Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണിക്കു ബാറ്റിങ്ങിന് ‘അവസരം നൽകിയില്ല’; തിവാരിക്കും ജഗ്ഗിക്കും കാണികളുടെ ചീത്തവിളി

Dhoni

കല്യാണി (ബംഗാൾ) ∙ ആരാധകരുടെ ‘ധോണീ, ധോണീ...’ വിളികൾക്കിടെ ജാർഖണ്ഡിനു വീണ്ടും വിജയം. ഇക്കുറി പക്ഷേ, മഹേന്ദ്ര സിങ് ധോണിക്കു ബാറ്റുമായി ക്രീസിലിറങ്ങേണ്ടിവന്നില്ലെന്നു മാത്രം. സൗരഭ് തിവാരിയും (102) ഇഷാങ്ക് ജഗ്ഗിയും (116) പുറത്താകാതെ നേടിയ സെഞ്ചുറികളുടെ കരുത്തിൽ അവർ വിജയ് ഹസാരെ ട്രോഫിയിൽ സർവീസസിനെ ഏഴു വിക്കറ്റിനു തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത സർവീസസ് കുറിച്ച 277 എന്ന ലക്ഷ്യം 22 പന്തുകൾ ബാക്കി നിൽക്കെ ജാർഖണ്ഡ് മറികടന്നു.

അഭേദ്യമായ നാലം വിക്കറ്റിൽ തിവാരി–ജഗ്ഗി സഖ്യം 214 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഒരു ഘട്ടത്തിൽ അവർ 17 ഓവറിൽ മൂന്നുവിക്കറ്റിന് 65 എന്ന നിലയിലായിരുന്നു. ധോണിയുടെ കളി കാണാനെത്തിയവർ അലമുറയിട്ടെങ്കിലും സർവീസസിന്റെ മോശം ഫീൽഡിങ് കൂടിയായതോടെ കൂടുതൽ വിക്കറ്റ് നഷ്ടമായില്ല. ഇതോടെ കാണികൾ ക്രുദ്ധരായി സൗരഭ് തിവാരിയേയും ജഗ്ഗിയേയും ചീത്തവിളിക്കുന്നതിനും സ്റ്റേഡിയം സാക്ഷിയായി. ഏറ്റവും പ്രിയപ്പെട്ട മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിങ് നേരിട്ടു കാണാൻ സാധിക്കാത്തതായിരുന്നു കാണികളുടെ ദേഷ്യത്തിന് കാരണം. ജാർഖണ്ഡിന്റെ ആദ്യജയത്തിൽ ധോണി സെഞ്ചുറി നേടിയിരുന്നു.

കാണികളുടെ ദേഷ്യം മനസിലാക്കാവുന്നതേ ഉള്ളൂവെന്ന് ഏറ്റവും കൂടുതൽ ചീത്തവിളി കേട്ട സൗരഭ് തിവാരി മൽസരശേഷം പ്രതികരിച്ചു. മഹി ഭായ് ബാറ്റു ചെയ്യുന്നത് അവർ നേരിട്ടു കണ്ടിട്ടില്ല. അതുകൊണ്ട് അദ്ദേഹം ബാറ്റിങ്ങിന് ഇറങ്ങുന്നത് കാത്തിരിക്കുകയായിരുന്നു അവർ. എന്നാൽ ഒരു പ്രഫഷണൽ താരമമെന്ന നിലയിൽ കാണികളുടെ വികാരം മനസിലാക്കി കളിക്കുകയാണ് ഞങ്ങൾ ചെയ്തത് – തിവാരി പറഞ്ഞു.

‘ക്ഷമയോടെ കളിച്ചാൽ റൺസ് താനേ വരുമെന്നുള്ള’ ധോണിയുടെ ഉപദേശമാണ് തങ്ങളെ വിജയത്തിലേക്കു ബാറ്റേന്തിച്ചതെന്നും ജഗ്ഗിയും തിവാരിയും മൽസരശേഷം വെളിപ്പെടുത്തി. അടുത്തത് ബാറ്റു ചെയ്യാൻ വരുന്നത് ധോണിയാണെന്ന ചിന്തയും സമ്മർദ്ദം കൂടാതെ കളിക്കാൻ തങ്ങൾക്ക് സഹായകരമായെന്ന് ഇരുവരും വ്യക്തമാക്കി.

related stories
Your Rating: