Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു; നിലനിർത്തിയത് കോഹ്‍ലിയുടെ വിശ്വാസം: യുവരാജ്

Yuvraj Singh

കട്ടക്ക്∙ ദേശീയ ടീമിൽനിന്ന് പുറത്താക്കപ്പെട്ട ഘട്ടത്തിൽ ക്രിക്കറ്റ് അവസാനിപ്പിക്കുന്നതിനെക്കുറിച്ചുപോലും ചിന്തിച്ചിരുന്നതായി കട്ടക്ക് ഏകദിനത്തിൽ ഇന്ത്യയുടെ വിജയശിൽപിയായി മാറിയ യുവരാജ് സിങ്. ഏകദിന കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത സ്കോർ കുറിച്ച് ഇംഗ്ലണ്ടിനെതിരെ ടീമിന് വിജയം സമ്മാനിച്ച ശേഷമാണ് ഒരു ഘട്ടത്തിൽ വിരമിക്കുന്നതിനെക്കുറിച്ചുപോലും താൻ ചിന്തിച്ചിരുന്നെന്ന യുവരാജിന്റെ വെളിപ്പെടുത്തൽ. ക്യാപ്റ്റൻ വിരാട് കോഹ്‍ലി തന്നിൽ അർപ്പിച്ച വിശ്വാസമാണ് ഇപ്പോഴും താൻ ടീമിൽ തുടരാൻ കാരണമെന്നും യുവരാജ് വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ യുവരാജ്-ധോണി സഖ്യത്തിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അഞ്ച് ഓവറിൽ മൂന്നിന് 25 റൺസെന്ന നിലയിൽ ഇന്ത്യ പതറുമ്പോൾ ക്രീസിൽ ഒരുമിച്ച ഇരുവരും 38 ഓവറിലധികം ക്രീസിൽ നിന്നു. നേടിയത് 256 റൺസ്. കരിയറിലെ ഉയർന്ന സ്കോർ കണ്ടെത്തിയ യുവരാജ് 150 റൺ‍സെടുത്തപ്പോൾ കരിയറിലെ 10-ാം സെഞ്ചുറി കുറിച്ച ധോണി 134 റൺസെടുത്തു. മൽസരശേഷം വിവിധ വിഷയങ്ങളെക്കുറിച്ച് യുവരാജ് പറ‍ഞ്ഞ വാക്കുകൾ:

ടീമിലേക്കുള്ള മടക്കം

അർബുദത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട് തിരികെയെത്തിയശേഷം വളരെ കഠിനമായിരുന്നു എനിക്കു മുന്നിലുള്ള വഴി. മികച്ച പ്രകടനം പുറത്തടെക്കാനാകാതെ പോയതോടെ ഞാൻ ടീമിൽനിന്നും പുറത്താക്കപ്പെട്ടു. ക്രിക്കറ്റ് മതിയാക്കുന്നതിനേക്കുറിച്ചായിരുന്നു ഈ ഘട്ടത്തിൽ എന്റെ ചിന്ത.

ഞാൻ പത്രം വായിക്കാറില്ല. ടിവി കാണാറുമില്ല. കൂടുതൽ സമ്മർദ്ദം സ്വയം വലിച്ചുവയ്ക്കാതിരിക്കാനുള്ള മുൻകരുതൽ മാത്രമാണിത്. കളിയിൽ പരമാവധി ശ്രദ്ധിച്ച് രാജ്യാന്തര ക്രിക്കറ്റിന് എന്നെക്കൊണ്ട് ആവശ്യമുണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു ഞാൻ. ഇത്തവണ രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു’’ - യുവരാജ് പറഞ്ഞു.

ധോണിയുമൊത്തുള്ള കൂട്ടുകെട്ട്

ധോണിയുമൊത്ത് മികച്ച കൂട്ടുകെട്ട് തീർത്തതിനെക്കുറിച്ചും യുവരാജ് ആവേശത്തോടെ പ്രതികരിച്ചു. ഇന്ത്യയ്ക്കായി ഒരുപിടി മൽസരങ്ങളിൽ വിജയങ്ങൾ നേടിക്കൊടുക്കാൻ എനിക്കും ധോണിക്കും സാധിച്ചിട്ടുണ്ട്. വളരെയേറെ അനുഭവസമ്പത്തുള്ള താരമാണ് ധോണി. ഈ അനുഭവങ്ങളെ അദ്ദേഹം ടീമിനായി ഉപയോഗപ്പെടുത്തുന്നത് സുന്ദരമായൊരു കാഴ്ചയായിരുന്നു.

മികച്ചൊരു കൂട്ടുകെട്ട് രൂപപ്പെടുത്തുന്നതിലായിരുന്നു ഇത്തവണ ഞങ്ങളുടെ ശ്രദ്ധ. വളരെയേറെ പരസ്പര ധാരണയോടെ കളിക്കാൻ കഴിഞ്ഞു. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിലൊക്കെ ഇത് വളരെ ഉപകാരപ്പെട്ടു.

ക്യാപ്റ്റൻ കോഹ്‍ലി

കോഹ്‍ലി തന്നിൽ അര്‍പ്പിച്ച വിശ്വാസമാണ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന് പിറക്കാൻ കാരണമായതെന്നും യുവരാജ് അഭിപ്രായപ്പെട്ടു. കോഹ്‍ലി എന്റെ കഴിവുകളിൽ ഒരുപാട് വിശ്വാസമർപ്പിച്ചു. 150 എന്റെ ഏറ്റവും ഉയർന്ന സ്കോറാണ്. ടീമിന്റെയും ക്യാപ്റ്റന്റെയും പിന്തുണയുണ്ടെങ്കിൽ സ്വാഭാവികമായും നിങ്ങൾക്ക് ആത്മവിശ്വാസം ലഭിക്കും. വിരാടും ഡ്രസിങ് റൂമിലെ എന്റെ സഹതാരങ്ങളും എന്നെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയും എന്നിൽ വിശ്വസിക്കുകയും െചയ്തു - യുവരാജ് ചൂണ്ടിക്കാട്ടി.

ക്രിക്കറ്റ് മതിയാക്കുന്നതിനേക്കുറിച്ച് ചിന്തിച്ച നാളുകളിൽ എനിക്ക് പിന്തുണ നൽകിയ ഒട്ടേറെ ആളുകളുണ്ട്. ഉപേക്ഷിച്ചു കളയുക എന്നത് എന്റെ രീതിയല്ല. അതുകൊണ്ടുതന്നെ ആവുന്നിടത്തോളം ഞാൻ കഠിനാദ്ധ്വാനം ചെയ്തു. സമയദോഷം മാറുമെന്ന് എനിക്കറിയാമായിരുന്നു - യുവി പറഞ്ഞു.

14-ാം ഏകദിന സെഞ്ചുറി

അഞ്ചു വർഷത്തിലധികം നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഏകദിന സെഞ്ചുറി നേടിയതിനെക്കുറിച്ച് യുവിയുടെ പ്രതികരണമിങ്ങനെ: വളരെ സന്തോഷം തോന്നുന്നു. ഒരു സെഞ്ചുറി നേടിയിട്ട് ഒരുപാട് നാളുകളായിരുന്നു. അർബുദത്തിന്റെ പിടിയിൽനിന്ന് മടങ്ങിയെത്തിയശേഷം 2-3 വർഷം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. കായികശേഷി നിലനിർത്തുന്നതിന് ഞാൻ വളരെയേറെ കഷ്ടപ്പെട്ടു.

മാത്രമല്ല, ഈ സമയത്ത് ടീമിൽ വന്നും പോയുമിരിക്കുന്ന അവസ്ഥയുമായിരുന്നു. ടീമിൽ സ്ഥിരമായി ഇടം കിട്ടാത്തത് തന്നെ വളരെയേറെ വലച്ചുവെന്നും യുവരാജ് പറഞ്ഞു.

രഞ്ജിയിലെ പ്രകടനം

ഇക്കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ നടത്തിയ മിന്നൽ പ്രകടനത്തിന്റെ ബലത്തിലാണ് യുവരാജ് വീണ്ടും ടീമിൽ ഇടം പിടിച്ചത്. ബറോഡയ്ക്കെതിരെ ഒക്ടോബറിൽ നേടിയ 260 റൺസ് യുവരാജ് വീണ്ടും ദേശീയ ശ്രദ്ധയിലെത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.

‘‘ആഭ്യന്തര മൽസരങ്ങളിൽ ഭേദപ്പെട്ട പ്രകടനം നടത്താൻ എനിക്കു സാധിച്ചിരുന്നു. പന്തുകളെ നന്നായി പ്രഹരിക്കാനും കഴിഞ്ഞിരുന്നു. എന്റേതായ ദിവസത്തിൽ മികച്ച പ്രകടനം നടത്തണമെന്ന് വളരെ ആഗ്രഹിച്ചിരുന്നു’’.

ഇംഗ്ലണ്ട് അപകടകാരികൾ

ഇംഗ്ലണ്ടിന്റേത് വളരെ മികച്ച പ്രകനമായിരുന്നെന്നും യുവരാജ് പറഞ്ഞു. അവരുടെ കളി വളരെ മികച്ചതായിരുന്നു. മധ്യനിരയിൽ വളരെ അപകടകാരികളായ താരങ്ങൾ അവർക്കുണ്ട്. ഏതു ബോളറേയും തച്ചുതകർക്കാൻ ശേഷിയുള്ളവർ. യുവാക്കളുടെ സംഘമാണവർ. കൂടുതൽ അനുഭവസമ്പത്തു ലഭിക്കുന്നതോടെ അവർ വളരെ അപകടകാരികളാകും. ഭാവിയിലെ ഏറ്റവും അപകടകാരികൾ ഇവരാകാനും സാധ്യത വളരെയേറെയാണ

എല്ലാ തലമുറയിലും വളരെ മികച്ച താരങ്ങളെ സംഭാവന ചെയ്തിട്ടുള്ളവരാണ് ഇംഗ്ലണ്ടുകാർ. മുൻപ് ഇത് ഹാർമിസണും ഫ്ലിന്റോഫുമായിരുന്നു. കഴിഞ്ഞ രണ്ടു മൽസരങ്ങളിലും ഇംഗ്ലണ്ട് മികച്ച പ്രകടനം നടത്തി. രണ്ടു തവണയും അവർ 350ന് മുകളിൽ സ്കോർ ചെയ്തു.

മാറിയ ക്രിക്കറ്റ് നിയമങ്ങൾ

ക്രിക്കറ്റിലെ മാറിയ നിയമങ്ങൾ ബോളർമാരെ വല്ലാതെ വലയ്ക്കുന്നുണ്ട്. അഞ്ചുപേരെ മാത്രം ഉള്ളിൽ നിർത്തി പിച്ചിൽനിന്നും പിന്തുണ ലഭിക്കാതെ ബോൾ ചെയ്യുന്നത് വലിയ പ്രയാസമാണ്.

related stories