ADVERTISEMENT

തൂവെള്ള നിറമുള്ള സ്പെയിൻ ജഴ്സി നിറയെ ചോര; മൂക്കുപൊട്ടി മുഖം നിറയെ ചോരയൊലിപ്പിച്ച് ലൂയി എൻറിക്വെയും. 27 വർഷം മുൻപ് 1994 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലായിരുന്നു സംഭവം. ഇറ്റലി – സ്പെയിൻ പോരാട്ടം. കളിയുടെ അവസാന നേരത്താണ് ഇറ്റാലിയൻ താരം മൗറോ ടസ്സോട്ടിയുടെ കൈമുട്ട് കൊണ്ട് സ്പാനിഷ് താരം എൻറിക്വെയുടെ മൂക്കു പൊട്ടിയത്. 1994 ജൂലൈ 9ന് ആയിരുന്നു സംഭവം. അതിന് 27 വർഷം തികയാൻ ഒരു ദിവസം മാത്രം ബാക്കി. അതിനു ശേഷം ഇതുവരെ എൻറിക്വെ ഇറ്റലിക്കെതിരെ കളിച്ചിട്ടില്ല. പരിശീലകനായി ഒരിക്കൽപ്പോലും ഇറ്റലിയെ നേരിട്ടിട്ടില്ല. ഇന്നിതാ, സ്പെയിൻ പരിശീലകനായി എൻറിക്വെ ഇറ്റലിക്കു മുന്നിൽ. 

അന്നത്തെ ഫൗളിനു ടസ്സോട്ടിക്കു ചുവപ്പു കാർഡും സ്പെയിനു പെനൽറ്റി സ്പോട്ട് കിക്കുമായിരുന്നു എൻറിക്വെയുടെ ആവശ്യം. അതു റഫറി പരിഗണിച്ചില്ല. ‘ടസ്സോട്ടിയെയും റഫറിയെയും വെടിവച്ചു കൊല്ലണമെന്ന നിലപാടായിരുന്നു എൻറിക്വെയുടേത്’ – സംഭവത്തെക്കുറിച്ചു സ്പെയിൻ ടീമിന്റെ ഫിസിയോ സെനൻ കോർടിഗോസോ പിന്നീടു വെളിപ്പെടുത്തി. 

പക്ഷേ, കാലം മാറിയപ്പോൾ എൻറിക്വെയും ടസ്സോട്ടിയും സുഹൃത്തുക്കളായി. എൻറിക്വെ ഇറ്റാലിയൻ ക്ലബ് റോമയുടെ കോച്ചായിരുന്ന കാലത്ത് ടസ്സോട്ടി എസി മിലാന്റെ സഹപരിശീലകനായിരുന്നു. ഒരിക്കൽ, മിലാൻ – റോമ സീരി എ മത്സരത്തിനു മുൻപ് ഇരുവരും പരസ്പരം കൈകൊടുത്ത് സുഹൃത്തുക്കളായി. ടസ്സോട്ടി മാപ്പു പറയുകയും ചെയ്തു. 

അന്നത്തെ മുറിവിന്റെ വേദന പണ്ടേ മാറിയെങ്കിലും എൻറിക്വെയ്ക്കു ചെറിയൊരു പ്രതികാരമെങ്കിലും മനസ്സിൽ ബാക്കി കാണും. അതിന്നു കളത്തിലറിയാമെന്നു കരുതി ആരാധകരും കാത്തിരിക്കുന്നു...

English Summary: Luis Enrique vs Italy, 27 years of nose injury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com