ADVERTISEMENT

ഇംഗ്ലണ്ടിൽ പ്രതീക്ഷയുടെ വെളിച്ചം വീണ്ടും നിറഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്വപ്നങ്ങളുടെ അരങ്ങ്. ഇറ്റലിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചരിത്രനേട്ടത്തിന്റെയും സൂപ്പർകപ്പ് വിജയത്തിന്റെയും തിലക്കത്തിനിടയിലും സീരി എ കിരീടം അകലുകയാണോ എന്ന ആശങ്കയിൽ യുവെന്റസ്. കടുത്ത പോരാട്ടം അതിജീവിച്ച് ഫ്രാൻസിൽ മുന്നിൽ തുടരുന്ന പിഎസ്ജി. ജർമനിയിൽ കൃത്യസമയത്ത് എതിരാളികൾക്കു മേൽ നിർണായക ലീഡെടുത്ത് ബയൺ മ്യൂനിക്. പുതുവർഷത്തിൽ യൂറോപ്പിലെ മുൻനിര ലീഗുകളിൽ ആവേശത്തിന്റെ പുതുവഴികൾ തുറക്കുകയണ്. 

ഒന്നാമതായി യുണൈറ്റൈഡ്‍

ഇംഗ്ലണ്ടിലെയും ലോകമെമ്പാടുമുള്ള ആരാധകർക്ക് ആവേശമായി ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മുൻ ചാംപ്യൻമാരുടെ തകർപ്പൻ തിരിച്ചുവരവാണ് പുതുവർഷത്തിൽ. രണ്ടാഴ്ച മുൻപ് ലിവർപൂളിനു പിന്നിൽ രണ്ടാമതായിരുന്നു അവർ. കഴിഞ്ഞ മത്സത്തിൽ ലിവർപൂളിനെ സമനിലയിൽ കുരുക്കിയ ചുവന്നചെകുത്താൻമാർ കിരീടപ്പോരാട്ടത്തിലെ സമവാക്യങ്ങൾ തിരുത്തിയെഴുതുകയാണ്.

ബേൺലിക്കെതിരെ നേടിയ വിജയത്തടെയായിയിരുന്നു (1-0) മാഞ്ചസ്്റ്റർ 17 മത്സരങ്ങൾക്കുശേഷം ലീഗിൽ ഒന്നാം സ്ഥാനത്തേക്കു കയറിയെത്തിയത്. ഡിസംബർ 2012 നു ശേഷം ഇതാദ്യാമയിട്ടായിരുന്നു അവർ ഈ നേട്ടത്തിലെത്തുന്നത്. ലിവർപൂളിനെിരെ സമനിലയായതോടെ ചെൽസിയെ തോൽപ്പിച്ച ലെസ്റ്റർ സിറ്റി മാഞ്ചസ്റ്ററിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തേക്കു കയറിയെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഫുൾഹമിനെ കീഴടക്കിയ യുണൈറ്റഡ് ഒന്നാം സ്ഥാനം വീണ്ടും തിരിച്ചു പിടിച്ചു.

കഴിഞ്ഞ 6 കളികളിൽ തോൽവിയറിയാതെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഒന്നാം സ്ഥാനത്തു തുടരുന്നത്. 4 ജയം, 2 സമനില. തുടർച്ചയായി 6 കളി ജയിച്ച് മിന്നുന്ന മികവിലാണ് രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി. ഒരു മത്സരം കൂടുതൽ കളിക്കാനുള്ളത് ഗ്വാർഡിയോളയുടെ ടീമിന് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാമെന്ന് പ്രതീക്ഷ നൽകുന്നു.

യുണൈറ്റഡിനോട് സ്വന്തം സ്റ്റേഡിയത്തിൽ സമനില വഴങ്ങേണ്ടിവന്ന ലിവർപൂൾ നാലാം സ്ഥാനത്തേക്കിറങ്ങി. കഴിഞ്ഞ 5 കളികളിൽ ഒരു ജയം മാത്രം നേടിയ ചെൽസി എട്ടാം സ്ഥാനത്താണ്. 

∙ പോയിന്റ് നില (ടീം, മത്സരം, ജയം, തോവി, സമനില, പോയിന്റ് ക്രമത്തിൽ)

1. മാൻ. യുണൈറ്റഡ്  19 12 4 3 40

3. മാഞ്ചസ്റ്റർ സിറ്റി  18 11 5 2 38

3. ലെസ്റ്റർസിറ്റി  19 12 2 5 38

4. ലിവർപൂൾ  18 9 7 2 34

5. ടോട്ടനം ഹോട്സ്പർ  18 9 6 3 33

∙ ടോപ് സ്കോറർ

1. മുഹമ്മദ് സാല (ലിവർപൂൾ)  13

2. ഹാരി കെയ്ൻ (ടോട്ടനം)  12

3. സൺ ഹ്യൂ മിൻ (ടോട്ടനം) 12

4. ബ്രൂണോ ഫെർണാണ്ടസ് (മാൻ. യുണൈറ്റഡ്) 11

5. കാൽവെർട്ട് ലെവിൻ (എവർട്ടൺ)  11

സീരി എ

ഗോളടി നേട്ടത്തിൽ റെക്കോർഡ് നേട്ടത്തിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കുതിപ്പു കണ്ട് ഫുട്ബോൾ ലോകമാകെ ഇറ്റലിയിലേക്ക് കണ്ണുംനട്ടിരിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. അവസാനം കാത്തിരുന്ന ആ ചരിത്ര നിമിഷമെത്തിയത് ഇറ്റാലിയൻ സൂപ്പര്ർകപ്പ് പോരാട്ടത്തിലായിരുന്നു. പോർച്ചുഗൽ സൂപ്പർതാരത്തിന്റെയും ആൽവരോ മോറാട്ടയുടെയും ഗോളുകളിൽ ബദ്ധവൈരികളായ നാപ്പൊളിയെ കീഴടക്കിയ യുവെയ്ക്ക് റൊണാൾഡോയുടെ ചരിത്ര നേട്ടത്തനൊപ്പം കിരീടവിജയത്തിന്റെ തിളക്കവുമായി.

കിരീടവിജയത്തിന്റെ ആഹ്ലാദത്തിനിടെയും ആന്ദ്രം പിർലോയെ അലട്ടുന്നത് സീരി എയിൽ ചാംപ്യൻമാരുടെ സ്ഥിരതയില്ലാത്ത പ്രകടനമാണ്. ഇന്റർ മിലാനെതിരെ നടന്ന സൂപ്പർ പോരാട്ടത്തിൽ തോൽവിയേറ്റുവാങ്ങിയ യുവെന്റസ് കിരീടപ്പോരാട്ടത്തിൽ ഒരിക്കൽക്കൂടി പിന്നിലേക്കു പോയി. തോൽവിയോടെ ഒന്നാം സ്ഥാനക്കാരായ എസി മിലാനെക്കാൾ 10 പോയിന്റ് പിന്നിലായി യുവെ.

സീരി എയിൽ തുടർച്ചയായ കിരീടനേട്ടങ്ങളുടെ പെരുമയുള്ള യുവന്റസിന് പക്ഷേ ഈ സീസണിൽ ആ അജയ്യ പരിവേഷം നഷ്ടപ്പെടുന്നതാണ് കണ്ടത്. എസി മിലാനും ഇന്ററും നാപ്പൊളിയും റോമയുമെല്ലാം ചാംപ്യൻമാരെ അടിതെറ്റിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ഈ സീസണിലെ മിക്ക മത്സരങ്ങളിലും റൊണാൾഡോയുടെ ഗോളടി മികവിനെ മാത്രം ആശ്രയിച്ചായിരുന്നു യുവെയുടെ വിജയങ്ങൾ.

പവേൽ നെദ്വെദും ഇപ്പോഴത്തെ പരിശീലകൻ ആന്ദ്രെ പിർലോയുമൊക്കെ കളം നിറഞ്ഞകാലത്തെ മധ്യനിര മികവ് യുവെയ്ക്ക് കൈമോശം വന്നിട്ട് നാളുകൾ ഏറെയായി. എതിർ നിരയുടെ ആക്രമണം മുറിക്കാനും പ്രത്യാക്രമണം തീർക്കാനും പ്രതിഭയുള്ള മധ്യനിര താരങ്ങളെ ടീമിലെത്തിക്കാനായില്ലെങ്കിൽ യുവെയ്ക്ക് കിരീടം വിദൂര സ്വപ്നമാകാനണു സാധ്യത. 

∙ പോയിന്റ് നില

1. എസി മിലാൻ  18 13 4 1 43

2. ഇന്റർ മിലാനൻ  18 12 4 2 40

3. നാപ്പൊളി  17 11 1 5 34

4. എഎസ് റോമ  18 10 4 4 34

5. യുവെന്റസ്  17 9 6 2 33

∙ ടോപ് സ്കോറർ

1. റൊണാൾഡോ (യുവെന്റസ്)  15

2, ഇബ്രഹിമോവിച്ച് (എസി മിലാൻ)  12

3. ഇമൊബിലെ (ലാസിയോ)  12

4. ലുക്കാക്കു (ഇന്റർ)  12

5. ജോവോ പെഡോ (കാഗ്ലിയാരി)  10

ബുന്ദസ് ലിഗ

ജർമനിയിൽ പുതുവർഷത്തിലും ബയൺ മ്യൂനിക്കിന്റെ കുതിപ്പുതന്നെയാണ്. വൻ വിജയത്തോടെ സീസണന്റെ രണ്ടാം പകുതി തുടങ്ങിയ അവർ പക്ഷേ തൊട്ടുപിന്നാലെ സീസണിലെ രണ്ടാം തോൽവിയറിഞ്ഞു. എങ്കിലും ഇപ്പോഴും രണ്ടാം സ്ഥാനക്കാരെക്കാളും 4 പോയിന്റ് ലീഡ് ഉണ്ട്. കഴിഞ്ഞ കളിയിൽ ബോറുസിയ ഡോർട്ട്മുണ്ടിനെതിരെ മികച്ച വിജയം നേടിയ ബയെർ ലെവർകുസനാണ് രണ്ടാമതുള്ളത്. പോയിന്റ് നിലയിൽ ഒപ്പമുള്ള ആർബി ലീപ്സിഗ് മൂന്നാമതും. കഴിഞ്ഞ 5 കളികളിൽ മൂന്നെണ്ണത്തിലും വിജയം നേടാനാവാതോപോയ ബോറുസിയ നാലാം സ്ഥാനത്തേയ്ക്കിറങ്ങി. 

∙ പോയിന്റ് നില

1. ബയൺ മ്യൂനിക്  16 11 3 2 36

2. ലെവർകുസെൻ  17 9 5 3 32

3. ലൈപ്സിഗ്  16 9 5 2 32

4. ഡോർട്ട്മുണ്ട്  17 9 2 6 29

5. വോൾവ്സ്ബർഗ്  17 7 8 2 29

∙ ടോപ് സ്കോറർ

1. ലെവൻഡോവ്സ്കി (ബയൺ)  21

2. ഹാലൻഡ് (ഡോർട്ട്മുണ്ട്)  12

3. ആന്ദ്രെ സിൽവ (ഫ്രാങ്ക്ഫുർട്ട്)  12

4. വീഗോസ്റ്റ് (വോൾവ്സ്ബർഗ്)  12

5. ക്രാമറിക് (ഹോഫെൻഹിം)  10

ലാ ലിഗ

സ്പെയിനിൽ നിലവിൽ കിരീടപ്പോരാട്ടം മഡ്രിഡിന്റെ ആഭ്യന്തര കാര്യം എന്ന മട്ടിലാണ്. മികച്ച പ്രകടനത്തോടെ ഒന്നാം സ്ഥാനത്ത് അത്‌ലറ്റിക്കോ മഡ്രിഡും രണ്ടാമത് റയൽ മഡ്രിഡുമാണ് ലീഗയിൽ മുൻ നിരയിൽ. പ്രതീക്ഷ കൈവിടാതെ ബാർസലോ മൂന്നാം സ്ഥാനത്തുണ്ട്. സെവിയ്യയും വിയ്യാറയലും കാറ്റലൻ ടീമിനെ എത്തിപ്പിടിക്കാവുന്നത്ര അടുത്ത് പിന്നിലുണ്ട്. 

കഴിഞ്ഞ 5 കളികളിലും തോൽവിയറിയാതെയാണ് ആദ്യ മൂന്നു സ്ഥാനക്കാരും മുന്നേറുന്നത്. തുടർച്ചയായ 5 വിജയങ്ങളുടെ തിളക്കമുണ്ട് അത്‌ലറ്റിക്കോയ്ക്ക്. റയലിന് കഴിഞ്ഞ 5 കളികളിൽ 2 സമനിലയായി. ബാർസയ്ക്ക് 5 കളികളിൽ 1 സമനില. റയലിനെയും ബാർസയെയും അപേക്ഷിച്ച് 2 മത്സരങ്ങൾ കൂടി കളിക്കാനുള്ളത് കിരീടപ്പോരാട്ടത്തിന് അത്ലറ്റിക്കോയ്ക്ക് നിർണായക മുൻതൂക്കം നൽകിയേക്കാം. 

∙ പോയിന്റ് നില

1. അത്‌ലറ്റിക്കോ മഡ്രിഡ്  16 13 2 1 41

2. റയൽ മഡ്രിഡ്  18 11 4 3 37

3. ബാർസലോന  18 10 4 4 34

4. സെവിയ്യ  18 10 3 5 33

5. വിയ്യാറയൽ  18 8 8 2 32

∙ ടോപ് സ്കോറർ

1. മെസ്സി (ബാർസലോന)  11

2. മോറിനോ (വിയ്യാറയൽ)  10

3. ആസ്പസ് (സെൽറ്റ വിഗോ)  9

4. എൻ നസീരി (സെവിയ്യ)  9

5. സുവാരസ് (അത്‌ലറ്റിക്കോ) 9

ലീഗ് വൺ

ഫ്രാൻസിൽ പാരിസ് സെന്റ് ജെർമെയ്ന്റെ കുതിപ്പാണ് പുതുവർഷത്തിൽ കണ്ടത്. മൂന്നാം സ്ഥാനത്തായിരുന്ന അവർ ഇപ്പോൾ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള ലിൽ പോയിന്റ് നിലയിൽ അവർക്കൊപ്പമുണ്ട്. ഒളിംപിക് ലിയോൺ ഇവർക്കു തൊട്ടുപിന്നിൽ മൂന്നാമതുണ്ട്. അൽപം ദൂരത്തിൽ മൊണാക്കോയും റെനും. ആദ്യ അഞ്ചിൽ നിന്നു താഴെയ്ക്കിറങ്ങിയ ഒളിംപിക് മാഴ്സെയ്ക്ക് തിരിച്ചുകയറാൻ ഇനി മികച്ച പോരാട്ടങ്ങൾ കൂടയേ തീരൂ. അവസാന 5 കളികളിലും തോൽവിയറിയാതെയാണ് പിഎസ്ജിയുടെ മുന്നേറ്റം. 5 കളികളിൽ ഒരു തോൽവി പിണഞ്ഞതോടെയാണ് ലിലിന് ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം നഷ്ടമാക്കിയത്. 

∙ പോയിൻറ് നില

1. ഒളിംപിക് ലിയോൺ 17 10 6 1 36

2. ലിൽ 17 10 6 1 36

3. പിഎസ്ജ്  17 11 2 4 35

4. റെൻ 17 9 4 4 31

5. ഒളിംപിക് മാഴ്സെ  15 8 4 3 28

∙ ടോപ് സ്കോറർ

1. കിലിയൻഎംബാപ്പെ (പിഎസ്ജി)  12

2. ബൗലായെ ദിയ (റെൻ)  10

3. ടോക്കോ എക്കാമ്പി (ലിയോൺ)  9

4. ആൻഡി ഡെലോർട്ട് (മോൺപെല്ലിയെ)  8

5. മെംഫിസ് ഡീപെ (ലിയോൺ)  8

English Summary: Football Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com