Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെസ്സിയുടെ ചോര കണ്ടു തുടക്കം; മെസ്സിയുടെ ഇരട്ടഗോളിൽ റയലിന്റെ ‘എല്ലൂരി’ ഒടുക്കം

Messi

മഡ്രിഡ്∙ ചോരചിന്തി നേടിയ വിജയം! നേരിട്ടും ടെലിവിഷനിലുമായി 50 കോടിയിൽപരം ആളുകൾ ലൈവായി കണ്ട എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാർസിലോനയ്ക്ക് ലയണൽ മെസ്സി നേടിക്കൊടുത്ത തകർപ്പൻ വിജയത്തെ മറ്റെങ്ങനെ വിശേഷിപ്പിക്കും? റയലിന്റെ തട്ടകമായ സാന്തിയാഗോ ബർണബ്യൂവിൽ, റയൽ താരങ്ങളുടെ കായികമായ പ്രകോപനങ്ങള്‍ക്കും ആർത്തിരമ്പുന്ന റയൽ ആരാധകരുടെ ശബ്ദകോലാഹലങ്ങൾക്കും സ്വതസിദ്ധമായ മാന്ത്രികച്ചുവടുകളോടെ പ്രതിരോധം തീർത്ത ലയണൽ മെസ്സിയുടെ പ്രകടനം ഫുട്ബോളിലെ സുന്ദരമായ കാഴ്ചകളിലൊന്നായിരുന്നു. മൽസരം തീരാൻ സെക്കൻഡുകൾ മാത്രം അവശേഷിക്കെ മെസ്സി നേടിയ വിജയഗോൾ, ബാർസയ്ക്കായുള്ള അദ്ദേഹത്തിന്റെ 500–ാം ഗോളായതും കാലം കാത്തുവച്ച കാവ്യനീതിയാകണം!

ഒരു കാര്യമുറപ്പ്; ലയണല്‍ മെസ്സി എങ്ങനെ കാല്‍പന്തുകളിയിലെ ഇതിഹാസമാകുന്നു എന്ന ചോദ്യത്തിന് ഇതിലും മികച്ചൊരു ഉത്തരമില്ല. സാന്തിയാഗോ ബർണബ്യൂവിൽ തങ്ങളും ബാർസയും തമ്മിലുള്ള പ്രധാന വ്യത്യാസം ലയണൽ മെസ്സിയായിരിക്കും എന്നു മറ്റാരേക്കാളും നന്നായി അറിയാവുന്ന റയൽ താരങ്ങൾ രണ്ടും കൽപ്പിച്ചായിരുന്നു എന്നതിന് മൽസരത്തിലെ ഫൗൾക്കണക്കുകൾ തന്നെ സാക്ഷി.

റയലിന്റെ വിധി നിർണയിച്ച് പുറത്തേക്കു പോയ ക്യാപ്റ്റൻ സെർജിയോ റാമോസിന് ചുവപ്പുകാർഡ് ലഭിച്ചത് മെസ്സിക്കെതിരായ ഫൗളിനായിരുന്നു. മൽസരത്തിലുടനീളം മെസ്സിയെ വിടാതെ പിന്തുടർന്ന മിഡ്ഫീൽഡർ കാസെമിറോയ്ക്ക് ചുവപ്പുകാർഡ് ലഭിക്കാതെ പോയത് ഭാഗ്യംകൊണ്ടുമാത്രം. ഒരുപക്ഷേ, റാമോസിനേക്കാൾ ചുവപ്പുകാർഡ് അർഹിച്ചിരുന്നത് കാസെമിറോ ആയിരുന്നുവെന്ന് ആരാധകർ കരുതിയാലും തെറ്റില്ല.

ഇതിനെല്ലാം പുറമെയായിരുന്നു ആരാധകരുടെ നെഞ്ചിടിപ്പുകൂട്ടി മൈതാനമധ്യത്തിൽ ചോരതുപ്പി മെസ്സി കിടക്കുന്ന കാഴ്ച. കളിയുടെ തുടക്കത്തിൽ ആരാധക പിന്തുണയോടെ റയൽ താരങ്ങൾ തുടർച്ചയായി മുന്നേറ്റങ്ങൾ സംഘടിപ്പിക്കുമ്പോൾ, പ്രതിരോധത്തിലായിരുന്നു ബാർസ. ഇതിൽനിന്നും മാറി മൽസരത്തിലേക്കു തിരിച്ചുവരാനുള്ള ശ്രമങ്ങൾക്ക് അവർ കോപ്പു കൂട്ടുമ്പോഴാണ്, ആക്രമണത്തിലെ കുന്തമുന പരുക്കേറ്റ് വീഴുന്നത്. റയലിന്റെ ബ്രസീലിയൻ വിങ്ബാക്ക് മാർസലോയുടെ കൈമുട്ട് മുഖത്തിടിച്ചതിനെ തുടർന്നായിരുന്നു ഈ ‘ചോരക്കളി’. ഏതു ടീമും ഉലഞ്ഞുപോകുന്ന നിമിഷം. എന്നാൽ, ചോരയൊലിക്കുന്നത് തടയാൻ വായിൽ പഞ്ഞിയും തിരുകി വർധിത വീര്യത്തോടെ കളത്തിലിറങ്ങിയ മെസ്സി, അപാര ഫോമിലേക്കുയരുന്നതായിരുന്നു തുടർന്നുള്ള കാഴ്ച.

Messi-Hurt-1 മൽസരത്തിനിടെ മാർസലോയുടെ കൈമുട്ടിടിച്ച് പരുക്കേറ്റു വീണ മെസ്സി. (ട്വിറ്റർ ചിത്രം)

കാസെമിറോയിലൂടെ ലീഡു നേടിയ റയലിന് അഞ്ചു മിനിറ്റിന്റെ ഇടവേളയിൽ ബാർസ മറുപടി നൽകുമ്പോൾ, അതിന്റെ കുന്തമുനയായി മെസ്സിയുണ്ടായിരുന്നു. റയൽ ബോക്സിനുള്ളിൽ പന്തുമായി നിൽക്കുന്ന ഇവാൻ റാക്കിട്ടിച്ചിന്റെ സ്ഥാനം മനസിലാക്കി കുതിച്ചുകയറി മെസ്സി നേടിയ ആദ്യഗോളിന് അഴകേറെ. ബോക്സിനുള്ളിലേക്ക് ഊളിയിട്ടു കയറിയ മെസ്സിക്കു കൃത്യമായി പന്തെത്തിച്ച റാക്കിട്ടിച്ചിനും കൊടുക്കണം മാർക്ക്. അതുമായി എതിർപ്രതിരോധത്തെയും ബോക്സിനു മുന്നിൽ ഉജ്വല ഫോമിലായിരുന്ന റയൽ ഗോൾകീപ്പർ കെയ്‍ലർ നവാസിനെയും വീഴ്ത്തി പന്ത് വലയിലെത്തിച്ച മെസ്സി, നിറഗാലറിയിലെ റയൽ ആരാധകരെ നോക്കി അലറുന്ന കാഴ്ച എത്ര സുന്ദരം!

പെപ്പെയുടെയും റാഫേൽ വരാനെയുടെയും അസാന്നിധ്യത്തിൽ മെസ്സിയെ പിടിച്ചുകെട്ടാൻ റയൽ പ്രതിരോധം കിണഞ്ഞു ശ്രമിക്കുന്തോറും കുതറിമാറാൻ മെസ്സി ശ്രമിക്കുന്ന സുന്ദര കാഴ്ചയ്ക്ക് സ്റ്റേഡിയം തുടർന്നും സാക്ഷിയായി. ഇടയ്ക്ക് റാക്കിട്ടിച്ചിന്റെ ഗോളിൽ മുന്നിൽ കയറിയ ബാർസയെ ഹാമിഷ് റോഡ്രിഗസിന്റെ കിടിലൻ മറുപടിയിലൂടെ റയൽ പിടിച്ചുകെട്ടി. തുടർന്നായിരുന്നു ബാർസ ആരാധകരെ പുളകം കൊള്ളിച്ച അവസാന മിനിറ്റ് ഗോൾ.

Lional-Messi

സ്പാനിഷ് താരം സെര്‍ജി റോബര്‍ട്ടോയുടെ അധ്വാനവും ഭാവനയുമാണ് ആ സ്വപ്നഗോളിന് വഴിമരുന്നിട്ടത്. സ്വന്തം ബോക്സിൽനിന്നും ബാർസ പ്രതിരോധം രക്ഷിച്ചെടുത്ത പന്ത് സെർജിയോ റോബർട്ടോയ്ക്കു ലഭിക്കുമ്പോൾ, ഗോളിലേക്കുള്ള വഴിക്ക് ഒരു മൈതാനത്തിന്റെ നീളമുണ്ടായിരുന്നു. മൽസരത്തിന്റെ ദൈർഘ്യം വെറും ഒരു മിനിറ്റും. സ്വാഭാവികമായും റോബർട്ടോയുടെ വഴിയിൽ തടസമുണ്ടാക്കാനുള്ള ആത്മാർഥമായ ശ്രമം റയൽ താരങ്ങളിൽനിന്നുണ്ടായില്ലെന്ന് വേണം കരുതാൻ.

എന്നാൽ, മൽസരത്തിന്റെ ഗതി മാറ്റുന്നൊരു ഗോളിന്റെ മണം മെസ്സിക്കു ലഭിച്ചിരുന്നിരിക്കണം. മൈതാനത്തെ നെടുകെ പിളർത്തി, റയൽ താരങ്ങളെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് സെർജിയോ റോബർട്ടോ കുതിച്ചുകയറുമ്പോൾ ഇങ്ങേയറ്റത്തുകൂടി മെസ്സിയും ഓടിക്കയറി. ഒടുവിൽ റയൽ ബോക്സിനു മുന്നിൽ റോബർട്ടോയിൽനിന്നും ജോർഡി ആൽബ വഴിയെത്തിയ പന്തിനെ ‘ക്ലിനിക്കൽ ഫിനിഷിങ്ങി’ലൂടെ മെസ്സി വലയിലെത്തിക്കുമ്പോൾ, സ്റ്റേഡിയം നടുങ്ങിത്തെറിച്ചു. അവിശ്വസനീയമായ കാഴ്ച കണ്ടാലെന്നപോലെ കളത്തിനു പുറത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയും പൊട്ടിത്തെറിച്ചു.

Messi-Celebrates

ഈ സമയത്ത്, ചെയ്യുന്നത് മഞ്ഞക്കാർഡ് കിട്ടുന്ന കുറ്റമാണെന്നറിഞ്ഞിട്ടും, നിറ ഗാലറിയിലെ റയൽ ആരാധകർക്കു മുന്നിൽ ജഴ്സിയൂരി അത് ഗാലറിക്കു നേരെ നീട്ടി മെസ്സി നിവർന്നു നിന്നു. തന്നെ എഴുതിത്തള്ളാനാരംഭിച്ച ഫുട്ബോൾ ലോകത്തോട് പറയാനുള്ളതെല്ലാം മെസ്സിയുടെ ഈ നിൽപിലുണ്ടായിരുന്നു. അല്ലെങ്കിലും, ഇതിഹാസങ്ങൾക്ക് വിശേഷണങ്ങളും മറുപടികളും ആവശ്യമില്ലല്ലോ!