ADVERTISEMENT

മഡ്‌ഗാവ് ∙ അവസാന മത്സരത്തിൽ എടികെ മോഹൻ ബഗാനെ 2–0നു തോൽപിച്ച് മുംബൈ സിറ്റി എഫ്സി ഐഎസ്എൽ ഫുട്ബോളിലെ ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കി. തുടക്കം മുതൽ ആക്രമിച്ചു കളിച്ച മുംബൈയ്ക്കായി മൗർറ്റാഡ ഫാൾ (7–ാം മിനിറ്റ്), ബർതലോമ്യോ ഓഗ്ബെച്ചെ (39) എന്നിവരാണു ഗോൾ നേടിയത്.

ജയത്തോടെ, ഇന്ത്യയിൽനിന്ന് എഫ്സി ഗോവയ്ക്കൊപ്പം അടുത്ത സീസൺ എഎഫ്സി ചാംപ്യൻസ് ലീഗിനു മുംബൈ സിറ്റിയും യോഗ്യത നേടി.

ഈ സീസണിലെ കിരീട ജേതാക്കളെ ജേതാക്കളെ നിർണയിക്കാനുള്ള സെമിഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും. മുംബൈ ഗോവയെയും നോർത്ത് ഈസ്റ്റ് ബഗാനെയും ഇരുപാദ സെമിയിൽ നേരിടും. 

സമനിലകൊണ്ട് വിന്നേഴ്സ് ഷീൽഡും എഎഫ്സി യോഗ്യതയും നേടാമായിരുന്ന എടികെ ബഗാനെയാണു മുംബൈ ടീം ആക്രമിച്ചു കീഴ്പ്പെടുത്തിയത്. കളി തുടങ്ങും വരെ ഒന്നാം സ്ഥാനത്തായിരുന്ന ബഗാനെ 2–ാം സ്ഥാനത്തേക്കു മാറ്റിയിരുത്തി ആദ്യപകുതിയിൽതന്നെ 2–0 ലീഡ് നേടാനും പിന്നീടു പ്രതിരോധമുറപ്പിച്ച് കളിയുടെ നിയന്ത്രണം നഷ്ടപ്പെടാതെ നോക്കാനും മുംബൈയ്ക്കു സാധിച്ചു. നോർത്ത് ഈസ്റ്റ് 3–ാം സ്ഥാനം നേരത്തേ ഉറപ്പിച്ചിരുന്നു. 

ഇന്നലെ ആദ്യം നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ ഗോൾരഹിത സമനിലയിൽ തളച്ചാണ് എഫ്സി ഗോവ 4–ാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയത്. 6–ാം തവണയാണു ഗോവ പ്ലേ ഓഫിലെത്തുന്നത്. 

ഐഎസ്എൽ സെമി ലൈനപ്

ആദ്യപാദം

മാർച്ച് 5: ഗോവ– മുംബൈ*

മാർച്ച് 6: നോർത്ത് ഈസ്റ്റ് – ബഗാൻ

രണ്ടാംപാദം

മാർച്ച് 8: മുംബൈ – ഗോവ

മാർച്ച് 9: ബഗാൻ– നോർത്ത് ഈസ്റ്റ്

ഫൈനൽ: മാർച്ച് 13

(*എല്ലാ മത്സരങ്ങളും രാത്രി 7.30ന്)

ഐ ലീഗിൽ ഇന്ന് ഗോകുലം– ചർച്ചിൽ

കോഴിക്കോട് ∙ ഐ ലീഗ് പോയിന്റ് പട്ടികയി‍ൽ ഒന്നാമതെത്താൻ ഗോകുലം കേരള എഫ്സി ഇന്നു ചർച്ചിൽ ബ്രദേഴ്സിനെ നേരിടും. ഉച്ചയ്ക്ക് 2 മുതൽ വൺ സ്പോർട്സ് ചാനലിലും ഫെയ്സ്ബുക് പേജിലും മത്സരം കാണാം.  ലീഗിൽ ആദ്യ റൗണ്ടിലെ അവസാന മത്സരമാണിത്.

9 കളികളിൽ നിന്ന് 16 പോയിന്റുമായി ഗോകുലം 5–ാം  സ്ഥാനത്താണ്. 19 പോയിന്റുമായി ചർച്ചിലാണ് ഒന്നാമത്. ഇരുടീമുകളും 2–ാം റൗണ്ട് ഉറപ്പിച്ചുകഴിഞ്ഞു. ആദ്യ 6 സ്ഥാനക്കാരാണ്  2–ാം റൗണ്ടിലേക്കെത്തുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com