Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്എല്ലിൽ കേരളത്തിൽനിന്ന് പുതിയൊരു ടീം കൂടി?; ഉത്തരം ഇന്നറിയാം

Kerala Blasters

മുംബൈ ∙ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത എഡിഷനിൽ തിരുവനന്തപുരം ആസ്ഥാനമായി പുതിയൊരു ടീം കൂടി ഉണ്ടാകുമോ? കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്നു ലഭിക്കും. നാലാം സീസൺ മുതൽ മൂന്ന് ടീമുകൾ കൂടി ഐഎസ്എല്ലിന്റെ ഭാഗമാകുമെന്ന് സംഘാടകർ ഏതാനും ആഴ്ചകൾക്കു മുൻപ് പ്രഖ്യാപിച്ചിരുന്നു. പുതിയതായി ഇടംപിടിക്കുന്ന മൂന്ന് ടീമുകള്‍ ആരൊക്കെയെന്ന് ഇന്നറിയാം.

ഐഎസ്എല്ലിന് നേതൃത്വം നൽകുന്ന ഫുട്ബോൾ സ്പോർട്സ് ഡെവലപ്പ്മെൻറ് ലിമിറ്റഡ് മുംബൈയിലാണ് പ്രഖ്യാപനംനടത്തുക. രാജ്യത്തെ പത്തുനഗരങ്ങൾ കേന്ദ്രീകരിച്ച് ടീമുകൾ ആരംഭിക്കാൻ താൽപര്യമുള്ളവര്‍ക്കായി കഴിഞ്ഞമാസം ലേലം സംഘടിപ്പിച്ചിരുന്നു. ഇതില്‍ തിരുവനന്തപുരവും ഉൾപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ, കേരളത്തിൽനിന്നും, കേരളാബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റൊരുടീമും ഐഎസ്എല്ലിൽ എത്താൻ സാധ്യതയുണ്ട്.

തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, കട്ടക്ക്, ബെംഗളൂരു, ദുർഗാപുർ, ഹൈദരാബാദ്, ജംഷഡ്പുർ, കൊൽക്കത്ത, റാഞ്ചി എന്നീ നഗരങ്ങളെയാണ് ലേലത്തിനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ സ്വന്തം ഐഎസ്എൽ ടീമായ കേരളാ ബ്ലാസ്റ്റേഴ്സിനെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരം ആസ്ഥാനമായി പുതിയ ടീം ആരംഭിക്കാൻ വമ്പൻ കമ്പനികൾ എത്തിയിട്ടുണ്ടെന്നാണ് സൂചന.

പുതിയ മൂന്നു ടീമുകൾ കൂടി എത്തുന്നതോടെ ഐഎസ്എലിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 11 ആയി ഉയരും. അത്‍ലറ്റിക്കോ ഡി കൊൽക്കത്ത, ചെന്നൈയിൻ എഫ്സി, ഡൽഹി ഡൈനാമോസ് എഫ്സി, എഫ്സ ഗോവ, എഫ്സി പുണെ സിറ്റി, കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, മുംബൈ സിറ്റി എഫ്സി എന്നിവയാണ് നിലവിൽ ഐഎസ്എലിന്റെ ഭാഗമായിട്ടുള്ള ടീമുകൾ.