ADVERTISEMENT

കോട്ടയം ∙ ഇന്ത്യൻ ഫുട്ബോളിൽ പുതുചരിത്രമെഴുതിയ എഫ്സി ഗോവയെ എഎഫ്സി ചാംപ്യൻ‌സ് ലീഗിൽ കാത്തിരിക്കുന്നത് ശക്തരായ എതിരാളികൾ. എഎഫ്സി ചാംപ്യൻ‌സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ഡ്രോ കഴിഞ്ഞപ്പോൾ ഇന്ത്യയുടെ പ്രതിനിധികളായി ചാംപ്യൻസ് ട്രോഫിക്ക് എത്തുന്ന ഗോവ ഗ്രൂപ്പ് ഇയിൽ കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ ഇറാനിയൻ ക്ലബ് പസേപുലസ് എഫ്സിക്കൊപ്പമാണ്. ഖത്തർ ക്ലബ് അൽ റയാൻ ആണു ഗ്രൂപ്പ് ഇയിലെ മറ്റൊരു ക്ലബ്. ഖത്തർ സ്റ്റാർസ് ലീഗിൽ എട്ട് തവണ വിജയികളായ ടീമാണ് അൽ റയാൻ.യുഎഇ ക്ലബ് അൽ വഹ്ദയും ഇറാഖ് ക്ലബ് അൽ സാവ്‌റയും തമ്മിലുള്ള യോഗ്യതാ മത്സരത്തിൽ വിജയിക്കുന്ന ക്ലബാണ് നാലാമതായി ഗ്രൂപ്പിൽ ഇടം നേടുക.

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) സംഘടിപ്പിക്കുന്ന ചാംപ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ക്ലബ് യോഗ്യത നേടുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിനെ ഇന്ത്യയിലെ ഒന്നാം നിര ക്ലബ് മത്സരമായി എഎഫ്സി കഴിഞ്ഞ വർഷം അംഗീകരിച്ചതോടെയാണ് ഒരു ഇന്ത്യൻ ക്ലബിന് എഎഫ്സി ചാംപ്യൻ‍സ് ലീഗിൽ പ്രവേശനം ലഭിച്ചത്. ഐഎസ്എൽ ഗ്രൂപ്പ് മത്സരങ്ങളിൽ ഒന്നാമത് എത്തുന്ന ടീമിനാണ് എഎഫ്സി ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ പ്രവേശനം. കഴിഞ്ഞ സീസണിൽ എഫ്സി ഗോവയായിരുന്നു ഗ്രൂപ്പ് സ്റ്റേജിൽ ഒന്നാമത് എത്തിയത്. ഇതോടെ ആദ്യമായി എഎഫ്സി ചാംപ്യൻ‌സ് ലീഗിൽ എത്തുന്ന ടീമായും എഫ്സി ഗോവ മാറി. നേരത്തെ ഇൗസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ ടീമുകൾ ഏഷ്യൻ ക്ലബ് ചാംപ്യൻഷിപ്പ് കളിച്ചിട്ടുണ്ടെങ്കിലും എഎഫ്സി ചാംപ്യൻസ് ലീഗ് ആദ്യമായാണ് ഒരു ഇന്ത്യൻ ക്ലബ് കളിക്കാൻ പോകുന്നത്.

ഗോവ ഉൾപ്പെടുന്ന വെസ്റ്റ് സോൺ ഗ്രൂപ്പ് മത്സരങ്ങൾ ഏപ്രിൽ 14 മുതൽ 30 വരെയാണു നടക്കുക. ഈസ്റ്റ് സോൺ മത്സരങ്ങൾ ഏപ്രില്‍ 21 മുതൽ മേയ് 7 വരെയും നടക്കും. കോവിഡ് പശ്ചാത്തലത്തിൽ ഒരു മത്സര വേദിയിൽ മാത്രമാണ് ഗ്രൂപ്പ് തല മത്സരങ്ങൾ നടക്കുക. ഇതിന്റെ തിരഞ്ഞെടുപ്പ് അടുത്ത ദിവസം നടക്കും. ഗോവ മത്സരിക്കാനുള്ളതിനാൽ വെസ്റ്റ് സോൺ മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കാൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) താൽപര്യം അറിയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് വേദി ലഭിച്ചാൽ ഗോവയിലാകും മത്സരങ്ങൾ നടക്കുക. എഎഫ്സി ചാംപ്യൻസ് ലീഗ് ഡ്രോയ്ക്ക് പിന്നാലെ ഇന്ത്യൻ ഫുട്ബോൾ ലോകം എഫ്സി ഗോവയ്ക്ക് ആശംസകളുമായി എത്തുകയാണ്.

എഫ്സി ചാംപ്യന്‍സ് ലീഗ് വളരെയധികം വെല്ലുവിളികൾ നിറഞ്ഞതാണെന്നും മികച്ച പ്രകടനത്തിനാണ് ശ്രമമെന്നും എഫ്സി ഗോവ പരിശീലകൻ യുവാൻ ഫെറാൻഡോ പ്രതികരിച്ചു. എല്ലാ മത്സരങ്ങളിലും മൂന്നു പോയിന്റ് നേടുകയെന്നതാണു ക്ലബിന്റെ ലക്ഷ്യം. ചാംപ്യൻസ് ലീഗിലും ഇതേ പാറ്റേണിൽ തന്നെ പോകാൻ ശ്രമിക്കും. ടീമിനും കളിക്കാർക്കും മികച്ച അനുഭവമാകും മത്സരങ്ങളെന്നും പരിശീലകൻ പറഞ്ഞു. നിലവിൽ ഐഎസ്എല്ലിൽ 13 കളികളിൽ നിന്ന് 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് എഫ്സി ഗോവ. 13 കളികളിൽ നിന്നു 30 പോയിന്റ് നേടിയ മുംബൈ സിറ്റി എഫ്സിയാണ് ഒന്നാം സ്ഥാനത്ത്.

Content Highlights: AFC Champians League, FC Goa, Champians Trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com