ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാംപ്യൻമാരായ ലിവർപൂളും പരമ്പരാഗത ശക്തികളായ മാഞ്ചസ്റ്റർ യുണൈറ്റഡും തോറ്റെന്നല്ല, നാണംകെട്ട് തോറ്റെന്ന് പ്രത്യേകം പറയണം! പ്രത്യേകിച്ചും ലിവർപൂൾ. കഴിഞ്ഞ സീസണിൽ മികച്ച ലീഡുമായി കിരീടം ചൂടിയ ലിവർപൂളിനെ അട്ടിമറിച്ചത് ആരാണെന്നല്ലേ? അതേ സീസണിൽ ഒരേയൊരു പോയിന്റിന്റെ ബലത്തിൽ തരംതാഴ്ത്തലിൽനിന്ന് രക്ഷപ്പെട്ട ആസ്റ്റൺ വില്ല! ലിവർപൂളിനെ തോൽപ്പിച്ചത് രണ്ടിനെതിരെ ഏഴു ഗോളുകൾക്ക്.

മറുവശത്ത് തുല്യശക്തികളെന്ന് പറയാവുന്ന ടോട്ടനം ഹോട്സ്‌പറിനോടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കൂറ്റൻ തോൽവി വഴങ്ങിയത്. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ടോട്ടനം യുണൈറ്റഡിനെ മുക്കിയത്. സ്ട്രൈക്കർ ആന്തണി മാർഷ്യൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതിനെ തുടർന്ന് ഏറിയ പങ്കും 10 പേരുമായി കളിച്ചാണ് യുണൈറ്റഡ് തോറ്റത്. ടോട്ടനത്തിനായി ഹാരി കെയ്ൻ (30, 79–പെനൽറ്റി), സൺ ഹ്യൂങ് മിൻ (7, 37) എന്നിവർ ഇരട്ടഗോൾ നേടി.

∙ തകർന്നടിഞ്ഞ് ലിവർപൂൾ

റെക്കോർഡ് തുകയ്ക്ക് ഈ സീസണിൽ ടീമിലെത്തിച്ച ഒലി വാട്കിൻസിന്റെ കന്നി ഹാട്രിക്കാണ് ലിവർപൂളിനെതിരെ ആസ്റ്റൺവില്ലയ്ക്ക് റെക്കോർഡ് വിജയം സമ്മാനിച്ചത്. 4, 22, 39 മിനിറ്റുകളിലായിരുന്നു വാട്കിൻസിന്റെ ഗോളുകൾ. 10 വർഷം മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ദിമിതർ ബെർബറ്റോവ് ഹാട്രിക് നേടിയശേഷം ലിവർപൂളിനെതിരെ ലീഗിൽ ഹാട്രിക് പിറക്കുന്നത് ഇതാദ്യമാണ്.

രണ്ടു ഗോൾ നേടിയും മൂന്നു ഗോളുകൾക്ക് വഴിയൊരുക്കിയും ജാക്ക് ഗ്രീലിഷും കളംനിറഞ്ഞതോടെയാണ് ആസ്റ്റൺ വില്ല എന്നെന്നും ഓർമിക്കാനൊരു വിജയം സ്വന്തം പേരിലാക്കിയത്. 66, 75 മിനിറ്റുകളിലാണ് ഗ്രീലിഷ് സ്കോർ ചെയ്തത്. ജോൺ മക്ഗിൻ (35), റോസ് ബെർക്‌ലി (55) എന്നിവരാണ് മറ്റു സ്കോറർമാർ. മുഹമ്മദ് സലാ ലിവർപൂളിനായി ഇരട്ടഗോൾ (33, 60) നേടിയെങ്കിലും ഫലം ചെയ്തില്ല.

സ്ട്രൈക്കർ സാദിയോ മാനെയ്ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കളത്തിലിറങ്ങിയ ലിവർപൂൾ, 1963നുശേഷം ഇതാദ്യമായാണ് ഒരു മത്സരത്തിൽ ഏഴു ഗോൾ വഴങ്ങുന്നത്. മാത്രമല്ല, 2019 ജനുവരിക്കു ശേഷം പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ നാലാമത്തെ മാത്രം തോൽവിയുമാണിത്. മറുവശത്ത്, 1962നുശേഷം ലീഗിൽ ആസ്റ്റൺ വില്ലയുടെ ഏറ്റവും മികച്ച തുടക്കമാണ് ഇത്തവണത്തേത്. ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച ആസ്റ്റണ്‍ വില്ല പോയിന്റ് പട്ടികയിൽ രണ്ടാമതുണ്ട്. നാലിൽ നാലും ജയിച്ച എവർട്ടൻ മാത്രം 12 പോയിന്റുമായി മുന്നിൽ. സീസണിലെ ആദ്യ തോൽവി വഴങ്ങിയ ലിവർപൂൾ അഞ്ചാമതാണ്.

∙ നിലതെറ്റി യുണൈറ്റഡ്

സ്വന്തം തട്ടകത്തിലാണ് സൂപ്പർ പരിശീലകൻ ഹോസെ മൗറീഞ്ഞോയുടെ ടോട്ടനം ഹോട്സ്പർ യുണൈറ്റഡിനെ തകർത്തുവിട്ടത്. 2011ൽ മാഞ്ചസ്റ്റർ സിറ്റിയോട് 6–1നു തോറ്റശേഷം സ്വന്തം മൈതാനത്ത് യുണൈറ്റഡ് നേരിടുന്ന ഏറ്റവും വലിയ തോൽവിയാണ് ഇന്നലത്തേത്. കളി തുടങ്ങിയതും യുണൈറ്റഡിനു പെനൽറ്റി കിട്ടി. 2–ാം മിനിറ്റിൽ സ്പോട് കിക്ക് ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് ആതിഥേയരെ മുന്നിലെത്തിച്ചു.

എന്നാൽ, 4–ാം മിനിറ്റിൽ ടോൻഗി ഡോംബെല്ലി ടോട്ടനത്തെ ഒപ്പമെത്തിച്ചു. 7–ാം മിനിറ്റിൽ സൺ ഹ്യൂങ് മിൻ സന്ദർശകരെ മുന്നിലെത്തിച്ചു. 28–ാം മിനിറ്റിൽ എറിക് ലമേലയെ അടിച്ചതിന് ആന്തണി മർത്യാലിനു ചുവപ്പു കാർഡ് കിട്ടിയതോടെ യുണൈറ്റഡിന്റെ തകർച്ച തുടങ്ങി. ഹാരി കെയ്ന്റെ ഡബിളും (30’, 79’) സെർജി ഓറിയറിന്റെ ഗോളും (51’) യുണൈറ്റഡിന്റെ മുറിവിൽ മുളകുതേച്ചു. 37–ാം മിനിറ്റിലെ ഗോളിലൂടെ സൺ ഡബിൾ തികച്ചു.

മറ്റു മത്സരങ്ങളിൽ, മാഞ്ചസ്റ്റർ സിറ്റിയെ ലീഡ്സ് യുണൈറ്റഡ് സമനിലയിൽ (1–1) കുരുക്കി. ബ്രൈട്ടനെ 4–2നു തോൽപിച്ച് എവർട്ടൻ തുടരെ 4–ാം ജയം കുറിച്ചു. വെസ്റ്റ് ഹാമിനോട് 0–3നു ലെസ്റ്റർ സിറ്റി തോറ്റു.

English summary: English premier league 2020–21, Updates

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com