Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരങ്ങളെ തെരുവിൽത്തേടി ചെന്നൈ എഫ്സി

chennaiyin-fc-logo-4

ചെന്നൈ ∙ ഫുട്ബോളിലെ പുത്തൻ താരോദയങ്ങൾ തേടി ഐ ലീഗ് ക്ലബ്ബായ ചെന്നൈ സിറ്റി എഫ്സി തെരുവിലിറങ്ങുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു പ്രഫഷനൽ ഫുട്ബോൾ ക്ലബ് കുരുന്നു പ്രതിഭകളെ കണ്ടെത്താൻ ലാറ്റിനമേരിക്കൻ മാതൃക പിന്തുടരുന്നത്. ഇതിന്റെ ഭാഗമായി ആദ്യത്തെ സ്ട്രീറ്റ് ഫുട്ബോൾ ലീഗ് സെപ്റ്റംബറിൽ നടക്കും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ടീമുകളാണു പന്തു തട്ടാനിറങ്ങുന്നത്. ലീഗിന്റെ ഘടനയുൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. ആറര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഫുട്ബോൾ ക്ലബ്ബാണു ചെന്നൈ സിറ്റി എഫ്സി.

പ്രാദേശിക തലത്തിൽ സജീവമായിരുന്ന ക്ലബ് ഈയിടെയാണ് അടിമുടി പ്രഫഷനലായി ദേശീയ ഫുട്ബോളിലേക്കു കാലെടുത്തുവച്ചത്. കഴിഞ്ഞ സീസൺ ഐ ലീഗിൽ എട്ടാം സ്ഥാനത്തെത്തി. ജീവിത സാഹചര്യങ്ങളുടെ ടാക്ലിങ്ങിൽ തട്ടി ഒരു പ്രതിഭയെ പോലും ഇന്ത്യൻ ഫുട്ബോളിനു നഷ്ടമാകരുതെന്നാണു സ്ട്രീറ്റ് ഫുട്ബോൾ ലീഗിന്റെ ലക്ഷ്യം. മികവ് കാണിക്കുന്നവരെ ക്ലബ്ബിന്റെ പ്രായപരിധി ടീമുകളിലേക്കു തിരഞ്ഞെടുക്കും. രണ്ടു വർഷത്തിനകം ക്ലബ്ബിനു കീഴിൽ ലോക നിലവാരത്തിലുള്ള റസിഡൻഷ്യൽ അക്കാദമി ആരംഭിക്കും. സ്ട്രീറ്റ് ഫുട്ബോളിൽ മിന്നുന്ന താരങ്ങൾക്ക് അക്കാദമിയിലേക്കു നേരിട്ടു സിലക്‌ഷൻ ലഭിക്കും.

കുടുംബങ്ങളുടെ സാമ്പത്തിക പിന്നാക്കാവസ്ഥ പ്രതിഭയുള്ളവരെ കാൽപന്ത് കളത്തിൽനിന്ന് അകറ്റുന്നതായി ക്ലബ് സംസ്ഥാന വ്യാപകമായി നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. ഇത്തരം പ്രതിഭകളെ കണ്ടെത്തുന്നതിന് ഏറ്റവും നല്ല മാർഗം ലാറ്റിനമേരിക്കൻ മോഡലിലുള്ള സ്ട്രീറ്റ് ഫുട്ബോളാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു ക്ലബ് പന്തുമായി തെരുവിലേക്കിറങ്ങുന്നത്.