ADVERTISEMENT

ലണ്ടൻ ∙ 2016ൽ ലോക റെക്കോർഡ് തുകയ്ക്കു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനുശേഷം ഫ്ര​ഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയുമായി ബന്ധപ്പെട്ടു കേൾക്കാത്ത ക്ലബ്ബില്ല. റയൽ മഡ്രിഡ്, ബാർസിലോന, അങ്ങനെയങ്ങനെ... എല്ലാ ട്രാൻസ്ഫർ ജാലകങ്ങളിലും പോഗ്ബയുടെ കൂടുമാറ്റം ചൂടുള്ള വാർത്തയായിരിക്കുമെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചില്ല. ഇന്നു ട്രാൻസ്ഫർ ജാലകം തുറക്കുമ്പോൾ പോഗ്ബയെ സ്വന്തമാക്കാൻ രംഗത്തുള്ളത് യുണൈറ്റ‍ഡിനു മുൻപു താരത്തിന്റെ ക്ലബ്ബായിരുന്ന യുവന്റസ് തന്നെയെന്നാണു റിപ്പോർട്ടുകൾ.

യുണൈറ്റഡിനുവേണ്ടി സീസണിൽ 19 മത്സരങ്ങൾ കളിച്ചെങ്കിലും പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷ്യർക്കു കീഴിൽ പോഗ്ബ തൃപ്തനല്ലെന്നാണു റിപ്പോർട്ടുകൾ. ഇത്തവണയെങ്കിലും പോഗ്ബയുടെ കാര്യത്തിൽ ഒരു തീരുമാനമാകണേയെന്നാണ് ആരാധകരുടെ പ്രാർഥന. ഇംഗ്ലണ്ടിലും ജർമനിയിലും ഫ്രാൻസിലും ട്രാൻസ്ഫർ വിൻഡോ ഇന്നു തുറക്കുമെങ്കിലും സ്പെയിനിലും ഇറ്റലിയിലും തിങ്കളാഴ്ചയാണു തുടക്കം.

∙ അഡ‍്രസില്ലാതെ ഓസിൽ

പോഗ്ബയെക്കാളും കഷ്ടമാണ് ആർസനലിൽ ജർമൻ താരം മെസുട്ട് ഓസിലിന്റെ കാര്യം. പരിശീലകൻ മൈക്കൽ അർട്ടേറ്റ ഓസിലിനെ പ്രീമിയർ ലീഗ് സ്ക്വാഡിലോ യൂറോപ്യൻ മത്സരങ്ങൾക്കുള്ള സ്ക്വാഡിലോ ഉൾപ്പെടുത്തിയിട്ടില്ല. തന്റെ ശക്തമായ രാഷ്ട്രീയനിലപാടുകൾകൊണ്ട് ഇടയ്ക്കിടെ വിവാദത്തിൽപ്പെടുന്നതും ഓസിലിനെ ക്ലബ്ബിന്റെ ഇഷ്ടക്കാരനല്ലാതാക്കി. തുർക്കി ക്ലബ് ഫെനർബാഷെ, മേജർ ലീഗ് സോക്കർ ക്ലബ്ബുകളായ ഡിസി യുണൈറ്റഡ്, ലൊസാഞ്ചലസ് ഗാലക്സി, ഇന്റർ മയാമി എന്നിവർ ഓസിലിനായി രംഗത്തുണ്ട്.

∙ മൗറീഞ്ഞോ വന്നു, അലി തീർന്നു

24 വയസ്സ് ആയിട്ടേയുള്ളൂ. പക്ഷേ, ടോട്ടനം ടീമിൽ ദെലെ അലിയുടെ ആയുസ്സ് ഏറെക്കുറെ തീർന്ന മട്ടാണ്. ഇംഗ്ലണ്ട് താരത്തിനോടു പരിശീലകൻ ഹോസെ മൗറീഞ്ഞോയ്ക്ക് അത്ര ഇഷ്‍ടമില്ല. സീസണിൽ ഒരുവട്ടം മാത്രമാണ് അലിക്ക് ആദ്യ ഇലവനിൽ ഇടം കിട്ടിയത്. ഫ്രഞ്ച് ക്ലബ് പിഎസ്ജി കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽതന്നെ അലിയെ സ്വന്തമാക്കാൻ താൽപര്യപ്പെട്ടിരുന്നെങ്കിലും ടോട്ടനം മാനേജ്മെന്റ് ഉടക്കി. ഇത്തവണ പ്രീമിയർ ലീഗ് ക്ലബ് എവർട്ടനും പിഎസ്ജിക്കൊപ്പം അലിക്കായി രംഗത്തുണ്ട്.

∙ ജിരൂദിനെ കിട്ടിയാൽ കൊള്ളാം

34 വയസ്സായെങ്കിലും തന്റെ സ്കോറിങ് മികവിനു മങ്ങലേറ്റിട്ടില്ലെന്നു ചെൽസി താരം ഒളിവർ ജിരൂദ് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ചാംപ്യൻസ് ലീഗിൽ സെവിയ്യയെ ചെൽസി 4–0നു തോൽപിച്ചപ്പോൾ 4 ഗോളും നേടിയത് ഫ്രഞ്ച് സ്ട്രൈക്കർ. എന്നാൽ, ജർമൻ യുവതാരം ടിമോ വെർണർ ഉൾപ്പെടെയുള്ളവരെ ടീമിലെത്തിച്ചതോടെ പരിശീലകൻ ഫ്രാങ്ക് ലാംപാഡ് ജിരൂദിനെ കൈവിട്ടേക്കാമെന്നാണു സൂചനകൾ. അങ്ങനെയെങ്കിൽ ജിരൂദിനെ സ്വന്തമാക്കാൻ കാത്തിരിക്കുന്ന ഒട്ടേറെ ക്ലബ്ബുകളുണ്ട്. ഡിയേഗോ കോസ്റ്റയുമായി കരാർ അവസാനിപ്പിച്ച സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിനു ജിരൂദിനുമേൽ കണ്ണുണ്ടെന്നാണു വാർത്തകൾ.

∙ അലബയ്ക്ക് ആളുണ്ട്

ജർമൻ ക്ലബ് ബയൺ മ്യൂണിക്കുമായി ഡേവിഡ് അലബ ഇതുവരെ കരാർ പുതുക്കിയിട്ടില്ല. ഓസ്ട്രിയൻ താരത്തിന്റെ പ്രതിഫല ഡിമാൻഡുകൾ ക്ലബ് അംഗീകരിച്ചിട്ടില്ലെന്നാണു റിപ്പോർട്ടുകൾ. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബായ്ക്കുകളിൽ ഒരാളായ അലബയെ കിട്ടാൻ വമ്പൻ ക്ലബ്ബുകൾ കാത്തിരിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ബാർസിലോന, റയൽ മഡ്രിഡ്, പിഎസ്ജി... ഇരുപത്തെട്ടുകാരനായ അലബയെ കൊത്താൻ കാത്തിരിക്കുനവരുടെ പട്ടിക നീളുന്നു.

∙ എറിക്സണ് എന്നും കളിക്കണം

ഇറ്റാലിയൻ സീരി എയിൽ ഇന്റർ മിലാൻ കുതിക്കുകയാണെങ്കിലും ടീമിൽ ഡാനിഷ് താരം ക്രിസ്റ്റ്യൻ എറിക്സൺ അത്ര തൃപ്തനല്ല. ടോട്ടനം ഹോട്സ്പറിൽ ഉജ്വലമായി കളിച്ചു കൊണ്ടിരിക്കെ ഇറ്റലിയിലെത്തിയ തനിക്ക് ഇന്റർ കോച്ച് അന്റോണിയോ കോണ്ടെ അവസരം നൽകുന്നില്ലെന്നതാണ് എറിക്സന്റെ അതൃപ്തിക്കു കാരണം. കളിക്കാലം ഇനിയുമേറെ ബാക്കിയുള്ള ഇരുപത്തെട്ടുകാരൻ എറിക്സൺ ഇന്റർ വിടുകയാണെങ്കിൽ സ്വന്തമാക്കാൻ പിഎസ്ജി, ആർസനൽ, മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് ടീമുകൾ രംഗത്തുണ്ട്.

English Summary: January transfer window

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com