Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗ്ലാദേശിന്റേത് ചരിത്ര വിജയം: മൊർത്താസ

CRICKET-CHAMPIONSTROPHY-NZL-BGD/

കാർഡിഫ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ന്യൂസീലൻഡിനെതിരെ നേടിയത് ചരിത്ര വിജയമെന്ന് ബംഗ്ലാ ക്യാപ്റ്റൻ മഷ്റഫെ മൊർത്താസ.  ‘‘ലോകകപ്പ് വരാനിരിക്കെ ഇത്തരം മിന്നൽ പ്രകടനങ്ങൾ ഞങ്ങൾക്കു വൻ മുതൽക്കൂട്ടാകും’– ബംഗ്ലാ ക്യാപ്റ്റൻ മഷ്റഫെ മൊർത്താസ പറഞ്ഞു.

‘ഷക്കീബും മഹമ്മദുല്ലയും 100 കടന്നപ്പോൾ ഞാൻ സാധ്യതയേക്കുറിച്ചു സ്വപ്നം കണ്ടു. അവർ മുൻപും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പക്ഷേ, ഇതു ചരിത്രപരമായിരുന്നു.’ തുടക്കത്തിലെ വൻ തകർച്ചയിൽ നിന്നു കരകയറിയ ബംഗ്ലദേശ്  അഞ്ചു വിക്കറ്റിനാണു കിവീസിനെ പറത്തിവിട്ടത്. അതും 224 റൺസ് കണ്ടെത്തിയ ഒരു കൂട്ടുകെട്ടിന്റെ ബലത്തിൽ. ആ തോൽവിയേൽപിച്ച പ്രഹരത്തിന്റെ ശക്തിയിൽ ന്യൂസീലൻഡ്, ചാംപ്യൻഷിപ്പിൽ നിന്നു പുറത്താവുകയും ചെയ്തു. 

ജയം 266 റൺസ് അകലെ കണ്ടുകൊണ്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിനു സ്കോർ ബോർഡ് തുറക്കും മുൻപേ സ്റ്റാർ ബാറ്റ്സ്മാൻ തമിം ഇഖ്ബാലിനെ നഷ്ടപ്പെട്ടു. പിന്നെ മൂന്നു വിക്കറ്റിനു 12 എന്ന നിലയിലും നാലിനു 33 എന്ന നിലയിലും കിടന്നു പരുങ്ങി.

പതനം ആസന്നമാണെന്നു തോന്നിയിടത്തു നിന്നാണ് സെഞ്ചുറികളുമായി ഷക്കീബ് അൽ ഹസനും(114) മഹമദുല്ലയും (പുറത്താകാതെ 102) കാര്യങ്ങൾ തലകുത്തനെ മറിച്ചത്. ഇത്ര കടുത്ത സമ്മർദ്ദത്തിൽ അത്തരമൊരു പ്രകടനം അത്ഭുതകരമെന്നു ന്യൂസീലൻഡുകാർ പോലും സമ്മതിച്ചു.

ബംഗ്ലദേശ് ക്രിക്കറ്റിൽ പിറന്ന പുതിയ റെക്കോർഡുമായി അത്. 11 വർഷത്തിനിടെ ആദ്യമായി ചാംപ്യൻസ് ലീഗ് കളിക്കാനെത്തിയ ബംഗ്ലദേശിനെ സംബന്ധിച്ച് ഇതു ലോകക്രിക്കറ്റിൽ പുതിയ അംഗീകാരത്തിനുള്ള കരുത്തു നൽകും. അത്തരമൊരു സമ്മർദ്ദത്തിനിടെ 200 റൺസിനപ്പുറമുള്ളൊരു കൂട്ടുകെട്ട് അത്ഭുതകരമാണെന്നു ന്യൂസീലൻഡ് താരം വില്യംസൺ പറഞ്ഞു.

related stories