ADVERTISEMENT

പെലെയ്ക്കും റൊമാരിയോയ്ക്കും ജോസഫ് ബികാനുമെല്ലാം കരിയറിൽ തങ്ങൾ അടിച്ച ഗോളുകളുടെ എണ്ണത്തെക്കുറിച്ച് മനസ്സിലൊരു കണക്കുണ്ടാകും; പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ‘കയ്യിലും കാലിലും’ ആ കണക്കുണ്ട്! കരിയറിൽ ഏറ്റവും കൂടുതൽ‌ ഔദ്യോഗിക ഗോളുകൾ എന്ന ലോക റെക്കോർഡ് പോർച്ചുഗീസ് താരം സ്വന്തം പേരിലെഴുതി.

ബുധനാഴ്ച രാത്രി ഇറ്റാലിയൻ സൂപ്പർ കപ്പ് ഫുട്ബോളിൽ നാപ്പോളിക്കെതിരെ യുവന്റസിനു വേണ്ടി ലക്ഷ്യം കണ്ടപ്പോൾ ക്രിസ്റ്റ്യാനോയുടെ കരിയറിലെ 760–ാം ഗോളായിരുന്നു അത്. അൽവാരോ മൊറാത്തയും ലക്ഷ്യം കണ്ട മത്സരത്തിൽ 2–0നു ജയിച്ച യുവെ സൂപ്പർ കപ്പിൽ 9–ാം കിരീടം ചൂടി. 759 ഔദ്യോഗിക ഗോളുകൾ നേടിയിട്ടുള്ള മുൻ ചെക്കോസ്ലൊവാക്യൻ താരം ജോസഫ് ബികാന്റെ റെക്കോർഡാണ് ക്രിസ്റ്റ്യാനോ മറികടന്നത്. പെലെയെയും (757) റൊമാരിയോയെയും (745) ക്രിസ്റ്റ്യാനോ മുൻപു തന്നെ മറികടന്നിരുന്നു. 

ക്രിസ്റ്റ്യാനോയുടെ  760

യൂറോപ്പിലെ 4 മുൻനിര ലീഗുകളിൽ കളിച്ചാണ് മുപ്പത്തിയഞ്ചുകാരനായ ക്രിസ്റ്റ്യാനോയുടെ റെക്കോർഡ്. പോർച്ചുഗീസ് ലീഗിൽ സ്പോർട്ടിങ് ലിസ്ബനു വേണ്ടി കളിച്ചു തുടങ്ങിയ റൊണാൾഡോ അവിടെ നേടിയത് 5 ഗോളുകൾ. പിന്നീട് ഇംഗ്ലിഷ് പ്രീമിയർ ലീഗിലെത്തിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റ‍ഡിനു വേണ്ടി 118, സ്പാനിഷ് ലാലിഗയിൽ റയൽ മഡ്രിഡിനു വേണ്ടി 450 , ഇറ്റാലിയൻ സീരി എയിൽ യുവന്റസിനു വേണ്ടി ഇതുവരെ 85, പോർച്ചുഗീസ് ദേശീയ ടീമിനു വേണ്ടി 102 എന്നിങ്ങനെയാണ് റൊണാൾഡോയുടെ ഗോൾനേട്ടം.

ബികാന്റെ  759

bican
ബികാൻ

1931 മുതൽ 1955 വരെ ഫുട്ബോളിൽ സജീവമായിരുന്ന ബികാൻ ഓസ്ട്രിയയ്ക്കും ചെക്കോസ്ലാവാക്യയ്ക്കും വേണ്ടി കളിച്ചിട്ടുണ്ട്. റാപ്പിഡ് വിയന്ന ഉൾപ്പെടെ അര ഡസൻ ക്ലബ്ബുകളുടേയും താരമായിരുന്നു. പെപ്പി എന്നു വിളിക്കപ്പെട്ടിരുന്ന ബികാൻ കരിയറിൽ 805 ഗോളുകൾ നേടിയിട്ടുണ്ടെന്ന് ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ വെബ്സൈറ്റിലുണ്ട്. എന്നാൽ റാപ്പിഡ് വിയന്നയുടെ റിസർവ്, അമച്വർ ടീമുകൾക്കു വേണ്ടി നേടിയ 27 ഗോളുകളും അനൗദ്യോഗിക ഗോളുകളും കുറച്ചാൽ ബികാന് 495 മത്സരങ്ങളിൽ 759 ഗോളുകളാണുളളത്. ഈ റെക്കോർഡാണ് ഇപ്പോൾ റൊണാൾഡോ മറികടന്നത്.

പെലെയുടെ  757

pele
പെലെ

പെലെ തങ്ങൾക്കായി 1091 ഗോളുകൾ നേടിയിട്ടുണ്ട് എന്ന് ബ്രസീലിയൻ ക്ലബ്ബായ സാന്റോസ് പറയുന്നു. പെലെയുടെ ഇൻസ്റ്റഗ്രാം ബയോയിൽ അതിലും വലിയ കണക്കാണുള്ളത്– ‘എക്കാലത്തെയും വലിയ ഗോൾ സ്കോറർ (1283)’ എന്നാണത്. എന്നാൽ, പെലെ സാന്റോസിനു വേണ്ടി 643 ഗോളുകളാണ് നേടിയത് എന്നാണ് ഔദ്യോഗിക കണക്ക്. ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന ഈ റെക്കോർഡ് ഈയിടെ ബാർസിലോന താരം ലയണൽ മെസ്സി മറികടന്നിരുന്നു. സൗഹൃദ മത്സരങ്ങളും അനൗദ്യോഗിക മത്സരങ്ങളും (ഇതിൽ മിലിട്ടറി ടീമിനു വേണ്ടി നേടിയ ഒരു ഗോളുമുണ്ട്) ഒഴിവാക്കിയാൽ പെലെയുടെ പേരിൽ 757 ഗോളുകളാണുള്ളത്. സാന്റോസിനും അമേരിക്കൻ ക്ലബ്ബായ ന്യൂയോർക്ക് കോസ്മോസിനും ബ്രസീലിയൻ ദേശീയ ടീമിനുമായി നേടിയ ഗോളുകളാണിവ.

റൊമാരിയോയുടെ  745

romario
റൊമാരിയോ

2007ലാണ് തന്റെ 1000–ാം ഗോൾ നേട്ടം റൊമാരിയോ ആഘോഷിച്ചത്. യൂത്ത് ടീം, സൗഹൃദ മത്സരം, അനൗദ്യോഗിക മത്സരങ്ങൾ എന്നിവയിലെ ഗോളുകളും കൂട്ടിയുള്ള കണക്കാണിത്. എന്നാൽ ബ്രസീലിനു വേണ്ടിയുള്ള 55 ഗോളുകളും ബാർസിലോന, പിഎസ്‌വി ഐന്തോവൻ, വാസ്കോ ഡ ഗാമ, വലൻസിയ, ഫ്ലെമെംഗോ തുടങ്ങി 10 ക്ലബ്ബുകൾക്കും വേണ്ടിയുള്ള ഔദ്യോഗിക ഗോളുകളുടെയും  കണക്കെടുത്താൽ റൊമാരിയോയ്ക്ക് 745 ഗോളുകൾ.

മെസ്സിയുടെ  719

messi
മെസ്സി

സജീവ ഫുട്ബോളിൽ ബാർസിലോനയുടെ അർജന്റീന താരം ലയണൽ മെസ്സിയാണ് ക്രിസ്റ്റ്യാനോയ്ക്കു പിന്നിലുള്ളത്. 719 ഗോളുകൾ. ബാർസയ്ക്കു വേണ്ടി 648 ഗോളുകളും അർജന്റീന ദേശീയ ടീമിനു വേണ്ടി 71 ഗോളുകളുമാണ് മെസ്സി നേടിയിട്ടുള്ളത്.

Content Highlights: Cristiano Ronaldo's career goals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com