Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാംപ്യൻസ് ട്രോഫി: ഇംഗ്ലണ്ടിനു വിജയം; ഓസ്ട്രേലിയ പുറത്ത്; ബംഗ്ലദേശ് സെമിയിൽ

96201533 സെഞ്ചുറി നേടിയ ബെൻ സ്റ്റോക്സിന്റെ ആഹ്ലാദം.

ബർമിങാം  ∙ ചാംപ്യൻസ് ട്രോഫിയിലെ നിർണായക മൽസരത്തിൽ ഇംഗ്ലണ്ടിനോടു തോറ്റ് ഓസ്ട്രേലിയ പുറത്ത്. മഴ വീണ്ടും രസം കൊല്ലിയായ കളിയിൽ ഡക്ക്‌വർത്ത്–ലൂയിസ് നിയമപ്രകാരം 40 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. സ്കോർ: ഓസ്ട്രേലിയ–50 ഓവറിൽ ഒൻപതിന് 277.

ഇംഗ്ലണ്ട്–40.2 ഓവറിൽ നാലിന് 240. 201 റൺസായിരുന്നു കണക്കുകൂട്ടൽ പ്രകാരം ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം. ഇതോടെ ഗ്രൂപ്പ് എയിൽ നിന്ന് ബംഗ്ലദേശും സെമിയിലെത്തി. ഇംഗ്ലണ്ട് നേരത്തെ സെമിയിലെത്തിയിരുന്നു. സെഞ്ചുറി നേടിയ ബെൻ സ്റ്റോക്സും (102*) ക്യാപ്റ്റൻ ഒയിൻ മോർഗനും (87) ചേർന്ന കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്.

നാലാം വിക്കറ്റിൽ 159 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. മോർഗൻ പുറത്തായ ശേഷം ജോസ് ബട്‌ലറെ കൂട്ടു പിടിച്ച് സ്റ്റോക്സ് ഇന്നിങ്സ് മുന്നോട്ടു കൊണ്ടു പോയി. 40.2 ഓവറായപ്പോഴേക്കും വീണ്ടും മഴയെത്തുകയായിരുന്നു. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ട്രാവിസ് ഹെഡിന്റെ (71) അർധ സെഞ്ചുറിയാണ് തുണയായത്. എട്ടാം ഓവറിൽ ഓപ്പണർ ഡേവിഡ് വാർണറെ (21) നഷ്ടമായതിനു ശേഷം  ഒരുമിച്ച ആരോൺ ഫിഞ്ചും (68) ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും  (56) ഇന്നിങ്സ് താളത്തിലാക്കി.

അനായാസം സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തും ഇടയ്ക്കു ബൗണ്ടറികൾ നേടിയും ഇരുവരും 18 ഓവറിൽ ടീമിനെ നൂറു കടത്തി. 47 പന്തിൽ എട്ടു ഫോറടിച്ച ഫിഞ്ച് പുറത്തായ ശേഷം വന്ന മോയ്സസ് ഹെൻറിക്വെസ് (17) നന്നായി തുടങ്ങിയെങ്കിലും പെട്ടെന്നു മടങ്ങി. 

 31–ാം ഓവറിൽ പ്ലങ്കറ്റിനെ ബൗണ്ടറി കടത്തി സ്മിത്ത് അർധ സെഞ്ചുറിയിലെത്തി. അടുത്ത ഓവറിൽ വുഡിന്റെ പന്തിൽ പ്ലങ്കറ്റ് ഓസീസ് ക്യാപ്റ്റനെ മിഡോഫിൽ പിടികൂടി. ഗ്ലെൻ മാക്സ്‌വെൽ (20) ഹെഡിനു ചെറിയ പിന്തുണ നൽകിയെങ്കിലും വുഡിന്റെ പന്തിൽ ജേസൺ റോയ് പിടിച്ചു പുറത്തായി.

അതോടെ ഓസ്ട്രേലിയ തകർച്ച നേരിട്ടു. ഹെഡ് ഒരറ്റത്ത് ഉറച്ചു നിന്നെങ്കിലും മാത്യു വെയ്ഡ് (രണ്ട്), മിച്ചൽ സ്റ്റാർക്ക് (പൂജ്യം), പാറ്റ് കമ്മിൻസ് (നാല്), ആദം സാംപ (പൂജ്യം) എന്നിവരെല്ലാം വന്നപോലെ മടങ്ങി. 33 റൺസ് വഴങ്ങിയാണ് വുഡ് നാലു വിക്കറ്റ് വീഴ്ത്തിയത്. ആദിൽ റാഷിദ് 41 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.