ADVERTISEMENT

ഡിസംബറിലെ മരംകോച്ചുന്ന തണുപ്പിലും യൂറോപ്പിലെ ഫുട്ബോൾ ലീഗുകളിൽ പോരാട്ടങ്ങൾ ചൂടുപിടിക്കുകയാണ്. ലീഗുകൾ പാതിവഴി പിന്നിടുന്ന കാലമാണ് ഡിസംബർ. ശൈത്യകാല ചംപ്യന്മാർ എന്ന അനൗദ്യോഗിക പട്ടമാണ് ഒന്നാം സ്ഥാനക്കാർക്ക്. ഇനിയുള്ള അഞ്ചു മാസം മുൻനിരയിലുള്ളവർക്ക് കിരീടപ്പോരാട്ടത്തിൽ പിന്നോട്ടിറങ്ങാതെ സ്ഥാനമുറപ്പിക്കാനുള്ള സമയമാണ്. ആദ്യ പത്തിലുള്ളവർക്ക് സ്ഥാനക്കയറ്റം നേടി, ചാംപ്യൻസ് ലീഗ്, യൂറോപ്പ ലീഗുകളിലേക്കെങ്കിലും യോഗ്യത നേടുകയെന്ന ലക്ഷ്യത്തിലേക്കുള്ള പോരാട്ടവും. 

∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ്

നിലവിലുള്ള ജേതാക്കളായ ലിവർപൂൾ തന്നെയാണ് ഇംഗ്ലിഷ്  പ്രീമിയർ ലീഗിൽ മുന്നിലുള്ളത്. കഴിഞ്ഞ സീസണുകളിൽ നിന്നു വ്യത്യസ്തമായി ആദ്യ അഞ്ചു സ്ഥാനക്കാരിൽ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും മാത്രമാണ് പെരുമയുള്ള ക്ലബുകൾ. ലെസ്റ്റർസിറ്റി, എവർട്ടൺ, ആസ്റ്റൺവില്ല എന്നിവർ കണക്കുകൂട്ടലുകൾ തെറ്റിച്ച് മുന്നിരയിലുണ്ട്. വമ്പൻമാരായ ചെൽസി (5), ടോട്ടനം ഹോട്സ്പർ (7), മാഞ്ചസ്റ്റർ സിറ്റി (8) എന്നിവരെല്ലാം കിരീടപ്പോരാട്ടത്തിന് ഏറെ പിന്നിലാണ്. പോരാട്ടത്തിന്റെ വെടിമരുന്നിന് വീര്യം ചോർന്ന ആർസനലിന് (13) മുൻനിരയിലേക്കൊരു തിരിച്ചുവരവ് ഏറെ ദുഷ്കരം. ഫുൾഹാം, വെസ്റ്റ്ബ്രോംവിച്ച് ആൽബിയൻ, ഷെഫീൽഡ് യുണൈറ്റഡ് എന്നീ ടീമുകളാണ് നിലവിൽ അവസാന 3 സ്ഥാനങ്ങളിൽ.

നിലവിൽ ആദ്യ പത്തു സ്ഥാനക്കാരിൽ ആർ‌ക്കും പൊരുതിക്കയറാം എന്ന സ്ഥിതിയാണ് പ്രീമിയർ ലീഗി‌ൽ പുതുവത്സരത്തിൽ ആവേശം നിറയ്ക്കുന്നത്. ലിവർപൂളുമായി പോയിന്റ് നിലയിൽ ഒപ്പത്തിനൊപ്പമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഗോൾശരാശരിയിലാണ് അവർ രണ്ടാമതായിപ്പോയത്. തൊട്ടുപിന്നിലുള്ള ലെസ്റ്ററും എവർട്ടണും 4 പോയിന്റു മാത്രമാണ് അകലം. ചെൽസി, ആസ്റ്റൺവില്ല, ടോട്ടനം, സിറ്റി, സതാംപ്റ്റൺ എന്നിവരെല്ലാം ഇപ്പോഴത്തെ ലീഗ് പട്ടികയെ മാറ്റിമറിക്കാൻ അവസരമുള്ളവരാണ്.

Tottenham's Son Heung-min celebrates after scoring his side's opening goal during the English Premier League soccer match between Tottenham Hotspur and Manchester City at Tottenham Hotspur Stadium in London, England, Saturday, Nov. 21, 2020. (Neil Hall/Pool via AP)
സൺ ഹ്യൂങ് മിൻ

യൂർഗൻ ക്ലോപ്പിനു കീഴിൽ ചാംപ്യന്മാരുടെ പെരുമയ്ക്കൊത്ത പ്രകടനത്തോടെയാണ് ലിവർപൂൾ ഒന്നാം സ്ഥാനത്തു തുടരുന്നത്. 15 കളികളിൽ തോൽവി ഒന്നിൽ മാത്രം. 9 ജയം. 37 ഗോളുകൾ നേടി. 20 എണ്ണം വഴങ്ങി. കഴിഞ്ഞ 6 കളികളിൽ പരാജയമറിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ടു കളികളിൽ,  വെസ്ബ്രോംവിച്ച് ആൽബിയനോടും കഴിഞ്ഞദിവസം ന്യൂകാസിൽ യുണൈറ്റഡിനോടും സമനിലയിൽ കുരുങ്ങിയതോടെ നിർണായകമായ 4 പോയിന്റുകളാണ് ചാംപ്യന്മാർക്ക് നഷ്ടമായത്.

രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്ററും സീസൺ പകുതിയെത്തുമ്പോൾ മിന്നുന്ന മികവിലാണ്. കഴിഞ്ഞ 7 കളികളിൽ തോൽവിയറിഞ്ഞിട്ടില്ല. മൂന്നാമതുള്ള ലെസ്റ്റർ അവസാന 6 കളികളിൽ തോൽവിയറിഞ്ഞത് ഒന്നിൽ മാത്രം. എവർട്ടന്റെയും സമീപകാല റെക്കോർഡ് ഏറെക്കുറെ സമാനം. കഴിഞ്ഞ 6 കളികളിൽ മികവിൽ പിന്നിലേക്കു പോയതോടെയാണ് ചെൽസി അഞ്ചാമതായത്. കഴിഞ്ഞ മാസം ലീഗിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്ന ടോട്ടനത്തിന് പിന്നീട് പക്ഷേ കാലിടറുകയായിരുന്നു. കഴിഞ്ഞ 6 കളികളിലും വിജയം അകന്നുപോയതോടെ ഹോസെ മൗറിഞ്ഞോയുടെ ടീം ഏറെ ദൂരം താഴെക്കിറങ്ങി. തുടക്കത്തിൽ കൈവിട്ട താളം വീണ്ടടുക്കുന്ന സിറ്റി അവസാന 6 കളികളിൽ തോൽവിയറിഞ്ഞിട്ടില്ല.

aston-villa-goal-celebration

സീസണിൽ ഏറ്റവും അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ടീമുകളിലൊന്ന് ആസ്റ്റൺ വില്ലയാണ്. ഡീൻ സ്മിത്ത് എന്ന ഏറെയൊന്നും പ്രശസ്തനല്ലാത്ത കോച്ചിനു കീഴിൽ ശരിക്കും അതിശയിപ്പിച്ച പ്രകടനമാണ് അവർ ഇതുവരെ പുറത്തെടുത്തത്. 26 പോയിന്റുമായി ആറാമതാണിപ്പോൾ. കഴിഞ്ഞ സീസണിൽ അവർ ആകെ നേടിയത് 35 പോയിന്റാണ് എന്നതു പരിഗണിക്കുമ്പോഴാണ് 6 മാസം കൊണ്ട് ടീം എത്രത്തോളം മികച്ച സംഘമായി എന്നു വിലയിരുത്താൻ. പ്രീമിയർ ലീഗിലെ ശരാശരി ഏറ്റവും പ്രായം കുറഞ്ഞ, പരിചയസമ്പത്തു കുറഞ്ഞ ടീമുമായാണ് സ്മിത്ത് ഫുട്ബോൾ വിദഗദ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നത്.

ആദ്യ 5 സ്ഥാനക്കാരിൽ ഇതുവരെ ഏറ്റവും പ്രതിരോധ മികവിൽ മുന്നിലുള്ളത് വില്ലയാണ്. 29 ഗോളുകൾ നേടിയ അവരുടെ കാവൽ നിരയെ കടന്നുപോയത് 16 എണ്ണം മാത്രം. കാവൽ മികവിൽ സിറ്റി വില്ലയെക്കാൾ മുന്നിലാണ്. അവർ ഇതുവരെ വഴങ്ങിയത് 12 ഗോളുകൾ.

പോയിന്റ് നില (കളി, ജയം, സമനില, തോൽവി,  പോയിന്റ് എന്ന ക്രമത്തിൽ)

1. ലിവർപൂൾ  16  9  5  1  33

2. മാൻ. യുണൈറ്റഡ്  16  10  3  3  33

3. ലെസ്റ്റർസിറ്റി  16  9  2  5  29

4. എവർട്ടൺ 16 9  2  5  29

5. ചെൽസി  16  7  5  4  26‌

6. ആസ്റ്റൺവില്ല  15  8  2  5  26

7. ടോട്ടനം  15  7  5  3  26

8. മാൻ. സിറ്റി  14  7  5  2  26

ടോപ് സ്കോറർ

1. മുഹമ്മദ് സാല (ലിവർപൂൾ) - 13

2. ഹ്യൂ മിൻ സൺ (ടോട്ടനം) - 11

ജെയ്മി വാർഡി (ലെസ്റ്റര്)  - 11

ഡോമിനിക് കൾട്ടർ ലെവിൻ (എവർട്ടൺ)- 11

3. പാട്രിക് ബാംഫോർഡ് (ലീഡ്സ്)  - 10

ബ്രൂണോ ഫെർണാണ്ടസ് (മാൻ. യുണൈറ്റഡ്) - 10

4. ഹാരി കെയ്ൻ (ടോട്ടനം) - 9

5. കല്ലം വില്യംസൺ (ന്യൂ കാസിൽ) - 8

∙ സീരി എ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം കൊണ്ട് ഫുട്ബോൾ ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്ന സീരി എ യിൽ പക്ഷേ ശൈത്യകാല ചാംപ്യൻപട്ടത്തിന്റെ തിളക്കത്തിൽ എസി മിലാനാണ്. നിലവിലുള്ള ജേതാക്കളായ യുവെന്റസിനെപ്പോലും നിഷ്പ്രഭമക്കിയ പ്രകടനമായിരുന്നു സ്ലാറ്റൻ ഇബ്രഹിമോവിച്ചും കൂട്ടരും. വീര്യമേറുന്ന വീഞ്ഞുപോലെയുള്ള സ്ലാറ്റന്റെ പ്രതിഭയുടെ തിളക്കമായിരുന്നു മിലാന്റെ യുവനിരയ്ക്കാകെ ആത്മവിശ്വാസമായത്.

ronaldo

സീസണിലെ നിർണായകമായ വമ്പൻ പോരട്ടങ്ങളിലെല്ലാം സ്വീഡന്റെ പ്രായം തളർത്താത്ത സൂപ്പർതാരത്തിന്റെ പ്രകടനം നിർണായകമായിരുന്നു. സീസണിൽ  തോൽവിയറിയാത്ത ഏക ടീമെന്ന നേട്ടവുമായണ് മിലാൻ ഒന്നാം സ്ഥാനത്തു തുടരുന്നുത്. 14 കളികളിൽ പത്തിലും ജയം. 4 എണ്ണം സമനില. കിരീടപ്പോരാട്ടത്തിൽ 1 പോയിന്റ് വ്യത്യാസത്തിൽ എസി മിലാന്റെ തൊട്ടുപിന്നിലുണ്ട് നാട്ടുകാരായ ഇന്റർ മിലാൻ. ഒരു കളിയിൽ മാത്രമാണ് അവർ തോൽവിയറിഞ്ഞത്. മൂന്നാം സ്ഥാനത്തുള്ള എഎസ് റോമ 6 പോയിന്റ് പിന്നിലാണെന്നത് പുതുവർഷത്തിലെ പോരാട്ടങ്ങളിൽ മിലാൻ ക്ലബുകൾക്ക് ഏറെ ആത്മവിശ്വാസമാകും.

സാസ്വോളോ, നാപ്പൊളി എന്നിവരാണ് നാലു അഞ്ചും സ്ഥാനങ്ങളിൽ. പെരുമയും പ്രതാപവും ഏറെയുള്ള വമ്പൻമാർക്കൊപ്പം തലയുയർത്തി നിൽക്കുകയണ് ലീഗിലെ താരതമ്യേന പുതുമുഖങ്ങളായ സാസ്വോളോ. സീരി സിവൺ, സീരി ബി ലീഗുകളിൽ കളിച്ചു തെളിഞ്ഞ് 2013 ലാണ് അവർ ആദ്യമായി സീരി എയിൽ എത്തുന്നത്. 2014 – 15 സീസണിൽ 12–ാം സ്ഥാനത്തായിരുന്നു. 2015 – 16 സീസണിൽ എസി മിലാനെയും ലാസിയോയെയും മറികടന്ന് 6–ാം സ്ഥാനത്തെത്തി.

Zlaton Ibrahimovic

ലീഗ് പട്ടികയിൽ നിലവിലുള്ള ജേതാക്കളായ യുവെന്റസിനെ കാണണമെങ്കിൽ ആറാം സ്ഥാനത്തെത്തണം. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഒറ്റ സൂപ്പർതാരത്തിന്റെ മാത്രം മികവിലായിരുന്നു പ്രധാനമായും ഈ സീസണിൽ യുവെയുടെ മുന്നേറ്റം. ക്രിസ്റ്റ്യാനോ നിറംമങ്ങിയപ്പോഴെല്ലാം യുവെയ്ക്കും അടിതെറ്റി. സീസൺ പകുതി പിന്നിടുമ്പോൾ അവർ മിലാനെക്കാൾ 10 പോയിന്റ് പിന്നിലാണ്. ഇനിയുള്ള 5 മാസങ്ങളിൽ അസാധാരണമായ പ്രകടനം പുറത്തെടുത്താൽ മാത്രം എത്തിപ്പിടിക്കാവുന്ന അകലമാണത്. ഇപ്പോഴത്തെ ടീമിനെവച്ച് യുവെയ്ക്ക് അത് ഏറെക്കുറെ അസാധ്യമാണ്. യുവെയുടെ കിരീടപ്രതീക്ഷകൾ മങ്ങുന്നു എന്നു തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തൽ. 13 കളികളിൽ 6 വിജയം മാത്രമാണവർക്ക്. 6 കളിയിൽ സമനിലക്കുരുക്കായി. ഒരു തോൽവിയും.

പോയിന്റ് നില

1. എസി മിലാൻ  14 10 4 0 34

2. ഇന്റർ മിലാൻ  14 10 3 1 33

3. എഎസ് റോമ  14 8 3 3 27

4. സാസ്വോളോ  14 7 5 2 26

5. നാപ്പോളി  13 8 1 4 25

6. യുവെന്റസ്  13 6 6 1 24

7. അറ്റലാന്റ  13 6 4 3 22

8. ലാസിയോ  14 6 3 5 21

ടോപ് സ്കോറർ

1. ക്രിസ്റ്റ്യാനോ റൊണാൾഡോ (യുവെന്റസ്)  12

2. ലുക്കാക്കു (ഇന്റർ മിലാൻ) 11

3. ഇബ്രഹിമോവിച്ച് (എസി മിലാൻ) 10

∙ ജർമൻ ബുന്ദസ് ലിഗ

ബുന്ദസ് ലിഗയിൽ ശൈത്യകാല ചംപ്യന്മാരായി ബയൺ മ്യൂണിക് തന്നെ. ബയൺ മുന്നിൽ കുതിച്ചോടുകയും മറ്റുള്ളവർ ഒപ്പമെത്താൻ കിതച്ചോടുകയും ചെയ്യുന്ന പതിവിനു പക്ഷേ ഇക്കുറി അൽപം മാറ്റമുണ്ട്. ഒറ്റക്കുതിപ്പിന് അവർക്കൊപ്പമെത്താവുന്ന ദൂരത്ത് ബയെർ ലെവർകുസനും ആർബി ലൈപ്സിഗുമുണ്ട്. വോൾവ്സ്ബർഗും ബോറുസിയ ഡോർട്ട്മുണ്ടും ആദ്യ നാലിൽ എത്താമെന്ന പ്രതീക്ഷ കൈവിടാതെ പിന്നാലെയും.

TOPSHOT - Bayern Munich's Polish striker Robert Lewandowski celebrates after scoring during the German first division Bundesliga football match between Bayern Munich and FC Augsburg in Munich, southern Germany, on April 1, 2017. / AFP PHOTO / Christof STACHE / RESTRICTIONS: DURING MATCH TIME: DFL RULES TO LIMIT THE ONLINE USAGE TO 15 PICTURES PER MATCH AND FORBID IMAGE SEQUENCES TO SIMULATE VIDEO. == RESTRICTED TO EDITORIAL USE == FOR FURTHER QUERIES PLEASE CONTACT DFL DIRECTLY AT + 49 69 650050
TOPSHOT - Bayern Munich's Polish striker Robert Lewandowski celebrates after scoring during the German first division Bundesliga football match between Bayern Munich and FC Augsburg in Munich, southern Germany, on April 1, 2017. / AFP PHOTO / Christof STACHE / RESTRICTIONS: DURING MATCH TIME: DFL RULES TO LIMIT THE ONLINE USAGE TO 15 PICTURES PER MATCH AND FORBID IMAGE SEQUENCES TO SIMULATE VIDEO. == RESTRICTED TO EDITORIAL USE == FOR FURTHER QUERIES PLEASE CONTACT DFL DIRECTLY AT + 49 69 650050

ജർമനിയിൽ മാത്രമല്ല, യൂറോപ്യൻ ലീഗുകൾ ആകെയെടുത്താൽ തന്നെ ഈ സീസണിൽ ബയണിനെപ്പോലെ എതിരാളികൾ പേടിക്കുന്ന ടീം വേറെയില്ല. 2012 യുപ് ഹെയ്ൻകസിനു കീഴിൽ അവർ ഒരു സീസണിൽ മൂന്നു കിരീടങ്ങൾ എന്ന നേട്ടത്തിലെത്തിയിരുന്നു. പിന്നീട് കഴിഞ്ഞ സീസണിൽ ഹാൻസി ഫ്ലിക്കും അവരെ ട്രെബിൾ നേട്ടത്തിലേക്കു നയിച്ചു. നിലവിലെ മികവു കണക്കാക്കിയാൽ അവർ തുടർച്ചയായ രണ്ടാം സീസണിലും മൂന്നു കിരീടങ്ങൾ എന്ന ‘ഡബിൾ ട്രെബിൾ ’ നേട്ടത്തിലെത്തുമെന്നു തന്നെ കരുതണം.

ജർമനിയിൽ ബയണിനെ നേർക്കുനേർ നിന്നു നേരിടാൻ കെൽപ്പുള്ളത് ബോറുസിയ ഡോർട്ട്മുണ്ടിനാണ്. പക്ഷേ ഇത്തവണ അവർ പിന്നിലാണ്. ലൈപ്സിഗിനും വോൾവ്സ്ബർഗിനും ബയണിന്റെ കിരിടീകുതിപ്പിന് തടയിയാനാകുമോ എന്ന് പുതുവർഷത്തിൽ കണ്ടറിയണം. 

പോയിന്റ് നില

1. ബയൺ മ്യൂനിക്  13 9 3 1 30

2. ലെവർകുസെൻ  13 8 4 1 28

3. ലീപ്സിഗ്  13 8 4 1 28

4. വോൾവ്സ്ബർഗ്  13 6 6 1 24

5. ഡോർട്ട്മുണ്ട്  13 7 1 5 22

ടോപ് സ്കോറർ

1. ലെവൻഡോവ്സ്കി (ബയൺ) 17

2. ഹാലൻഡ് (ഡോർട്ട്മുണ്ട്) 10

3. വൂട്ട് വെഗോർസ്റ്റ് (വോൾവ്സബർഗ്) 9

∙ സ്പാനിഷ് ലാ ലിഗ

റയൽ- ബാർസ കിരീടപ്പോരാട്ടമെന്ന പതിവ് ഇക്കുറി വീണ്ടും തെറ്റിക്കുകയാണ് നിർഭയരായ അ‌ത്‌ലറ്റിക്കോ മഡ്രിഡ്. 2005 നു ശേഷം ഇരു വമ്പന്മാർക്കും കടുത്ത വെല്ലുവിളിയുയർത്തിയ ഏക ടീമാണവർ. 14 കളികളിൽ 35 പോയിന്റുമായാണ് അത്‌ലറ്റിക്കോ ശൈത്യകാല ചാംപ്യൻപട്ടം സ്വന്തമാക്കിയത്. 2 പോയിന്റ് പിന്നിൽ പുതുവർഷത്തിൽ കിരീടപ്പോരാട്ടം കടുപ്പിക്കാൻ റയൽ മഡ്രിഡുമുണ്ട്.  റയൽ സോസീഡാഡ്, സെവിയ്യ, വിയ്യാറയൽ എന്നിവരെല്ലാം അൽപ്പം പിന്നിലാണ്. ആഭ്യന്തര പ്രശ്നങ്ങൾ തീരാത്ത ബാർസലോന ആറാം സ്ഥാനത്താണ്.

റയൽ മഡ്രിഡിനായി ഇരട്ടഗോൾ നേടിയ കരിം ബെൻസേമയ്‌ക്കൊപ്പം ഗോൾനേട്ടം ആഘോഷിക്കുന്ന വിനീസ്യൂസ് ജൂനിയർ (യുസിഎൽ ട്വീറ്റ് ചെയ്ത ചിത്രം)
റയൽ മഡ്രിഡിനായി ഇരട്ടഗോൾ നേടിയ കരിം ബെൻസേമയ്‌ക്കൊപ്പം ഗോൾനേട്ടം ആഘോഷിക്കുന്ന വിനീസ്യൂസ് ജൂനിയർ (യുസിഎൽ ട്വീറ്റ് ചെയ്ത ചിത്രം)

ബാർസയുടെ വീഴ്ച തന്നെയായിരുന്നു സീസണിൽ ഇതുവരെയുള്ള വലിയ വാർത്ത. ക്ലബ് വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്കു പോകാനുള്ള മെസ്സിയുടെ നീക്കവും അതേത്തുടർന്നുണ്ടായ വിവാദങ്ങളും ഇപ്പോഴും നിലച്ചിട്ടില്ല. മെസ്സിയുടെ ക്ലബ് മാറ്റ വിവാദത്തെത്തുടർന്ന് ക്ലബ് പ്രസിഡന്റ് യോസോപ് മരിയ ബെര്ത്തമ്യൂവിന് പുറത്തുപോകേണ്ടിവന്നു. മാനേജർ ക്വിക്കെ സെറ്റീനെ പുറത്താക്കി. പകരം ക്ലബിന്റെ മുൻ താരം റൊണാൾഡ് കോമാനെ ചുമതലയേൽപ്പിച്ചു.  മെസ്സി വിവാദം തൊട്ട് തൊട്ടതെല്ലാം ബാർസയ്ക്ക് പിഴയ്ക്കുകയായിരുന്നു. പുതിയ പ്രസഡന്റും ബോർഡും വന്നിട്ടും കാര്യങ്ങളൊന്നും നേരെയായിട്ടില്ല.

വിവാദങ്ങളെല്ലാം കളിക്കാരെ മാനസികമായി തളർത്തിയിരുന്നു. പിന്നീടുള്ള കളികളിലെല്ലാം അതു പ്രകടമാവുകയും ചെയ്തു. മനസ്സുകൊണ്ട് ബാർസ വിട്ട മെസ്സിയുടെ നിഴൽമാത്രമായിരുന്നു കളിക്കളത്തിൽ കണ്ടത്. ലോകോത്തര താരമായിരുന്ന കോമാനു പക്ഷേ പരിശീകൻ എന്ന നിലയിൽ ഏറെ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല. അവിടെയും ബാർസയും നീക്കം പാളി എന്നാണ് അതുവരെയുള്ള ടീമിന്റെ പ്രകടനം സൂചിപ്പിക്കുന്നത്. ജനുവരിയിലെ ക്ലബ് മാറ്റ വിപണയിൽ മികച്ച താരങ്ങളെ സ്വന്തമാക്കി, ബാർസയെ വിജയവഴിയിലേക്കു നയിക്കാൻ പോന്ന മികച്ച പരിശീലകനെയും കണ്ടെത്താനായാലേ സീസൺ അവസാനം അവർക്ക് മുന്നിരയിലെത്താനാകൂ. 

പോയിന്റ് നില

1. അത്‌ലറിക്കോ മഡ്രിഡ്  14 11 2 1 35

2. റയൽ മഡ്രിഡ്  16 10 3 3 33

3. റയൽ സോസീഡാഡ്  16 7 5 4 26

4. സെവിയ്യ  14 8 2 4 26

5. വിയ്യാറയൽ 16 6 8 2 26

6. ബാർസലോന  15 7 4 4 25

ടോപ് സ്കോറർ

1. ആസ്പസ് (സെൽറ്റാവിഗോ) – 9

2. കരീം ബെൻസേമ (റയല്) – 8

3. സുവാരസ് (അത്‌ലറ്റിക്കോ) – 8

4. മെസ്സി (ബാർസലോന) - 7

∙ ഫ്രഞ്ച് ലീഗ് വൺ

വർഷാവസാനം ആവേശം നിറയുകയാണ് ഫ്രാൻസിലെ ഒന്നാം നമ്പർ ലീഗിൽ. പിഎസ്ജിയുടെ ആധിപത്യത്തിന് കനത്ത വെല്ലുവിളി ഉയർത്തുകയാണ് ഒളിംപിക് ലിയോണും ലില്ലും ഒളിംപിക് മാഴ്സെയുമെല്ലാം. മൂന്നു വർഷത്തെ പിഎസ്ജിയുടെ ആധിപത്യത്തിനു ശേഷമാണ് ഇത്തവണ ലീഗ് വണ്ണിലെ കിരീടപ്പോരാട്ടത്തിൽ ഉദ്വേഗം നിറയുന്നത്. ആദ്യ മൂന്നു സ്ഥാനക്കാരും ഒരു പോയിന്റു മാത്രം വ്യത്യാസത്തിൽ നിൽക്കമ്പോൾ ഫ്രാൻസിൽ പുതുവർഷത്തിൽ കിരീടപ്പോരാട്ടം പൊടിപാറുമെന്നുറപ്പ്.

mbappe

17 കളികളിൽ 36 പോയിന്റുമായി ഒന്നാമതുള്ള ലിയോൺ കഴിഞ്ഞ കളികളിലെല്ലാം മിന്നുന്ന ഫോമിലായിരുന്നു. അവസാന 30 പോയിന്റുകളിൽ 26 ഉം നേടിയ അവർ ഗോൾ ശരാശരിയിലാണ് ശൈത്യകാല ചാംപ്യൻ പട്ടമുറപ്പാക്കിയത്. കഴിഞ്ഞ 14 കളികളിൽ അവർ പരാജയമറിയിഞ്ഞിട്ടില്ല. 9 വിജയവും 5 സമനിലയും. സീസണിലെ ആദ്യ കളിയിൽ പിഎസ്ജിയെ കീഴടക്കിയായിരുന്നു ലിയോൺ കുതിപ്പു തുടർന്നത്. പുതുവർഷത്തിൽ മാർച്ചിൽ നടക്കുന്ന ഇവരുടെ രണ്ടാം പോരാട്ടമാകും നിർണായകം. പോയിന്റ് നിലയിൽ ലിയോണിനൊപ്പമുള്ള ലിൽ സീസണിൽ അപ്രതീക്ഷിത കുതിപ്പാണ് നടത്തിയത്. ഒരു പോയിന്റ് പിന്നിൽ മൂന്നാമതാണ് പിഎസ്ജി. റെൻ, ഒളിംപിക് മാഴ്സെ എന്നിവരാണ് പിന്നിലുള്ളത്.

കോച്ച് തോമസ് ടൂഷെലിനെ പുറത്താക്കിയ ചാംപ്യന്മാർ നിർണായകമായ സീസൺ രണ്ടാം ഘട്ടത്തിൽ പുതിയ പരിശീലകനു കീഴിലാകും ഇറങ്ങുക. ടോട്ടനം മുൻ പരിശീലകൻ മൗറിസിയോ പോച്ചെറ്റിനോയ്ക്കാണ് സാധ്യതയേറെ. 

പോയിന്റ് നില

1. ഒളിംപിക് ലിയോൺ 17 10 6 1 36

2. ലിൽ 17 10 6 1 36

3. പിഎസ്ജ്  17 11 2 4 35

4. റെൻ 17 9 4 4 31

5. ഒളിംപിക് മാഴ്സെ  15 8 4 3 28

ടോപ് സ്കോറർ

1. കിലിയൻ എംബാപ്പെ (പിഎസ്ജി)  12

2. ബൗലായെ ദിയ (റെൻ)  10

3. ടോക്കോ എക്കാമ്പി (ലിയോണ്)  9

4. ആൻഡി ഡെലോര്ട്ട് (മോൺപെല്ലിയെ)  8

5. മെംഫിസ് ഡീപെ (ലിയോൺ)  8

English Summary: European Football League 2020-21, Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com