Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടകര വോളിബോൾ വിലാസമറിയിച്ച അച്യുതക്കുറുപ്പ്

achuthakurup അച്യുതക്കുറുപ്പ്

സുന്ദരമായ ആകാരം, ചന്തമാർന്ന വേഷം, ആകർഷകമായ കളി. വോളിബോൾ കോർട്ടിൽ കളിക്കാരനായും പരിശീലകനായും രണ്ടര പതിറ്റാണ്ടോളം തിളങ്ങിയ എ. അച്യുതക്കുറുപ്പ് ജീവിതത്തോടുതന്നെ വിട പറഞ്ഞിരിക്കുന്നു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ കോച്ചുകളുടെ കോച്ചായി ഏറെക്കാലം ചെലവഴിച്ച ബെംഗളൂരുവിലായിരുന്നു എഴുപത്തഞ്ചാം വയസ്സിൽ അന്ത്യം.

മലബാറിൽ പട്ടണ പ്രവേശത്തിന് മടികാണിച്ചിരുന്ന വോളിബോൾ കളിയുടെ ഈറ്റില്ലമായിരുന്ന വടകരയിലാണ് അച്യുതക്കുറുപ്പ് ജനിച്ചത്. മലബാർ ചാംപ്യൻ നാരായണൻ നായർ, തിക്കോടി രാഘവൻ വൈദ്യർ, കെ. അബ്ദുറഹിമാൻ, പാലോറ നാണു, കളത്തിൽ മുകുന്ദൻ തുടങ്ങിയവരുൾപ്പെട്ടതായിരുന്നു ടീം. പയമ്പ്ര രാമനും ഭാസ്കരക്കുറുപ്പും ഇരിങ്ങൽ പപ്പനും നല്ലളം ഇമ്പിച്ചിമമ്മുവും ഒക്കെ ഉൾനാടുകളെ ഹരം കൊള്ളിച്ചു നിലംകുഴിക്കുന്ന സ്മാഷുകളുമായി നടന്ന കാലം കൂടിയായിരുന്നു അത്.

ചെന്നൈ വൈഎംസിഎയിൽ നടക്കാറുണ്ടായിരുന്ന മദ്രാസ് ഒളിംപിക്സിൽ മലബാർ ജിംഖാന എന്നപേരിൽ വടകരയിൽനിന്നു പുറപ്പെട്ട ടീം തലക്കെട്ടുകൾ ആകർഷിച്ചിരുന്ന കാലം. വടകരക്കാർക്കു കാര്യമായി പിടികൊടുക്കാതെ നടന്ന കുറുപ്പ് നേരെ ഇന്ത്യൻ നേവിയിലാണ് എത്തിയത്. അവരുടെ വെളുത്ത ജഴ്സിക്കകത്ത് തിളങ്ങിയ സ്മാഷർ പത്തു വർഷത്തോളം നേവി ടീമിൽ കളിച്ചു. എട്ടുവർഷം സർവീസസ് കളറും അണിഞ്ഞ കുറുപ്പ് മൂന്നുവർഷം അവരുടെ നായകനുമായി.

1966 മുതൽ ആറുവർഷം ഇന്ത്യയ്ക്കു കളിച്ച കുറുപ്പ്, കെ. അബ്ദുറഹിമാൻ, ടി.പി. ഭാസ്കരക്കുറുപ്പ് എന്നീ വടകരക്കാരുടെ പിൻഗാമിയുമായി. സ്വരം നല്ല നിലയിലുള്ളപ്പോൾ പാട്ട് നിർത്തി, അദ്ദേഹം. എന്നാൽ വോളിബോൾ കോർട്ടിൽനിന്ന് അകന്നു നിൽക്കാൻ അദ്ദേഹത്തിനു സാധ്യമല്ലായിരുന്നു. പട്യാല എൻഐഎസിൽനിന്നു റഷ്യൻ കോച്ചുകൾക്ക് കീഴിൽ ഡിപ്ലോമ നേടിയ അദ്ദേഹത്തെ മൊറീഷ്യസ് ടീം കോച്ചായി വിളിച്ചു. മൂന്നുവർഷം കഴിഞ്ഞു തിരിച്ചെത്തിയതോടെ എൻഐഎസിൽ തന്നെ നിയമനം ലഭിച്ചു. പിന്നാലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലും.

അതിനിടയിൽ 1974ലെ ടെഹ്റാൻ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ അസി. കോച്ചായി നിയമനം ലഭിച്ചു. വോളിബോൾ ഫെഡറേഷനിലെ ഗ്രൂപ്പ് വടംവലിയിൽ പെട്ട് ടീമിനു പോവാൻ ഒത്തില്ലെങ്കിലും ജർമനിയിൽ പത്തു മാസത്തെ ഉപരിപഠനത്തിന് ആ കോച്ച് നിയുക്തനായി. തിരിച്ചുവന്ന കുറുപ്പ് സായി ബെംഗളൂരു കേന്ദ്രത്തിൽ മുഖ്യ പരിശീലകനായി. ഇന്ത്യയുടെ ചീഫ് കോച്ച് പദവിയിലും എത്തി. 1986ലെ സോൾ ഏഷ്യാഡ് ഇന്ത്യയ്ക്കൊരു വെങ്കല മെഡൽ സമ്മാനിച്ചപ്പോൾ കോച്ച് അച്യുതക്കുറുപ്പായിരുന്നു. അസി. കോച്ചായി നാട്ടുകാരൻ തന്നെയായ വടകര ചോമ്പാല സ്വദേശി വി. സേതുമാധവൻ, ടീമംഗങ്ങളായി ഉദയകുമാറിനെയും ജിമ്മി ജോർജ്, സിറിൾ വള്ളൂർ എന്നിവരെയും കിട്ടിയപ്പോൾ ജപ്പാനെ തോൽപിച്ചാണ് ഇരുപതു വർഷങ്ങൾക്കു ശേഷം ഇന്ത്യയ്ക്കു വിജയപീഠത്തിൽ കയറി നിൽക്കാൻ സാധിച്ചത്.

എന്നാൽ, ദ്രോണാചാര്യ അവാർഡ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ തനിക്കു പിന്നാലെ വന്ന കോച്ചിനെ പരിഗണിക്കുകയും തന്നെ തഴയുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു കായികരംഗത്തുനിന്നു പതുക്കെ അച്യുതക്കുറുപ്പ് പിൻവാങ്ങുകയായിരുന്നു. ഇടക്കാലത്ത് ജയ്പൂരിൽ ശ്രീറാം റയോൺസിൽ ഉദ്യോഗം ലഭിച്ച അദ്ദേഹം 1973ൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന നാഷനൽ ചാംപ്യൻഷിപ്പിൽ രാജസ്ഥാൻ ടീമിനെ നയിക്കാനുമെത്തി. അന്ന് അവിടെ ഒരു വെറ്ററൻസ് മൽസരം നടന്നപ്പോൾ ജിമ്മി ജോർജ്, കുട്ടികൃഷ്ണൻ, കലവൂർ ഗോപിനാഥ് എന്നിവരോടൊപ്പം കുറുപ്പും കോർട്ടിലിറങ്ങി കളിക്കുകയുണ്ടായി.

സായിയുടെ പ്രതിനിധിയായി പുതിയ താരങ്ങളെ കണ്ടെത്താൻ റഷ്യൻ കോച്ച് അലക്സാണ്ടർ കൊക്കോലോവിനൊപ്പം എട്ടു വർഷം മുൻപ് അച്യുതക്കുറുപ്പ് കേരളത്തിലെത്തിയിരുന്നു. പഞ്ചാബിനുവേണ്ടി വോളിബോൾ കളിച്ചിരുന്ന ഭാര്യ കുസുമം സായിയിൽ വോളിബോൾ കോച്ചായിരുന്നു. മകൾ ആരാധന അത്‌ലറ്റിക്സിലേക്കു തിരിഞ്ഞപ്പോൾ െടന്നിസിൽ തുടങ്ങി വോളിബോളിൽ എത്തിയ മകൻ ആനന്ദ് കുറുപ്പ് 1997ൽ ദോഹയിൽ നടന്ന ഇന്റർനാഷനൽ വോളിബോളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു. ഒരു ഏഷ്യൻ ഗെയിംസിൽനിന്ന് പിൻമാറേണ്ടി വന്നിടത്തോളം എത്തിയ ഇന്ത്യൻ വോളിബോൾ ഫെഡറേഷനിലെ ഗ്രൂപ്പ് വടംവലി പുനർജനിച്ച ദുഃഖംകൂടി പേറിയാവണം പ്രഗത്ഭനായ ആ കോച്ച് കണ്ണടച്ചത്.