ADVERTISEMENT

പാരിസ് ∙ ഒടുവിൽ ബെർണഡിറ്റ് ഭർത്താവിനെ മരണത്തിനു വിട്ടുനൽകി; 39 വർഷത്തിനു ശേഷം. ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവുമൂലം 39 വർഷം അബോധാവസ്ഥയിൽ കഴിഞ്ഞ മുൻ ഫ്രഞ്ച് ഫുട്ബോൾ താരം ജീൻ പിയർ ആഡംസ് (73) അന്തരിച്ചു. പിയറിന്റെ ക്ലബ്ബായ പിഎസ്ജിയും നിമ്മെയുമാണു മരണവാർത്ത സ്ഥിരീകരിച്ചത്. 34–ാം വയസ്സിൽ അബോധാവസ്ഥയിലായ പിയറിനെ 39 വർഷത്തോളം കരുതലോടെ ശുശ്രൂഷിച്ചതു ഭാര്യ ബെർണഡിറ്റാണ്.

ദയാവധം നടപ്പിലാക്കണമെന്ന ആവശ്യവുമായി സുഹൃത്തുക്കൾ ഉൾപ്പെടെ രംഗത്തെത്തിയപ്പോഴും ജീവിതത്തിന്റെ മൈതാനത്തുനിന്നു പ്രിയതമനെ മടക്കി അയയ്ക്കാൻ ബെർണഡിറ്റ് തയാറായിരുന്നില്ല.

എഴുപതുകളിൽ ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജിയുടെ ഉരുക്കുകോട്ടയായിരുന്നു ജീൻ പീയർ. 29–ാം വയസ്സിൽ പിഎസ്ജിയുമായി കരാറിലേർപ്പെട്ട പിയർ ക്ലബ്ബിന്റെ മുൻനിര താരങ്ങളിലൊരാളായി മാറി. 1972–76 കാലഘട്ടത്തിൽ സഹതാരം മരിയസ് ട്രസറിനൊപ്പം ഫ്രാൻസ് ടീമിന്റെ പ്രതിരോധവും കാത്തു. പ്രതിരോധനിരയിലെ മികവു മൂലം ആരാധകർ അദ്ദേഹത്തെ ‘ബ്ലാക്ക് റോക്ക്’ എന്നു വിളിച്ചു.

1948ൽ സെനഗലിലാണു ജനനം. അദ്ദേഹത്തിന്റെ 10–ാം വയസ്സിൽ കുടുംബം ഫ്രാൻസിലേക്കു കുടിയേറി. ദാരിദ്ര്യം മറികടക്കാൻ റബർ സംസ്കരണ കമ്പനിയിൽ വരെ ജോലി ചെയ്തെങ്കിലും എഴുപതുകളോടെ ക്ലബ് ഫുട്ബോളിൽ സജീവമായി മാറി. 22 തവണ ഫ്രഞ്ച് ദേശീയ ടീമിനായും കളത്തിലിറങ്ങി.

1982ൽ കാൽമുട്ടിനേറ്റ പരുക്കാണു പിയറിന്റെ ജീവിതത്തിനു നേരെ ചുവപ്പു കാർഡ് കാണിച്ചത്. ശസ്ത്രക്രിയയ്ക്കു വിധേയനായെങ്കിലും അനസ്തറ്റിസ്റ്റിന്റെ ശ്രദ്ധക്കുറവു മൂലം തലച്ചോറിലേക്കുള്ള ഓക്സിജൻ തടസ്സപ്പെട്ട് അബോധവസ്ഥയിലായി. അന്നു മുതൽ തീർത്തും കിടപ്പിലായ പിയറിനു വേണ്ടി ചിരിച്ചതും കരഞ്ഞതുമൊക്കെ ബെർണഡിറ്റാണ്. ചലനശേഷി നഷ്ടപ്പെട്ടുവെങ്കിലും പിയർ എല്ലാമറിയുന്നു എന്ന സന്തോഷമായിരുന്നു ബെർണഡിറ്റിന്റെ മനസ്സിൽ നിറയെ. ഒടുവിൽ ഇന്നലെ ബെർണഡിറ്റിന്റെ കരുതലിനും ഫൈനൽ വിസിൽ മുഴങ്ങി.

English Summary: Former French footballer Jean-Pierre Adams passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com