Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടറേറ്റ് വാഗ്ദാനം നിരസിച്ച് ദ്രാവിഡ്; സൗജന്യമായി വേണ്ട, പഠിച്ചുനേടും

Rahul Dravid

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിലെ ‘ജെന്റിൽമാൻ’ രാഹുൽ ദ്രാവിഡിൽനിന്ന് അദ്ദേഹത്തിന്റെ മാന്യതയുടെ ആഴം വ്യക്തമാക്കുന്ന ഒരു പ്രവൃത്തി കൂടി. ക്രിക്കറ്റിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ബാംഗ്ലൂർ സർവകലാശാല വാഗ്ദാനം ചെയ്ത ഡോക്ടറേറ്റ് ബിരുദം നിരസിച്ചുകൊണ്ടാണ് ക്രിക്കറ്റിലെ മാന്യതയുടെ പ്രതീകമായ ദ്രാവിഡിന്റെ തകർപ്പൻ ‘സ്വീപ്പ് ഷോട്ട്’. സർവകലാശാല വാഗ്ദാനം ചെയ്ത ഡോക്ടറേറ്റ് നിരസിക്കുകയാണെന്നും കായികമേഖലയേക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടണമെന്നാണ് ആഗ്രഹമെന്നും ദ്രാവിഡ് സർവകലാശാലയെ അറിയിച്ചു. സർവകലാശാല തന്നെയാണ് വാർത്താകുറിപ്പിലൂടെ ദ്രാവിഡ് ഡോക്ടറേറ്റ് നിരസിച്ച കാര്യം അറിയിച്ചത്.

ഡോക്ടറേറ്റിനായി തന്നെ തിരഞ്ഞെടുത്തിൽ സർവകലാശാലയോട് നന്ദിയുണ്ടെന്നും എന്നാൽ ഏറ്റവും എളിമയോടെ ഈ വാഗ്ദാനം നിരസിക്കുകയാണെന്നും ദ്രാവിഡ് അറിയിച്ചു. സർവകലാശാലയുടെ 52-ാം കോൺവൊക്കേഷൻ ദിനമായ വെള്ളിയാഴ്ച ദ്രാവിഡിന് ഡോക്ടറേറ്റ് നൽകാനായിരുന്നു തീരുമാനം. ദ്രാവിഡ് ഉൾപ്പെടെ മൂന്നു പേരുടെ പേരുകൾ സർവകലാശാല ചാൻസലർ കൂടിയായ കർണാടക ഗവർണർ വാജ്പേയി വാലയ്ക്കു നൽകിയിരുന്നെങ്കിലും ദ്രാവിഡിന്റെ പേരുമാത്രമാണ് അദ്ദേഹം അംഗീകരിച്ചത്. നേരത്തെ ഗുർ‌ബർഗ സർവകലാശാലയുടെ ഡോക്ടറേറ്റ് വാഗ്ദാനവും ദ്രാവിഡ് നിരസിച്ചിരുന്നു.

രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം ദേശീയ ജൂനിയർ ടീമുകളുടെ പരിശീലകനെന്ന നിലയിലും ദ്രാവിഡ് കഴിവ് തെളിയിച്ചു. നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്ന ഒട്ടേറെ യുവതാരങ്ങളുടെ മാർഗദർശിയും മാതൃകയും അദ്ദേഹമാണ്. പല താരങ്ങളും ഇക്കാര്യം ഏറ്റുപറഞ്ഞിട്ടുമുണ്ട്.

സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിനുശേഷം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് മൽസരങ്ങൾ കളിച്ച താരമാണ് മുൻ ഇന്ത്യൻ നായകന്‍ കൂടിയായ രാഹുൽ ദ്രാവിഡ്. 164 ടെസ്റ്റുകളിൽനിന്ന് 52.31 റൺ ശരാശരിയിൽ 13,288 റൺസ് നേടി. ഇതിൽ 36 സെഞ്ചുറികളും 63 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 344 ഏകദിനങ്ങളിൽനിന്ന് 39.16 റൺ ശരാശരിയിൽ 10,889 റൺസും നേടി. 12 സെഞ്ചുറികളും 83 അർധസെഞ്ചുറികളും ഉൾപ്പെടെയാണിത്. രാജ്യാന്തര ട്വന്റി20യിൽ ഒരേയൊരു മൽസരം മാത്രം കളിച്ച ദ്രാവിഡ് 31 റൺസാണ് നേടിയത്. 

related stories
Your Rating: