷയം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) ഉന്നയിക്കുമെന്ന് ഭീഷണി മുഴക്കിയതിനു പിന്നാലെയാണ്, ന്യൂസീലൻഡ് പിൻമാറിയതിന്റെ കലിപ്പ് ലോകകപ്പിൽ ‘കളിച്ചു തീർക്കാൻ’ റമീസ് രാജ ടീമംഗങ്ങളോട് ആവശ്യപ്പെട്ടത്.

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനായി ക്രിക്കറ്റ് ബോർഡ് തയാറാക്കിയ വിഡിയോ സന്ദേശത്തിലാണ് റമീസ് രാജ ഇക്കാര്യം പറഞ്ഞത്. ‘നിങ്ങളുടെ നിരാശയും ദേഷ്യവുമെല്ലാം മികച്ച പ്രകടനങ്ങളാക്കി രൂപാന്തരപ്പെടുത്തുക. വരുന്ന ട്വന്റി20 ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ടാകണം ഇതിന്റെ ദേഷ്യം നിങ്ങൾ തീർക്കേണ്ടത്’ – റമീസ് രാജ പറഞ്ഞു.

‘ഒരിക്കൽ നിങ്ങൾ ലോകോത്തര ടീമായി മാറിക്കഴിഞ്ഞാൽ നിങ്ങളുമായി കളിക്കാൻ മറ്റു ടീമുകൾ കാത്തിരിക്കുന്ന സ്ഥിതിയുണ്ടാകും. എല്ലാവർക്കും നിങ്ങൾക്കെതിരെ മത്സരിച്ചാൽ മതിയെന്നാകും. അതുകൊണ്ട് ഇത് നമുക്കൊരു പാഠമായിട്ടെടുക്കാം. കരുത്തോടെ മുന്നോട്ടു നീങ്ങാം. ഒരു നിരാശയുടെയും ആവശ്യമില്ല’ – റമീസ് രാജ പറഞ്ഞു.

ന്യൂസീലൻഡ് ക്രിക്കറ്റ് ടീം പര്യടനം റദ്ദാക്കി മടങ്ങിയത് പിസിബിക്ക് ഒട്ടേറെ പ്രശ്നങ്ങൾ വരുത്തിവയ്ക്കുമെന്നും റമീസ് രാജ സമ്മതിച്ചു. ‘ഇക്കാര്യത്തിൽ ആവുന്നതെല്ലാം നാം ചെയ്യും. ഏറ്റവും മികച്ച വാർത്ത ഉടൻതന്നെ നിങ്ങൾ കേൾക്കും. ഇനി ലോകോത്തര താരങ്ങളെ സൃഷ്ടിക്കാൻ നമ്മുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം മെച്ചപ്പെടുത്താനാണ് നാം ശ്രദ്ധിക്കേണ്ടത്’ – റമീസ് രാജ പറഞ്ഞു.

പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകരുടെ വേദന മനസ്സിലാക്കുന്നുവെന്നു പറഞ്ഞ റമീസ് രാജ, പ്രതീക്ഷ കൈവിടരുതെന്നും അവരോട് അഭ്യർഥിച്ചു. ‘മുൻപും ഇത്തരം ദുർഘട സന്ധികളിലൂടെ നാം കടന്നുപോയിട്ടുണ്ട്. എന്നിട്ടും നാം മുന്നോട്ടുപോയി. കരുത്തുറ്റ ക്രിക്കറ്റ് സംവിധാനമാണ് നമ്മുടേത്. അതിനു കാരണം നമ്മുടെ ടീമും ആരാധകരുമാണ്. ഈ പ്രതിസന്ധി നേരിടുന്നതിൽ വീഴ്ച വന്നാലും, ആഭ്യന്തര തലത്തിൽ മികച്ച താരങ്ങളെ വളർത്തിയെടുത്ത് ലോകോത്തര ടീമിനെ സൃഷ്ടിക്കാൻ നമുക്കു കഴിയുമെന്ന് തീർച്ചയാണ്’ – റമീസ് രാജ പറഞ്ഞു.

English Summary: 'Take out your frustration in World Cup': Ramiz Raja to Pakistan players after New Zealand pull out of tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com