ADVERTISEMENT

പനജി (ഗോവ) ∙ ആദ്യപകുതിയിലെ ഉറക്കംതൂങ്ങിക്കളിക്കു 2–ാം പകുതിയിൽ പരിഹാരം കണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സിനു ജയവും 3 പോയിന്റും നേടാനായില്ല. ഐഎസ്എ‍ൽ ഫുട്ബോളിൽ കെ.പി.രാഹുലിന്റെ ഹെഡർ ഗോളിൽ (56’) എഫ്സി ഗോവയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിനു സമനില (1–1). അവസാന അര മണിക്കൂർ 10 പേരുമായി  ഗോവ പിടിച്ചുനിന്നു. 

ഹോർഷെ ഓർട്ടിസിന്റെ ഫ്രീകിക്കിൽനിന്ന് 24–ാം മിനിറ്റിൽ ഗോവ മുന്നിലെത്തി. എന്നാൽ, 2–ാം പകുതിയിൽ ബ്ലാസ്റ്റേഴ്സ്  ഗോവയെ വരിഞ്ഞു മുറുക്കി.   64–ാം മിനിറ്റിൽ  ഡിഫൻഡർ ഇവാൻ ഗോൺസാലെസ്, ഫൗളിന് ആദ്യ മഞ്ഞക്കാർഡും റഫറിയോട് അപമര്യാദയായി പെരുമാറിയതിനു 2–ാം കാർഡും ചുവപ്പും ഏറ്റുവാങ്ങി. എന്നിട്ടും ഗോവ പിടിച്ചുനിന്നതിന് ഒരു കാരണം, ബ്ലാസ്റ്റേഴ്സിന്റെ ഗോൾസ്പർശത്തിലെ പോരായ്മതന്നെ. മുന്നിലേക്കും പിന്നിലേക്കും പറന്നുകളിച്ച ബ്ലാസ്റ്റേഴ്സ് താരം സന്ദീപ് സിങ്ങാണു ഹീറോ ഓഫ് ദ് മാച്ച്. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം 27നു ജംഷഡ്പുരിനെതിരെ. ഇന്നലെ കളത്തിനരികിലെ പെരുമാറ്റത്തിനു മഞ്ഞക്കാർഡ് കണ്ട ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വിക്കൂന അടുത്ത മത്സരത്തിൽ ഗാലറിയിലിരിക്കും. 

ഫാക്കുൻഡോ പെരേര തൊടുത്ത കോർണർ കിക്കിൽനിന്നായിരുന്നു രാഹുലിന്റെ മനോഹമായ സമനില ഗോൾ. ബോക്സിലെ ഉയരക്കാരെല്ലാം വായുവിൽ ഉയർന്നു താഴ്‍ന്ന നേരത്താണു പന്തു വന്നത്. ആൾക്കൂട്ടത്തിൽ ഉയരം കുറവുള്ളയാൾ, രാഹുൽ. അസാമാന്യമായൊരു ചാട്ടവും ഉജ്വലമായൊരു ഹെഡറും.  

ആദ്യപകുതിയിൽ ഗോവ 2 ഗോളിനെങ്കിലും മുന്നിൽക്കയറേണ്ടതായിരുന്നു. ഇടതുപാർശ്വവരയ്ക്കരികിൽ ലഭിച്ച ഫ്രീകിക്ക്. ഓർട്ടിസ് പന്തുയർത്തി ഗോളിലേക്കുവിട്ടു. വായുവിൽ ഉയർന്ന ബ്ലാസ്റ്റേഴ്സിന്റെ രണ്ടംഗ പ്രതിരോധഭിത്തിയിലെ  സഹലിന്റെ തലയിൽ ആ ഇടങ്കാലൻ കിക്ക് തട്ടി. പന്തിന്റെ ഗതിയിൽ മാറ്റം. താഴ്ന്നുവന്ന പന്ത് ആൽബിനോ ഗോമസിന്റെ വിരൽത്തുമ്പുകൾക്കു മുകളിലൂടെ, ക്രോസ് ബാറിന്റെ ഉൾവശത്ത് ഉരസിയെന്നോണം വലയിലേക്ക്.

2–ാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് എതിരാളികൾക്കുമേൽ കടുത്ത സമ്മർദം ഏൽപിക്കാൻ തുടങ്ങി. ഫാക്കുൻഡോ പെരേര കളം നിറഞ്ഞു. കളത്തിൽ ആക്രമണം നിറഞ്ഞു. സ്വാഭാവികമായും ഗോവയ്ക്കു പ്രതിരോധിക്കേണ്ടിവന്നു.  ഓരോ പന്തിനും ബ്ലാസ്റ്റേഴ്സ് വെല്ലുവിളി ഉയർത്തി. ലോങ്ബോൾ ആക്രമണങ്ങളും ഗോവയുടെ കോട്ടയുലച്ചു. 

സമർപ്പണത്തിന് 100 മാർക്ക് : ഐ.എം.വിജയൻ 

വീണ്ടും രാഹുൽ. വീണ്ടും ഗോൾ. വ്യത്യാസം ഒന്നിലേയുള്ളൂ. ബെംഗളൂരുവിനെതിരെ അടിച്ചതു വിജയഗോൾ. ഇന്നലത്തേതു പരാജയത്തിൽനിന്നുള്ള രക്ഷപ്പെടുത്തൽ. ഗോവയ്ക്കെതിരായ ഗോൾ ഇരട്ടി സന്തോഷം നൽകുന്നു. രാഹുലിനുള്ളതാണ് അതിന്റെ ഫുൾ ക്രെഡിറ്റും. മിന്നൽ വേഗത്തിലുള്ള ആ വരവും ഉശിരൻ ചാട്ടവും പൊളിച്ചു.

ഉത്സാഹത്തിനു മാത്രമല്ല, ആ സമർപ്പണത്തിനും കൊടുക്കണം ഫുൾ മാർക്ക്. ബോക്സിലെ ആൾപ്പൊക്കത്തിനിടയിൽ അത്ര ഉയരമില്ലാത്തൊരു താരം ഹെഡറിലൂടെ വല കുലുക്കിയത് ഗംഭീരമായി. ഒന്നാം പകുതിയിൽ ബ്ലാസ്റ്റേഴ്സിനുവേണ്ടി ഭാഗ്യം കൂടി കളത്തിലെത്തി. അത്രമാത്രം അവസരങ്ങളാണു ഗോവയ്ക്കു കിട്ടിയത്. ക്ലൈമാക്സിൽ ഭാഗ്യം ഗോവയ്ക്കാണു കൂട്ടായത്. അല്ലെങ്കിൽ 10 പേരായി ചുരുങ്ങിയ അവരെ ബ്ലാസ്റ്റേഴ്സ് അടിച്ചുവീഴ്ത്തിയേനെ. 

English Summary: ISL, Kerala blasters VS FC Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com