Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ധോണി, കോഹ്‍ലിക്കാല’ത്തിനുശേഷം രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ഭയപ്പെടാനൊന്നുമില്ല. കാരണം???

rising-stars 1. ധോണിയും കോഹ്‍ലിയും. 2.ഋഷഭ് പന്ത് 3. സർഫറാസ് ഖാനും ഇഷാൻ കിഷനും.

ഇതിലും മികച്ചൊരു നല്ല കാലം ഇന്ത്യൻ ക്രിക്കറ്റിന് ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടോ..? ലോധ സമിതി റിപ്പോർട്ടും സുപ്രീം കോടതി വിധിയുമായി കളത്തിനു പുറത്ത് വിവാദങ്ങളുടെ പെരുമഴയാണെങ്കിൽ പിച്ചിൽ ബാറ്റിങ്ങിന്റെ ഇടിയും മിന്നലുമാണ്. ആഭ്യന്തര ക്രിക്കറ്റിലെ ഉജ്വല പ്രകടനങ്ങളുമായി ടീം ഇന്ത്യയിലേക്കു കടന്നു വന്നവർ ഓരോരുത്തരായി തകർപ്പൻ പ്രകടനങ്ങളിലൂടെ ഒരു സ്ഥിരം സീറ്റിനായി അവകാശവാദമുന്നയിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ പരമ്പരയിൽ തന്നെ ട്രിപ്പിൾ സെഞ്ചുറി നേടിയ കരുൺ നായർ, ഇംഗ്ലണ്ടിനെതിരെ ഒന്നാം ഏകദിനത്തിൽ വെടിക്കെട്ട് സെഞ്ചുറിയോടെ കളിയുടെ ഗതി മാറ്റിയ കേദാർ ജാദവ് എന്നിവർ മികവു തെളിയിച്ചെങ്കിൽ വരവറിയിക്കാൻ വെമ്പി നിൽക്കുന്നവരും ഒട്ടേറെ. ജാദവിനു 31 വയസ്സായെങ്കിൽ ഇവരിൽ പലരും ഇരുപതിനു താഴെയാണ്.

ഇഷൻ കിഷൻ

ishan-kishan-1

മഹേന്ദ്ര സിങ് ധോണിയുടെ അതേ വഴിയിലൂടെയാണ് ഇഷൻ കിഷന്റെയും വരവ്. രഞ്ജിയിൽ ധോണിയുടെ ടീമായിരുന്ന ജാർഖണ്ഡിന്റെ താരമാണ് കിഷനും. ധോണി തന്നെയാണ് റോൾ മോഡലും. കഴിഞ്ഞ വർഷം നടന്ന അണ്ടർ–19 ലോകകപ്പിൽ ടീമിനെ ഫൈനൽ വരെയെത്തിച്ചു. 18 വയസ്സേ ഉള്ളുവെങ്കിലും ഒരു ഭാവി ക്യാപ്റ്റന്റെ ഗുണങ്ങളെല്ലാം കിഷൻ പ്രകടമാക്കുന്നുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ചുറിയോടെ അരങ്ങേറിയ കിഷൻ പിന്നീട് ആദ്യ പത്ത് ഇന്നിങ്സുകളിൽ അഞ്ച് അർധ സെഞ്ചുറിയും നേടി. ഈ വർഷം രഞ്ജിയിൽ തന്റെ കരിയർ ബെസ്റ്റ് സ്കോർ. രഞ്ജിയിൽ അമ്പതിനടുത്താണ് ഇപ്പോൾ കിഷന്റെ ശരാശരി. ടീം ഇന്ത്യയിലെ സ്ഥാനത്തിന് കിഷനെ തുണച്ചേക്കാവുന്ന മറ്റൊരു കാര്യം കൂടിയുണ്ട്– മികച്ചൊരു വിക്കറ്റ് കീപ്പർ കൂടിയാണ് കിഷൻ. ഐപിഎലിൽ ഗുജറാത്ത് ലയൺസിന്റെ താരമാണ്. 

∙ ഫസ്റ്റ് ക്ലാസ് കരിയർ 

മൽസരങ്ങൾ: 20

റൺസ്: 1535

ശരാശരി: 47.96

100/50: 4/7

ഉയർന്ന സ്കോർ: 273

ഋഷഭ് പന്ത്

rishabh-pant

പന്ത് ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ടീമിലുണ്ട്. മികച്ചൊരു വിക്കറ്റ് കീപ്പറാണ് ഈ പത്തൊൻപതുകാരൻ. എന്നാൽ ടീമിലിടം പിടിക്കാൻ അതു വേണ്ടി വന്നില്ല. പന്ത് മൈതാനത്തിനപ്പുറം പറത്താനുള്ള മിടുക്കാണ് പന്തിനെ ടീമിലെത്തിച്ചത്. പൂർണമായി ഒറ്റ രഞ്ജി സീസൺ മാത്രം കളിച്ചിട്ടുള്ള പന്തിന്റെ ശരാശരി എഴുപതിനു മേലെയാണ്. സ്ട്രൈക്ക് റേറ്റ് നൂറിനപ്പുറവും. വെറും 48 പന്തുകളിൽ സെഞ്ചുറിയടിച്ച് രഞ്ജി ട്രോഫിയിൽ റെക്കോർഡിട്ടു. രഞ്ജിയിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരവുമാണ്. അണ്ടർ–19 ലോകകപ്പിലെ വേഗമേറിയ അർധസെഞ്ചുറിയും ഈ ഹരിദ്വാറുകാരന്റെ പേരിലാണ്. കൂറ്റനടികൾക്കാണ് പേരു കേട്ടതെങ്കിലും എം.എസ് ധോണിയെപ്പോലെ ടെസ്റ്റിലും വിശ്വാസമർപ്പിക്കാവുന്ന ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെയാണ് പന്തിൽ ഇന്ത്യ കാണുന്നത്.

∙ ഫസ്റ്റ് ക്ലാസ് കരിയർ 

മൽസരങ്ങൾ: 10

റൺസ്: 1080

ശരാശരി: 72.00

100/50: 4/3

ഉയർന്ന സ്കോർ: 308

ശ്രേയസ് അയ്യർ

sreyas-ayyar

2015 ആയിരുന്നു ശ്രേയസ് അയ്യരുടെ വർഷം. ആ വർഷം മുംബൈയ്ക്കു വേണ്ടി രഞ്ജിയിൽ കുറിച്ചത് 1321 റൺസ്. ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസെന്ന വിവിഎസ് ലക്ഷ്മണിന്റെ റെക്കോർ‍ഡിനു പിന്നിൽ രണ്ടാമൻ. അതേ വർഷം ഐപിഎല്ലിൽ ഏറ്റവും മൂല്യമുള്ള രാജ്യാന്തര മൽസര പരിചയമില്ലാത്ത താരവുമായി. 2.6 കോടി രൂപയ്ക്കാണ് ഡൽഹി ഡെയർ ഡെവിൾസ് ശ്രേയസിനെ സ്വന്തമാക്കിയത്. 14 മൽസരങ്ങളിൽ 439 റൺസ് അടിച്ചു കൂട്ടി ശ്രേയസ് അതിനോടു നീതി പുലർത്തി. എമേർജിങ് പ്ലെയർ പുരസ്കാരവും സ്വന്തമാക്കി. കരിയറിന്റെ തുടക്കത്തിൽ വീരേന്ദർ സെവാഗിനോടാണ് ശ്രേയസ് ഉപമിക്കപ്പെട്ടത്. ഈ വർഷം മുംബൈയെ രഞ്ജി ട്രോഫി ഫൈനൽ വരെയെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ‘‘പന്തുകൾ ലീവു ചെയ്യുന്നത് എനിക്കിഷ്ടമല്ല’’– ഈ വാക്കുകളിലുണ്ട് ശ്രേയസിന്റെ ബാറ്റിങ് ഫിലോസഫി.

∙ ഫസ്റ്റ് ക്ലാസ് കരിയർ 

മൽസരങ്ങൾ: 37

റൺസ്: 3164

ശരാശരി: 51.86

100/50: 8/16

ഉയർന്ന സ്കോർ: 200

സർഫറാസ് ഖാൻ

Bangladesh Cricket

ഐപിഎല്ലാണ് സർഫറാസിന്റെ യഥാർഥ കളരി. 2015ൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനു വേണ്ടി കളിച്ച സർഫറാസ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി. വിരാട് കോഹ്‌ലി, എ.ബി ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്ൽ എന്നിവരുൾപ്പെടുന്ന ടീമിൽ അതേ ശൈലിയിലുള്ള ബാറ്റിങ്ങിലൂടെ സ്വന്തം ഇടം കണ്ടെത്തുകയും ചെയ്തു. ക്രിക്കറ്റ് പരിശീലകനായ പിതാവ് നൗഷാദ് ഖാന്റെ കീഴിൽ കളി പഠിച്ചു തുടങ്ങിയ സർഫറാസ് 2014, 2016 അണ്ടർ19 ലോകപ്പുകളിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2016 ലോകകപ്പിൽ റൺവേട്ടക്കാരിൽ രണ്ടാമനുമായിരുന്നു. ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറികളും സർഫറാസിന്റെ പേരിൽ തന്നെ. മുംബൈയിൽ‌ ജനിച്ച സർഫറാസ് ഇപ്പോൾ ഉത്തർ പ്രദേശിനു വേണ്ടിയാണ് ര‍ഞ്ജി ട്രോഫിയിൽ കളിക്കുന്നത്. 

∙ ഫസ്റ്റ് ക്ലാസ് കരിയർ 

മൽസരങ്ങൾ: 11

റൺസ്: 535

ശരാശരി: 33.43

100/50: 1/2

ഉയർന്ന സ്കോർ: 155

പ്രിയങ്ക് പഞ്ചൽ

priyank-panchal-1

രഞ്ജി ട്രോഫി സീസണിൽ ഏറ്റവും റൺസെടുത്ത ബാറ്റ്സ്മാനാണ് പ്രിയങ്ക് പ‍ഞ്ചൽ. 87.33 ശരാശരിയിൽ 1310 റൺസ്. സുന്ദരമായ ഒരു ട്രിപ്പിൾ സെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. രഞ്ജി ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് കുറിച്ച മൂന്നാമത്തെ താരവുമാണ് പഞ്ചൽ. വിവിഎസ് ലക്ഷ്മൺ (1999–2000), ശ്രേയസ് അയ്യർ (2015–16) എന്നിവർ മാത്രമാണ് മുന്നിലുള്ളത്. ഗുജറാത്തിനെ ആദ്യ രഞ്ജി കിരീടത്തിലേക്കു നയിച്ചതിൽ മുഖ്യ പങ്കു വഹിച്ചത് ഇരുപത്തിയാറുകാരനായ പഞ്ചൽ തന്നെ. ടെസ്റ്റ് ഓപ്പണർമാരായ മുരളി വിജയ്–കെ.എൽ രാഹുൽ എന്നിവരാരെങ്കിലും പരുക്കേറ്റാലോ ഫോം ഔട്ടായാലോ ആ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരിൽ പ്രധാനിയാണ് പഞ്ചൽ. പ്രായം മാത്രമാണ് അത്ര അനുകൂലമല്ലാത്തത്

∙ ഫസ്റ്റ് ക്ലാസ് കരിയർ 

മൽസരങ്ങൾ: 53

റൺസ്: 3531

ശരാശരി: 43.59

100/50: 11/12

ഉയർന്ന സ്കോർ: 314*

പൃഥി ഷാ 

prithwi-shaw

സച്ചിൻ തെൻഡുൽക്കർക്കു ശേഷം മുംബൈ ക്രിക്കറ്റിലെ വണ്ടർ ബോയ് ആയാണ് പതിനേഴുകാരൻ പൃഥി ഷാ വാഴ്ത്തപ്പെടുന്നത്. സച്ചിനും കാംബ്ലിയും ലോക റെക്കോർഡ് കൂട്ടുകെട്ടോടെ വരവറിയിച്ച ഹാരിസ് ഷീൽഡ് ട്രോഫിയിലൂടെയാണ് ഷായും ആദ്യം ശ്രദ്ധയാകർഷിച്ചത്. 2013ൽ ഷാ കുറിച്ച 546 റൺസ് 1901നു ശേഷം ക്രിക്കറ്റിന്റെ ഏതൊരു ഫോമിലും ഉയർന്ന വ്യക്തിഗത സ്കോർ ആയിരുന്നു. 330 പന്തിൽ 85 ഫോറും അഞ്ചു സിക്സും ഉൾപ്പെടുന്നതായിരുന്നു ആ ഇന്നിങ്സ്. പിന്നീട് പ്രണവ് ധൻവാഡെ ഈ റെക്കോർഡ് മറികടന്നു.  രാഹുൽ ദ്രാവിഡിന്റെ കീഴിൽ ബാറ്റിങ് ടെക്നിക്കുകൾ തേച്ചു മിനുക്കിയ പൃഥി ഈ സീസണിൽ മുംബൈയ്ക്കു വേണ്ടി ര‍ഞ്ജിയിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ചുറി നേടി മാൻ ഓഫ് ദ് മാച്ചുമായി. 

∙ ഫസ്റ്റ് ക്ലാസ് കരിയർ 

മൽസരങ്ങൾ: 2

റൺസ്: 239

ശരാശരി: 59.75

100/50: 1/1

ഉയർന്ന സ്കോർ: 120

related stories