ADVERTISEMENT

മഡ്രിഡ് ∙ സെൽറ്റ വിഗോയെ 2–0നു തോൽപിച്ച് സ്പാനിഷ് ലാ ലിഗ ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയ റയൽ മഡ്രിഡിനെ, തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി അത്‍ലറ്റിക്കോ മഡ്രിഡ്. അലാവസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്താണ് അത്‌ലറ്റിക്കോ ലീഗിലെ ഒന്നാം സ്ഥാനം വീണ്ടെടുത്തത്. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിൽ 90–ാം മിനിറ്റിൽ മുൻ ബാർസിലോന താരം ലൂയി സ്വാരസ് നേടിയ ഗോളാണ് അത്‍ലറ്റിക്കോ മഡ്രിഡിന് വിജയം സമ്മാനിച്ചത്. മാർക്കോസ് ലോറന്റെ 41–ാം മിനിറ്റിൽ നേടിയ ആദ്യ ഗോളിന് വഴിയൊരുക്കിയതും സ്വാരസ് തന്നെ. അത്‍ലറ്റിക്കോ താരം ഫെലിപ്പെ മൊണ്ടെയ്റോ 83–ാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളാണ് അലാവസിന്റെ അക്കൗണ്ടിലുള്ളത്.

നേരത്തെ മാർക്കോ അസ്സെൻസിയോ, ലൂക്കാസ് വസ്കെസ് എന്നിവർ നേടിയ ഗോളുകളുകളുടെ കരുത്തിലാണ് റയൽ സെൽറ്റ വിഗോയെ തോൽപ്പിച്ചത്. 6–ാം മിനിറ്റിൽ അസ്സെൻസിയോയുടെ ക്രോസ് ഹെഡ് ചെയ്താണു വസ്കെസ് ആദ്യഗോൾ നേടിയത്. 53–ാം മിനിറ്റിൽ വസ്കെസ് ഒരുക്കി നൽകിയ പന്തിൽ അസ്സെൻസിയോയും ലക്ഷ്യം കണ്ടു. ‘തുടക്കം മുതൽ ഫൈനൽ വിസിൽ വരെ ഞങ്ങൾ നന്നായി കളിച്ചു. പന്തിനുമേലും കളിക്കുമേലും 100% നിയന്ത്രണം പുലർത്തി’– മത്സരശേഷം റയൽ കോച്ച് സിനദിൻ സിദാൻ പറഞ്ഞു.

ഹ്യുവെസ്കയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ബാർസിലോന അഞ്ചാം സ്ഥാനത്തേക്ക് കയറി. 27–ാം മിനിറ്റിൽ സൂപ്പർതാരം ലയണൽ മെസ്സിയുടെ പാസിൽനിന്ന് ഫ്രാങ്ക് ഡി ജോങ്ങാണ് വിജയഗോൾ നേടിയത്. 16 മത്സരങ്ങളിൽനിന്ന് 28 പോയിന്റുമായാണ് ബാർസ അഞ്ചാമതെത്തിയത്.

മറ്റു മത്സരങ്ങളിൽ വിയ്യാറയൽ 2–1നു ലെവാന്തയെയും ഐബർ 2–0ന് ഗ്രനാഡയെയും അത്‍ലറ്റിക്കോ ബിൽബാവോ 1–0ന് എൽച്ചയെയും തോൽപിച്ചു. റയൽ ബെറ്റിസ് 1–1നു സെവിയ്യയെയും റയൽ സോസിദാദ് 1–1ന് ഒസാസുനയെയും സമനിലയിൽ പിടിച്ചു. ഗെറ്റാഫെ സ്വന്തം ഗ്രൗണ്ടിൽ 1–0നു റയൽ വല്ലദോലിദിനോടു തോറ്റു.

∙ ആർസനലിന് വിജയം

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വെസ്ബ്രോംവിച്ച് ആൽബിയനെ അവരുടെ ഗ്രൗണ്ടിൽ 4–0നു കീഴടക്കി ആർസനൽ. അലക്സാന്ദ്രേ ലകാസെറ്റയുടെ ഡബിളും കയ്റൻ ടയർനെയ്, ബുകായോ സാക്ക എന്നിവരുടെ ഗോളുകളുമാണ് ആർസനലിനു ജയമൊരുക്കിയത്. 23 പോയിന്റുമായി ആർസനൽ 11–ാം സ്ഥാനത്തേക്കുയർന്നു. 17 കളിയിൽ 8 പോയിന്റുമായി തരംതാഴ്ത്തൽ മേഖലയിലാണു വെസ്ബ്രോം.

∙ കുടീഞ്ഞോയ്ക്ക് 3 മാസം വിശ്രമം

ബാർസിലോന ∙ ഇടതു കാൽമുട്ടിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ബ്രസീൽ മിഡ്ഫീൽഡർ ഫിലിപെ കുടീഞ്ഞോയ്ക്കു 3 മാസം വിശ്രമം. ഇതോടെ, സ്പാനിഷ് ലാ ലിഗ ഫുട്ബോൾ കിരീടപ്പോരിൽ പിന്നിൽനിൽക്കുന്ന ബാർസിലോന പ്രതിസന്ധിയുടെ നടുക്കടലിലായി. ലിവർപൂളിൽനിന്ന് ഈ സീസണിൽ 16 കോടി യൂറോ (ഏകദേശം 1419 കോടി രൂപ) മുടക്കി ബാർസിലോന തിരികെയെത്തിച്ച കുടീഞ്ഞോ പുറത്തിരിക്കുന്നതു ബാർസയുടെ ഇനിയുള്ള കളികളെ സാരമായി ബാധിച്ചേക്കും. ഫോർവേഡ് അൻസു ഫാറ്റി, ഡിഫൻഡർ ജെറാർദ് പീക്കേ എന്നിവരും പരുക്കിന്റെ പിടിയിലാണ്.

English Summary: Football Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com