ADVERTISEMENT

ട്വന്റി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ യഥാർഥ ക്യാപ്റ്റൻ ആരാണ്? നിലവിലെ ക്യാപ്റ്റൻ വിരാട് കോലിയോ ഭാവി ക്യാപ്റ്റൻ രോഹിത് ശർമയോ? അതോ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ മഹേന്ദ്രസിങ് ധോണിയോ? ആരാധകർക്കെന്ന പോലെ ടീമംഗങ്ങൾക്കും സംശയം കാണും. ലോകകപ്പിനുശേഷം ട്വന്റി20 നായകസ്ഥാനം ഒഴിയുമെന്നതു വിരാട് കോലിയുടെ അടവു നയമായിരുന്നെങ്കിൽ ലോകകപ്പ് ടീമിൽ കോലിക്കു മുകളിൽ ധോണിയെ നിയോഗിച്ചത് ബിസിസിഐയുടെ ഒരു ‘സർജിക്കൽ സ്ട്രൈക്കായിരുന്നു’ എന്നത് ഇപ്പോൾ കൂടുതൽ വ്യക്തമാകുകയാണ്.

ഒരു അംഗവും ടീമിനേക്കാൾ വലുതല്ലെന്ന സന്ദേശമാണ് ധോണിയുടെ നിയമനത്തിലൂടെ ബിസിസിഐ കോലിയെ അറിയിക്കുന്നത്. ഐപിഎലിലെ മികച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെയും ഇന്ത്യയ്ക്കു കൂടുതൽ ഐസിസി കിരീടങ്ങൾ നേടിത്തന്ന ധോണിയുടെയും സാന്നിധ്യം ഈ ലോകകപ്പ് കാലത്തു കോലിക്ക് വലിയ വെല്ലുവിളിയുയർത്തുമെന്നത് ഉറപ്പാണ്.

ഇന്ത്യൻ ലോകകപ്പ് ടീമിന്റെ മെന്ററായി മുൻനായകൻ എം.എസ്.ധോണിയെ പ്രഖ്യാപിച്ച ബിസിസിഐ തീരുമാനം ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ‌ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. രാജ്യാന്തര മത്സരങ്ങളിൽ ബാറ്റിങ്, ബോളിങ് ഉപദേശകൻമാർ ഇന്ത്യൻ ടീമിനൊപ്പം മുൻ‌പും ഉണ്ടായിട്ടുണ്ട്. മുൻ നായകൻ‌ രാഹുൽ ദ്രാവിഡ് ഇടക്കാലത്ത് ഇന്ത്യയുടെ ബാറ്റിങ് ഉപദേശകനായിരുന്നു. പക്ഷേ ഐപിഎൽ ടീമിന്റെ നായകനായി ഇപ്പോഴും ക്രിക്കറ്റിൽ സജീവമായ ധോണിയെ, ലോകകപ്പ് ടീമിന്റെ മെന്ററാക്കാനുള്ള തീരുമാനമാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. ധോണിയുടെ നിയമനത്തിനു പിന്നാലെ ‘ഇരട്ടപ്പദവി’ ആരോപണങ്ങൾ ഉയർന്നേക്കുമെന്ന് ഉറപ്പുണ്ടായിരുന്നിട്ടും ബിസിസിഐ തീരുമാനത്തിൽ ഉറച്ചുനിന്നു.

വിരാട് കോലി (ഫയൽ ചിത്രം)
വിരാട് കോലി (ഫയൽ ചിത്രം)

മെന്ററായി ധോണി ഇന്ത്യൻ‌ ടീമിലേക്കു തിരിച്ചെത്തുന്നത് രവി ശാസ്ത്രിയുടെ പിൻതുടർച്ചക്കാരൻ ആകാനല്ല, മറിച്ച് കോലിക്കു മുകളിൽ ഒരു സൂപ്പർ ക്യാപ്റ്റനായാണ്. 3 തവണ ഇന്ത്യയ്ക്കു ഐസിസി കിരീടം സമ്മാനിച്ച നായകന് ഈ ടീമിനെ ചേരിതിരിവുകളില്ലാതെ ഒരുമിപ്പിക്കാൻ കഴിയുമെന്നും വിജയത്തിലേക്കു നയിക്കാനാകുമെന്നും ബിസിസിഐ ഉറച്ചു വിശ്വസിക്കുന്നു.

∙ കോലി vs രോഹിത്

വിരാട് കോലിയും രോഹിത് ശർമയും ഭിന്നതയിലാണെന്ന പ്രചാരണങ്ങൾക്കു 2 വർഷത്തിലേറെ പഴക്കമുണ്ട്. ഇന്ത്യൻ ഡ്രസിങ് റൂമിൽ നായകന്റെയും ഉപനായകന്റെയും നേതൃത്വത്തിൽ രണ്ടു ക്യാംപുകളുണ്ടെന്ന ആരോപണം ആദ്യമുയർ‌ന്നത് 2019 ഏകദിന ലോകകപ്പിനിടയിലാണ്. താൻ‌ ഇൻസ്റ്റഗ്രാമി‍ൽ പിന്തുടരുന്നവരുടെ പട്ടികയിൽ നിന്ന് കോലിയെയും ഭാര്യ അനുഷ്കയെയും രോഹിത് ഒഴിവാക്കിയ സംഭവം ഇവർക്കിടയിലെ ഭിന്നത സംബന്ധിച്ച വാർത്തകളെ ചൂടുപിടിപ്പിച്ചു.

kohli-rohit

കഴിഞ്ഞവർഷമാദ്യം രോഹിത്തിന്റെ ഫിറ്റ്നസ് സംബന്ധിച്ച് കോലി പരസ്യ വിമർശനം ഉന്നയിച്ചതു പടലപിണക്കങ്ങളുടെ തുടർച്ചയായാണ് ആരാധകർ‌ കണ്ടത്. ഇതിനിടയിലാണ് രോഹിത്തിനെ വൈസ് ക്യാപ്റ്റൻ‌ സ്ഥാനത്തുനിന്ന് നീക്കാൻ കോലി സമ്മർദം ചെലുത്തിയെന്ന പുതിയ വെളിപ്പെടുത്തലെത്തുന്നത്. 5 ഐപിഎൽ കിരീടങ്ങൾ സ്വന്തം പേരിലുള്ള രോഹിത്തിന്റെ സാന്നിധ്യം കോലിയെ വലിയ തോതിൽ അസ്വസ്ഥനാക്കിയിരുന്നുവെന്നാണ് റിപ്പോർ‌‍ട്ടുകൾ. രോഹിത്തിനെ ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ക്യാപ്റ്റനാക്കണമെന്ന ആവശ്യം മുൻകാല കായിക താരങ്ങൾ ഇടയ്ക്കിടെ ഉന്നയിച്ചത് ഇവർക്കിടയിലെ ബന്ധത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടാകാം.

സീനിയർ താരങ്ങൾക്കിടയിലെ ഈ ഭിന്നത അവസാനിപ്പിക്കുകയും ഇന്ത്യൻ‌ ടീമിനെ ഒരൊറ്റ ക്യാംപാക്കുകയുമാണ് ധോണിയുടെ മെന്റർ നിയമനത്തിലൂടെ ബിസിസിഐയുടെ ലക്ഷ്യം. ഇന്ത്യൻ മുഖ്യ പരിശീലകൻ രവിശാസ്ത്രി ഇക്കാര്യത്തിൽ പരാജയപ്പെട്ടുവെന്ന വിമർശനവും നേരത്തേ ഉയർന്നിരുന്നു. 2 താരങ്ങൾക്കിടയിലുമുള്ള വലിയ സ്വാധീനം ഇക്കാര്യത്തിൽ ധോണിക്കു നേട്ടമാകും.

∙ തുടർ പരീക്ഷണങ്ങൾ

കോലിയുടെ ടീമിൽ ഇന്ത്യൻ സീനിയർ‌ താരങ്ങൾ അനുഭവിച്ച സുരക്ഷിതത്വമില്ലായ്മയാണു നായകനെന്ന നിലയിൽ ഇപ്പോൾ കോലിയും അനുഭവിക്കുന്നത്. പിഴവുകൾ സംഭവിച്ചാൽ പകരക്കാരനെ പരീക്ഷിച്ചേക്കുമെന്ന ഭയം. ഇന്ത്യൻ ടീമിന്റെ നായക സ്ഥാനമേറ്റെടുത്തതിനുശേഷം പ്ലേയിങ് ഇലവനിൽ തുടർച്ചയായി മാറ്റങ്ങൾ വരുത്തുന്ന ശൈലിയാണ് കോലി പിന്തുടർന്നത്. പലതവണ ടീമിനു പുറത്തുപോകേണ്ടിവന്ന സീനിയർ താരങ്ങൾ അങ്ങനെ കോലി വിരുദ്ധരായി മാറിയെന്നും വിമർശനമുണ്ട്. ടെസ്റ്റിലെ ഇന്ത്യയുടെ മികച്ച ബോളർ അശ്വിനെ ഇംഗ്ലണ്ടിനെതിരായ 4 ടെസ്റ്റുകളിലും പുറത്തിരുത്തിയതിനു പിന്നിൽ കോലിയുടെ തീരുമാനമായിരുന്നു.

kohli-rohit

ലിമിറ്റ‍ഡ് ഓവറിൽ ഇന്ത്യയുടെ സ്ഥിരം ഓപ്പണറായ രോഹിത്തിന് ടെസ്റ്റിൽ ഓപ്പണിങ് സ്ഥാനത്തു പരീക്ഷിക്കാൻ വൈകിയതിനും പഴികേൾക്കുന്നതും കോലിയാണ്. ഏകദിനത്തിൽ ബാറ്റിങ് നാലാം നമ്പരിൽ നടത്തിയ തുടർ പരീക്ഷണങ്ങൾ ലോകകപ്പ് വേദിയിൽ ഇന്ത്യയ്ക്കു തിരിച്ചടിയാകുന്നതു പിന്നീടു കണ്ടു. 2017 ജൂലൈയ്ക്കുശേഷം വൈറ്റ്ബോളിൽ‌ ഒരു രാജ്യാന്തര മത്സരംപോലും കളിക്കാത്ത അശ്വിനെ ട്വന്റി20 ലോകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയ ബിസിസിഐ ഇപ്പോൾ കോലിയുടെ തീരുമാനങ്ങളിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയിൽ ടീമിലേക്കു മുൻനായകൻ ധോണിയെയും അയയ്ക്കുന്നത്.

ടീമിലെ ജൂനിയർ താരങ്ങൾക്കും സീനിയർ താരങ്ങൾക്കും ധോണിയുടെ സാന്നിധ്യം പ്രചോദനമാകുമെന്നും ജൂനിയർ താരങ്ങളിൽ നിന്നു മികച്ച പ്രകടനം ഉറപ്പുവരുത്താനാകുമെന്നുമാണ് കണക്കുകൂട്ടൽ. ധോണിക്കു കീഴിൽ ഇന്ത്യയുടെ സ്പിൻ ദ്വയമായിരുന്നു കുൽദീപ് യാദവ്– യുസ്‌വേന്ദ്ര ചെഹൽ സഖ്യം കോലിക്കു കീഴിലെത്തിയതോടെ നിറംമങ്ങിയതു യുവ താരങ്ങളെ പ്രചോദിപ്പിക്കുന്നതിലെ കോലിയുടെ പരിമിതിയാണു വ്യക്തമാക്കുന്നത്.

Content Highlights: Team India, BCCI, Virat Kohli, MS Dhoni, T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com