ADVERTISEMENT

പ്രതിസന്ധികൾ ഉണ്ടാകുമ്പോഴാണ് യഥാർഥ നായകന്മാർ ഉദയം ചെയ്യുന്നത്. ഈ സൂപ്പർ ഹിറ്റ് മലയാളം ചലച്ചിത്ര ഡയലോഗിനോടാണ് ഇന്ത്യൻ സൂപ്പർലീഗിന്റെ നിർണായകമായ 12-ാം റൗണ്ട് പോരാട്ടത്തിൽ കടുത്ത എതിരാളികളായ ബെംഗളുരു എഫ്സിയെ വീഴ്ത്തിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തെ ഉപമിക്കാനാവുക. 

ഇഞ്ച്വറി ടൈമിൽ കെ.പി.രാഹുൽ നേടിയ തകർപ്പൻ ഗോളും അതിലൂടെ കൈവരിക്കാനായ ഉജ്വല വിജയവും കുറച്ചൊന്നുമല്ല കേരളത്തിലെ ഫുട്‌ബോൾ ആരാധകരെ സന്തോഷിപ്പിച്ചിരിക്കുന്നത്. ആട് 2ൽ നടൻ സൈജുകുറുപ്പിന്റെ അറക്കൽ അബുവെന്ന കഥാപാത്രത്തിന്റെതായിരുന്നു മേൽപ്പറഞ്ഞ സംഭാഷണം. 

കേരള ബ്ലാസ്‌റ്റേഴ്‌സ് - ബെംഗളുരു മത്സരശേഷം ഫുട്‌ബോൾ യുണൈറ്റഡ് ലൈവ് ചർച്ചാ വേളയിൽ ഞാനിത് ആവർത്തിച്ച് സൂചിപ്പിക്കുകയും ചെയ്തു. കമൻട്രി ബോക്‌സിൽനിന്നു പുറത്തിറങ്ങവെ അന്നു രാത്രി എന്റെ മൊബൈലിലേക്ക് വന്ന ആദ്യത്തെ ആഹ്ലാദ സന്ദേശവും സൈജുവിന്റെതു തന്നെയായിരുന്നു. തീർച്ചയായും ...എല്ലാവരും സന്തോഷിക്കട്ടെ..അതിനുള്ള വഴികൾ ഇനിയും ബ്ലാസ്‌റ്റേഴ്‌സ് സൃഷ്ടിക്കട്ടെ. കമൻട്രിയിൽ ഞാൻ ആവർത്തിക്കാറുള്ളതു പോലെ ‘സർവേ ഭവന്തു സുഖിന...’

നമുക്ക് രാഹുലിലേക്കും ഈ ചെറുപ്പക്കാരൻ നേടിയ ഇഞ്ച്വറി ടൈം ഗോളിലേക്കും തിരിച്ചുവരാം. ഐഎസ്എൽ ഏഴാം സീസണിന്റെ ആദ്യ ഘട്ടത്തിൽ ഇതേ ടീമുകൾ തമ്മിലേറ്റു മുട്ടിയപ്പോൾ അന്നു ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ഇതേ കളിക്കാരൻ നേടിയ ആദ്യഗോളിന്റെ തനിപ്പകർപ്പ്. 

ഗാരി ഹൂപ്പർ തന്നെ ആയിരുന്നു അന്നത്തെ മത്സരത്തിലും അസിസ്റ്റ്. ഹൂപ്പർ നൽകിയ പന്തുമായി വലതു വിങ്ങിലൂടെ കുതിച്ചു കയറുന്ന രാഹുൽ. ഒപ്പമോടുന്ന ഒരു ബെംഗളുരു പ്ലെയറെ പിന്നിലാക്കി ഗോൾ കീപ്പർ ഗുർപ്രീതിന്റെ ഇടതുഭാഗത്തു കൂടി പോസ്റ്റിലേക്ക് കൃത്യമായ നിറയൊഴിക്കൽ. രണ്ടു ഗോളും ‘ഇരട്ട’ പിറന്നതു പോലെ. 

സാധാരണ ലീഡ് എടുത്ത ശേഷം കളി കൈവിട്ടുകളയുന്ന പതിവു തുടർക്കഥയ്ക്കാണ് ബാംബോലിമിൽ ബ്ലാസ്‌റ്റേഴ്‌സ് വിരാമം കുറിച്ചത്. ഏഴാം സീസണിൽ ഇതിനോടകം ആദ്യം ഗോളടിച്ചു ലീഡ് എടുത്ത ആറു മത്സരങ്ങളിൽ കേരളാ ടീമിന് ജയിക്കാനായതു രണ്ടെണ്ണത്തിൽ മാത്രമായിരുന്നു. പതിവു കഥ ഇക്കുറി അവർ മാറ്റിയെഴുതി. ബെംഗളുരുവാണ് ആദ്യപകുതിയിൽ തന്നെ ലീഡ് നേടിയത്. ക്ലെയ്റ്റൺ സിൽവയിലൂടെ. 

രണ്ടാം പകുതിയിൽ തളർന്നു തുടങ്ങിയെന്നു തോന്നിപ്പിച്ചിടത്തുനിന്ന് കിബുവിന്റെ ടീം അവിശ്വസനീയമായി തിരിച്ചുവരുന്ന കാഴ്ച. പരുക്കേറ്റ ജോർദൻ മറെയ്ക്കു പകരം എത്തിയ ലാൽതാതാങ്ക പുട്ടിയയിലൂടെ സമനില ഗോൾ. അതിനും ഹൂപ്പറിന്റെ ഇടപെടലുണ്ട്. അദ്ദേഹത്തിന്റെ ക്ലോസ് റേഞ്ച് ഷോട്ട് തടുക്കാൻ ശ്രമിക്കവെയാണ് ഗോളി ഗുർപ്രീത് പരിക്കേറ്റു വീണു പോയത്. പിന്നീടുള്ള കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഗോൾ വന്നു. 

ഒടുവിൽ ഇഞ്ച്വറി സമയത്തിന്റെ നാലാം മിനിറ്റിൽ കേരളം കാത്തിരുന്ന നിമിഷം വന്നു. വിന്നർ ഗോൾ !!!! ബെംഗളുരു എഫ്സിക്കെതിരെ ഐഎസ്എൽ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ മാത്രം ജയം. ദക്ഷിണേന്ത്യൻ ഡെർബി ജയിക്കുന്നതിന് മറ്റെന്തിനേക്കാളും മൂല്യം കൽപ്പിക്കുന്ന കെബിഎഫ്സി ആരാധകരുടെ മുന്നിൽ ശരിക്കും അറക്കൽ അബുവായി അവതരിക്കുകയായിരുന്നു കെ.പി.രാഹുൽ. 

ഈ ഒരൊറ്റ ഗോൾ മതി ബ്ലാസ്‌റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച വിജയങ്ങളുടെ ലിസ്റ്റിൽ തൃശൂർ ഒല്ലൂക്കര കണ്ണോളി പ്രവീൺ രാഹുലിന്റെയും പേരെഴുതിച്ചേർക്കപ്പെടാൻ. ഉറവ വറ്റാത്ത ഊർജമാണ് ഇയാളുടെ പ്രത്യേകത. കഴിഞ്ഞ കളിയിൽ ഈസ്റ്റ് ബംഗാളിനെതിരായ ഒരു ലാസ്റ്റ് മിനിട്ട് ക്ലിയറൻസ് കോർണർ വഴങ്ങിയെന്ന പേരിൽ ഏറെ പഴി കേട്ട രാഹുലിന്റെ മനക്കരുത്തിന്റെ കൂടി അടയാളമാകുന്നു തൊട്ടടുത്ത കളിയിലെ ഈ മാച്ച് വിന്നിങ് ഗോൾ.

പന്ത്രണ്ടാം റൗണ്ടിലെ സൂപ്പർ വിജയം കേരളാ ടീമിന്റെ ഐഎസ്എൽ സ്വപ്‌നങ്ങൾ വീണ്ടും തളിർപ്പിക്കാൻ ഇടയാക്കിയിരിക്കുന്നു. കാരണം നാലാം സ്ഥാനത്തുള്ള ഹൈദരാബാദും ഒമ്പതാമതുള്ള ബ്ലാസ്റ്റേഴ്‌സും തമ്മിലെ വ്യത്യാസം നാലു പോയിന്റു മാത്രം. ഒന്നു കൂടി ഉഷാറായാൽ പ്ലേ ഓഫ് ബെർത്ത് ബ്ലാസ്റ്റേഴ്‌സിന് അപ്രാപ്യമല്ല. 

അടുത്ത എട്ടു റൗണ്ടുകളിൽ അഞ്ചെണ്ണമെങ്കിലും വ്യക്തമായ ഗോൾ മാർജിനിൽ ജയിക്കാനായാൽ ഈ ബ്ലാസ്‌റ്റേഴ്‌സ് ഇക്കുറി കഥകൾ പലതും മാറ്റിയെഴുതും. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അടുത്ത കളി ഗോവയ്‌ക്കെതിരെയാണ് . കൂടുതൽ കടുത്ത എതിരാളികൾ. കനത്ത പോരാട്ടം. ഇവിടെയും ഒരാവേശ മത്സരഫലം സൃഷ്ടിക്കാൻ കഴിയട്ടെ കിബു ആന്റ് കമ്പനിക്ക്...

English Summary: Shaiju Damodaran's Column

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com