ADVERTISEMENT

മുന്നേറുക എന്നൊരു ലക്ഷ്യം മാത്രമേയുള്ളൂ മുന്നിൽ. ആ ലക്ഷ്യത്തിലേക്കുള്ള മാർഗമായി മുന്നിലുള്ളതു മുന്നേറ്റനിരയും. ഐഎസ്എൽ ഏഴാം പതിപ്പിൽ വീണ്ടും കണ്ടുമുട്ടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഒരേ വഴിക്കു സഞ്ചരിക്കുന്ന ടീമുകളാണ്. സീസണിലെ മങ്ങിയ തുടക്കത്തിനു ശേഷം പ്രതീക്ഷകൾ വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഇരുടീമിനും ഇന്നത്തെ മത്സരം.

ജംഷഡ്പുർ വലയിൽ മൂന്നു ഗോളടിച്ചു നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണു ബ്ലാസ്റ്റേഴ്സ്. സ്ട്രൈക്കർമാരായ ജോർദാൻ മറിയും ഗാരി ഹൂപ്പറും പ്ലേമേക്കർ ഫക്കുൻഡോ പെരേരയും ചേർന്ന ആക്രമണനിരയുടെ തിളക്കമായിരുന്നു ജംഷ‍ഡ്പുരിനെതിരായ ജയം. അവസരങ്ങൾ തുറന്നെടുത്തിട്ടും ഗോളടിക്കാൻ ആകുന്നില്ലെന്ന പരാതിക്കു കൂടി പരിഹാരമായതോടെ തുടർച്ചയായ രണ്ടാം ജയമാണു ഉദ്ദേശ്യമെന്നു കോച്ച് കിബു വിക്കൂന വ്യക്തമാക്കിക്കഴിഞ്ഞു.

ബ്ലാസ്റ്റേഴ്സിനെതിരായ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ ഈസ്റ്റ് ബംഗാളും രണ്ടാമൂഴത്തിൽ പഴയ ടീമല്ല. ഇംഗ്ലിഷ് കോച്ച് റോബി ഫോളർ വരുത്തിയ മാറ്റങ്ങൾ ടീമിനെ അടിമുടി മെച്ചപ്പെടുത്തിയെന്ന ആവേശത്തിലാണ് ടീം. ഇംഗ്ലിഷ് ക്ലബ് വോൾവ്സിന്റെ കളരിയിൽ നിന്നെത്തുന്ന യുവ സ്ട്രൈക്കർ ബ്രൈറ്റ് എനോബാഖരെയുടെ സാന്നിധ്യമാണു കൊൽക്കത്ത ടീമിന്റെ കരുത്ത്. ഐഎസ്എലിലെ ഏറ്റവും മികച്ചൊരു സോളോ ഗോളുമായി ശ്രദ്ധ നേടിയ ബ്രൈറ്റിന്റെ വരവ് ടീമിന്റെ മുന്നേറ്റങ്ങളുടെ ഗതിതന്നെ മാറ്റിയിട്ടുണ്ട്. എനോബാഖരെയും ജാക്വസ് മഗോമയും ജർമൻ താരം വിയെ സ്റ്റെയ്ൻമാനും നായകരാകുന്ന ബംഗാളി ടീമിന്റെ ഗോളന്വേഷണം ഏതു ടീമിനും വെല്ലുവിളിയുയർത്തുമെന്നാണു റോബി ഫോളറുടെ കണക്കുകൂട്ടൽ.

മുന്നേറ്റനിര ഫോം കണ്ടെത്തിയതിലാണു വിക്കൂനയുടെ പ്രതീക്ഷകളെങ്കിലും ഇനിയും ഉറയ്ക്കാത്ത പ്രതിരോധം ആശങ്കയുണ്ടാക്കുന്നുണ്ട്. പിൻനിരയിലെ നാൽവർ സംഘത്തിൽ സ്ഥിരക്കാരെ കണ്ടെത്താൻ ഇതേവരെ കഴിഞ്ഞിട്ടില്ല. ഈസ്റ്റ് ബംഗാളിനെതിരായ ആദ്യ മത്സരത്തിൽ സ്വയം ഗോൾ സമ്മാനിച്ചതാണു ടീമിനു തിരിച്ചടിയായത്. അന്നത്തെക്കാൾ കരുത്തോടെയെത്തുന്ന ബംഗാളി ആക്രമണങ്ങൾ തടയുന്നതിലെ മിടുക്കും ഇന്നത്തെ മത്സരഫലത്തിൽ നിർണായകമാകും. സെർജിയോ സിഡോഞ്ചയ്ക്കു പകരമെത്തിയ സ്പാനിഷ് താരം ഹുവാൻഡേയുടെ വരവ് കിബുവിനു ഗുണം ചെയ്യും. ലാലിഗ ക്ലബ് റയൽ ബെറ്റിസ് താരമായിരുന്ന മിഡ്ഫീൽഡർ സെന്റർ ബാക്ക് റോളിലും വിശ്വസിക്കാവുന്ന താരമാണ്. പ്രതിരോധത്തിൽ ഇന്ത്യൻ താരങ്ങളും ഡിഫൻസീവ് മിഡ്ഫീൽഡിൽ ഹുവാൻഡേ– ഗോമസ് ജോടിയും നിരക്കുന്നൊരു ഫോർമേഷനും തള്ളിക്കളയാനാവില്ല.

ഹുവാൻഡേയുടെ പരിചയവും വൈവിധ്യവും വരുംനാളുകളിൽ ടീമിന്റെ സമ്പത്തായി മാറുമെന്നാണു കോച്ച് കിബുവിന്റെ പക്ഷം. ഹുവാൻഡേയുടെ വരവോടെ മുൻ മത്സരത്തിലേതു പോലെ ജോർദൻ മറിയും ഗാരി ഹൂപ്പറും ആദ്യ ഇലവനിൽ ഒരുമിച്ചെത്തുന്ന ഫോർമേഷൻ തുടരുമോയെന്നതിലും കൃത്യമായൊരു ഉത്തരം നൽകാൻ കോച്ച് തയാറായില്ല. ഫോർമേഷൻ അല്ല, ഗെയിമിന്റെ ശൈലിക്കാണു പരിഗണനയെന്നാണു കിബു വ്യക്തമാക്കിയത്. ‘ഓരോ മത്സരവും വ്യത്യസ്തമാണ്. സ്ക്വാ‍‍ഡ് സ്ട്രെങ്തും സാഹചര്യങ്ങളും അനുസരിച്ച് ടീമിലും മാറ്റം വരും. സാധ്യമായതിൽ വച്ചേറ്റവും മികച്ച ടീമാകും കളത്തിലെത്തുക. ഇലവന്റെ ഘടനയുടെ കാര്യത്തിലും അതാണ് മാനദണ്ഡം ’– ഈസ്റ്റ് ബംഗാളിനെതിരായ ടീമിനെക്കുറിച്ച് ഒരു ഊഹവും നൽകുന്നില്ല കിബു വിക്കൂന.

ഈസ്റ്റ് ബംഗാളിനെതിരായ മുൻ മത്സരത്തിൽ 4–3–3 ഫോർമേഷനിലായിരുന്നു വിക്കൂനയുടെ ഗെയിം പ്ലാൻ. പ്രതിരോധത്തിലെ വീഴ്ചകൾ കൊണ്ടു കൈവിട്ട ഒഡിഷയ്ക്കെതിരായ മത്സരത്തിലും ജയം അനിവാര്യമെന്ന ഘട്ടത്തിൽ ജംഷ‍ഡ്പുരിനെ നേരിട്ട കഴിഞ്ഞ മത്സരത്തിലും 4–4–2 എന്ന വിന്യാസമാണു ബ്ലാസ്റ്റേഴ്സ് പിന്തുടർന്നത്. പ്രതിരോധത്തിലും മധ്യത്തിലും മാറ്റങ്ങളുണ്ടായേക്കാമെങ്കിലും ഇന്നും രണ്ടു വിദേശ ഫോർവേഡുകളെയും ഒരുമിച്ചു കളത്തിലിറക്കാനാണു സാധ്യത. ഗോൾ നേടിയില്ലെങ്കിലും പ്രതിരോധനിരയെ വട്ടംകറക്കിയ ഹൂപ്പറുടെ പ്രകടനം എതിരാളികളിൽ അങ്കലാപ്പുണ്ടാക്കും. ആ നിലയ്ക്ക് ഇന്നും ഹൂപ്പറിനെ ഇലവനിൽ പ്രതീക്ഷിക്കാം.

ബെംഗളൂരുവിനെതിരെയും എഫ്സി ഗോവയ്ക്കെതിരെയും വിജയം കണ്ട 3–4–3 ഫോർമേഷൻ തന്നെ കേരളത്തിനെതിരെയും റോബി ഫോളർ പരീക്ഷിക്കാനാണു സാധ്യത. ഫോക്സും നെവിലും പോയ സീസണിൽ ബ്ലാസ്റ്റേഴ്സിനു കളിച്ച രാജു ഗെയ്ക്‌വാദും പ്രതിരോധത്തിലെത്തുമ്പോൾ നാരായൻ ദാസിനും അങ്കീത് മുഖർജിക്കുമാകും പാർശ്വങ്ങളുടെ ചുമതല. 10 കളികളിൽ നിന്നു 10 പോയിന്റുമായി ഒൻപതാം സ്ഥാനത്താണു ഈസ്റ്റ് ബംഗാൾ. ബ്ലാസ്റ്റേഴ്സ് അത്ര തന്നെ മത്സരങ്ങളിൽ നിന്നു 9 പോയിന്റുമായി പത്താമതും. രണ്ടു ജയവും 3 സമനിലയുമായി കഴിഞ്ഞ 5 മത്സരങ്ങളിലും തോൽവിയറിയാതെയാണു ബംഗാളിന്റെ കുതിപ്പ്.

English Summary: KBFC Game Plan Against SC East Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com