Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഎഫ്സി അംഗീകരിച്ചാൽ ഐഎസ്എൽ ഇന്ത്യയുടെ നമ്പർ വൺ ലീഗ്

isl-article

കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എഎഫ്സി) അംഗീകാരം ലഭിച്ചാൽ ഇന്ത്യയുടെ ഔദ്യോഗിക ലീഗ് ചാംപ്യൻഷിപ്പായി ഐഎസ്എൽ മാറും. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) സഹകരണത്തോടെ ഐഎംജി–റിലയൻസ് സംഘടിപ്പിക്കുന്ന സ്വകാര്യ ടൂർണമെന്റാണ് ഐഎസ്എൽ എന്ന ആരോപണത്തിന് അടിസ്ഥാനം ഇല്ലാതെയാകും. എഎഫ്സിയുടെ അംഗീകാരം കിട്ടുമ്പോൾ ഫിഫയുടെയും അംഗീകാരം കൈവരുകയും ചെയ്യും.

ഐഎസ്എൽ ജേതാക്കൾക്ക് എഎഫ്സി കപ്പിൽ കളിക്കാൻ അവസരം നൽകണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി എഐഎഫ്എഫ്, ഐഎംജി റിലയൻസ് പ്രതിനിധികൾ ബഹ്റൈനിൽ എഎഫ്സി ജനറൽ സെക്രട്ടറി വിൻഡ്സർ, യുവേഫയിലെ എഎഫ്സി വിഭാഗം മേധാവി അലക്സ് ഫിലിപ്സ് എന്നിവരെ കണ്ടിരുന്നു. നിലവിൽ, ഫെഡറേഷൻ കപ്പ് ജേതാക്കൾക്കാണ് എഎഫ്സി കപ്പിൽ കളിക്കാൻ അവസരം. എഎഫ്സി ടൂർണമെന്റുകളിൽ മൂന്ന് ഇന്ത്യൻ ക്ലബ്ബുകൾക്ക് അവസരം നൽകണമെന്ന നിർദേശം എഎഫ്സി തള്ളി. എന്നാൽ ഐഎസ്എൽ ജേതാക്കൾക്കു പങ്കെടുക്കാൻ അവസരം എന്ന അഭ്യർഥന ഗൗരവമായി പരിഗണിക്കുന്നതായാണു സൂചനകൾ. എഎഫ്സി ജനറൽ സെക്രട്ടറി അടുത്തമാസം ഇന്ത്യയിൽ എത്തുമെന്നും അനുകൂലമായ പ്രഖ്യാപനം ഇവിടെവച്ചു നടത്തുമെന്നും സൂചനയുണ്ട്.

ഐ ലീഗ് ജേതാക്കൾക്കു വരും സീസണിലും ഏഷ്യൻ ചാംപ്യൻസ് ലീഗിന്റെ പ്ലേ ഓഫ് കളിക്കാമെന്ന് എഎഫ്സി വൃത്തങ്ങൾ അറിയിച്ചു. എങ്കിൽപോലും ഐഎസ്എൽ ജേതാക്കൾക്ക് എഎഫ്സി കപ്പ് കളിക്കുന്നതുവഴി രാജ്യാന്തരതലത്തിൽ കൂടുതൽ ശ്രദ്ധയും ആരാധകവൃന്ദത്തെയും ലഭിക്കും. എഐഎഫ്എഫ് നടത്തുന്ന ഐ ലീഗിനേക്കാൾ പ്രഫഷനൽ മികവ് ഉണ്ടെന്നതിനാൽ നേരിട്ടും ടിവിയിലൂടെയും കൂടുതൽപേർ കാണുന്ന ടൂർണമെന്റ് എന്ന വിശേഷണം ഐഎസ്എൽ നേടിക്കഴിഞ്ഞു. 

പുതിയ മൂന്നു ടീമുകളെക്കൂടി ഉൾപ്പെടുത്തി ടൂർണമെന്റ് വിപുലമാക്കുന്നതിന്റെ ആദ്യപടിയായി ടെൻ‍ഡറുകൾ ക്ഷണിച്ചുകഴിഞ്ഞു. പത്തോ പതിനൊന്നോ ടീമുള്ള ഐഎസ്എൽ ആറുമാസമെങ്കിലും ദൈർഘ്യമുള്ളതായി മാറും.

സാമ്പത്തികശേഷിയുള്ള ഐഎസ്എൽ ടീമുകൾ സ്വാഭാവികമായും മികച്ച കളിക്കാരെ നിലനിർത്തുമ്പോൾ ഐ ലീഗ് ശുഷ്കമാകും. അങ്ങനെവന്നാൽ സ്പോൺസർമാരെ കിട്ടാതാവും. അതോടെ ഐ ലീഗ് സ്വാഭാവിക അന്ത്യത്തിലേക്കു നീങ്ങും. ഐ ലീഗ്–ഐഎസ്എൽ ലയനം യാഥാർഥ്യമായില്ലെങ്കിൽപോലും ഭാവിയിൽ ഒരേയൊരു ലീഗേ ഇന്ത്യയിൽ ഉണ്ടാവൂ. അത് ഐഎസ്എൽ ആയിരിക്കും.